കര്‍ഷകരുടെ പേരില്‍ അവരറിയാതെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തീക തിരിമറി ; ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി ; തീരുമാനം ചങ്ങനാശേരി ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്‍റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടേത്

ചങ്ങനാശേരി അതിരൂപത മുന്‍ കുട്ടനാട് വികസന സമിതി അധ്യക്ഷനായിരുന്ന ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി. അന്വേഷണ വിധേയമായാണ് ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ചങ്ങനാശേരി ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്‍റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.
പരസ്യ പൗരോഹിത്യ ശുശ്രൂഷകളിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ആറ് കേസാണ് ഫാ. പീലിയാനിക്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. വിശ്വാസ വഞ്ചനക്കും വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വായ്പ നല്‍കാന്‍ ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും ഗ്രൂപ്പില്‍പെട്ട കര്‍ഷകര്‍ അതിന്റെ പേരില്‍ കടക്കെണിയിലാവുകയും ചെയ്‌തെന്ന പരാതിയിലാണ് പീലിയാനിക്കല്‍ പ്രതിയായത്. ഈ സംഭവത്തില്‍ വിവിധ സ്‌റ്റേഷനിലായി 12 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കാവാലം സ്വദേശി കൊണ്ടകശ്ശേരി ഷാജി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടനാട് വികസന സമിതി അധ്യക്ഷനായിരുന്ന തോമസ് പീലിയാനിക്കല്‍, റോജോ ജോസഫ്, ത്യോസ്യാമ്മ എന്നിവര്‍ ചേര്‍ന്ന് കര്‍ഷകരുടെ പേരില്‍ അവരറിയാതെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തീക തിരിമറി നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2014ല്‍ എടത്വ കനറാ ബാങ്കില്‍നിന്ന് മേജോ വായ്പയെടുത്തെന്നും പലിശ സഹിതം 4.50 ലക്ഷം തിരിച്ചടക്കണമെന്നും കാട്ടി ജപ്തി നോട്ടീസ് വന്നതോടെയാണ് മേജോ തട്ടിപ്പ് വിവരം അറിയുന്നത്. തുടര്‍ന്നാണ് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha


























