സാക്ഷികളെ പ്രതിയാക്കുന്ന കേരള പൊലീസിന്റെ രീതി എക്സൈസും തുടങ്ങിയോ ; എക്സൈസ് വകുപ്പിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

സാക്ഷികളെ പ്രതിയാക്കുന്ന കേരള പൊലീസിന്റെ രീതി എക്സൈസും തുടങ്ങിയോ എന്ന വിമർശനവുമായി ഹൈക്കോടതി. എക്സൈസ് തോന്നുംപോലെ പ്രവര്‍ത്തിക്കരുതെന്നും നീതിയും നിയമവുമാണ് നടപ്പാക്കേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു. നിരപരാധിയായ കായംകുളം സ്വദേശി രാധാമണിയെ അബ്കാരി കേസിൽ പ്രതിയാക്കിയെന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി എക്സൈസിനെ രൂക്ഷഭാഷയിൽ വിമര്‍ശിച്ചത്.
അയൽവാസിയായ ഒന്നാം പ്രതി മനോജ് വ്യക്തി വൈരാഗ്യം തീർക്കാൻ കേസിൽ തന്നെ കുടുക്കിയെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. 2015 ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം. എക്സൈസ് നടത്തിയ പരിശോധനയിൽ രാധാമണിയുടെ വീട്ടുവളപ്പില്‍ നിന്ന് വ്യാജമദ്യം പിടികൂടിയിരുന്നു. എന്നാൽ ഒട്ടേറെ അബ്കാരി കേസുകളിൽ പ്രതിയായ മനോജ് തന്നെ കുടുക്കിയതെന്ന് രാധാമണി പറയുന്നു. വ്യാജമദ്യ കേസിൽ തന്നെയും രണ്ടു മക്കളെയും കുടുക്കുമെന്ന മനോജിന്റെ ഭീഷണിക്കെതിരെ രാധാമണി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് ഇയാൾ വ്യാജമദ്യം വീട്ടുപരിസരത്ത് ഒളിപ്പിച്ച് കേസില്‍ കുടുക്കിയതെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാധാമണി എക്സൈസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥർ ഇവരെ രണ്ടാം പ്രതിയാക്കിയാണ് അന്തിമ റിപ്പോർട്ട് നൽകിയത്. രേഖകൾ പരിശോധിച്ച ഹൈക്കോടതി അധികാര ദുർവിനിയോഗം നടന്നുവെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കണ്ടെത്തി. നിരപരാധിയായ സ്ത്രീക്കെതിരായ കുറ്റപത്രത്തിന് അനുമതി നൽകിയ ഉന്നത ഉദ്യോഗസ്ഥൻ ആരെന്നു വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് ഈമാസം ഇരുപതിന് വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha


























