ജയരാജനെ മന്ത്രിയാക്കുന്നത് മുന്നാക്കക്കാരെ തൃപ്തരാക്കാൻ; കടകംപള്ളിയുടെ വകുപ്പിലൊന്ന് പോകും

ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിച്ചത് കണ്ണൂർ ജില്ലയിലെ ജാതി-സമവായങ്ങൾ നിലനിർത്താൻ. എന്നാൽ അദ്ദേഹത്തിന് വ്യവസായ വകുപ്പ് നൽകാൻ സാധ്യത കുറവാണ്. മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സക്ക് പോകുന്നതിന് മുമ്പ് ജയരാജൻ സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുണ്ട്.
മുന്നാക്ക സമുദായംഗമായ ഇ.പി.ജയരാജനെ മന്ത്രിയാക്കാത്തതിൽ കണ്ണൂരിലെ മുന്നാക്ക വിഭാഗമായ നമ്പ്യാർമാർക്കിടയിൽ അമർഷമുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണൻ, പി കെ ശ്രീമതി തുടങ്ങിയ നേതാക്കളാണ് കണ്ണൂരിൽ നിന്നുള്ള മുന്നാക്കക്കാർ. കണ്ണൂരിൽ മുന്നാക്ക ജാതിക്കാരെ അവഗണിക്കുന്നു എന്ന തോന്നൽ സജീവമായിരുന്നു.
സി പി എം - സി പി ഐ നേതാക്കളുടെ ചർച്ച പൂർത്തിയാകാൻ മാത്രമാണ് ഉള്ളത്. സി പി ഐ എതിർപ്പ് പറയാനുള്ള യാതൊരു സാധ്യതയുമില്ല. നേരത്തെ എ.കെ.ശശീന്ദ്രന്റെ വിഷയത്തിലും സി പി ഐ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല.
മുഖ്യമന്ത്രി ചികിത്സക്ക് പോകുന്നതിന് മുമ്പ് തന്നെ ജയരാജന്റെ സത്യപ്രതിജ്ഞ വേണമെന്ന തീരുമാനം മുഖ്യമന്ത്രിയുടേത് തന്നെയാണ്. ജയരാജനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് ആഗ്രഹിച്ചതും പിണറായി വിജയൻ തന്നെയാണ്. കോടിയേരിക്ക് ഇക്കാര്യത്തിൽ അമിതമായ താത്പര്യം ഇല്ലെന്നതാണ് വാസ്തവം. കണ്ണൂർ രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ പി.ശശിയുടെ സ്വാധീനവും ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ട്.
കോടിയേരിയും ഇ പി.ജയരാജനും തമ്മിലുള്ള സൗഹൃദം പഴയ മട്ടിലല്ല ഉള്ളത്. തന്റെ മന്ത്രി സ്ഥാനം തെറിച്ചതോടെ അദ്ദേഹം കോടിയേരിയുമായി ഉടക്കി. കോടിയേരിയുടെ അറിവോടെയാണ് മന്ത്രി സ്ഥാനം ഇല്ലാതായതെന്ന് ഇ പി. വിശ്വസിക്കുന്നു. ബന്ധു നിയമനം നടന്നത് പാർട്ടിയുടെ അറിവോടെയാണെന്ന വാദമാണ് ജയരാജൻ ഉന്നയിച്ചത്.
യഥാർത്ഥത്തിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണ് അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചത്. മറ്റൊരു വലിയ അഴിമതിക്കേസിൽ ജയരാജൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും സർക്കാർ നടപടിയെടുക്കാതിരുന്നാൽ താൻ നടപടിയെടുക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞതോടെയാണ് ചിത്രം മാറിയത്. മുഖ്യമന്ത്രി ജയരാജനെതിരെ നടപടിയെടുക്കാൻ നിർബന്ധിതനാവുകയായിരുന്നു. അതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾക്കൊടുവിലാണ് ജേക്കബ് തോമസിന്റെ പദവി തെറിച്ചത്. ജേക്കബ് തോമസിന്റെ ധിക്കാരം പൊറുക്കാൽ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.
കടകംപള്ളിയുടെ കൈയിലുള്ള പ്രധാന വകുപ്പുകളിൽ ഒന്നായിരിക്കും ജയരാജന് നൽകുകയെന്ന് കേൾക്കുന്നു. അങ്ങനെയാണെങ്കിൽ ടൂറിസമോ സഹകരണമോ ജയരാജന് ലഭിക്കും.
https://www.facebook.com/Malayalivartha


























