ഇ.പി. ജയരാജന് വ്യവസായ വകുപ്പ് നൽകാൻ സാധ്യത , ഒപ്പം മുഖ്യമന്ത്രിയുടെ കൈയിലുള്ള ഒരു സുപ്രധാന വകുപ്പ് കൂടി ; ജയരാജന്റെ കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുമ്പോൾ പാർട്ടി സെക്രട്ടറി നോക്കുകുത്തി മാത്രം

ഇ.പി. ജയരാജന് വ്യവസായ വകുപ്പ് തന്നെ നൽകാൻ തീരുമാനിച്ചേക്കും. മുഖ്യമന്ത്രിയുടെ കൈയിലുള്ള ഒരു സുപ്രധാന വകുപ്പ് കൂടി ജയരാജന് നൽകാൻ പിണറായി വിജയൻ ആലോചിക്കുന്നുണ്ട്. ജയരാജന് വ്യവസായം നൽകാൻ പാർട്ടിക്ക് താത്പര്യമില്ല. എന്നാൽ തന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു പിഴവ് തിരുത്താൻ മുഖ്യമന്ത്രി തീരുമാനിച്ചതോടെയാണ് ജയരാജന് വ്യവസായം തന്നെ നൽകാൻ അദ്ദേഹം തീരുമാനിച്ചത്. പാർട്ടിയുടെ തീരുമാനത്തേക്കാൾ വലുത് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനമാണ്. തന്റെ കൈയിലുള്ള ഒരു വകുപ്പ് കൂടി നൽകാൻ പിണറായി തീരുമാനിച്ചത് ഒരു പ്രായശ്ചിത്തം എന്ന നിലയിലാണ്. തന്റെ കുഴപ്പം കൊണ്ടാണ് ജയരാജന് ഇത്രയധികം മനപ്രയാസം സംഭവിച്ചതെന്ന് മുഖ്യമന്ത്രി കരുതുന്നു.
തന്റെ സർക്കാരിനുണ്ടായ എല്ലാ വിപത്തുകൾക്കും ദുഷ്പേരുകൾക്കും കാരണം ജയരാജന്റെ മനോവിഷമമാണെന്ന് കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി വിശ്വസിക്കുന്നില്ല. എന്നാൽ എല്ലാത്തിനും മീതെ അദ്യശ്യ ശക്തികളുടെ കളിയാട്ടമുള്ള ഇന്നത്തെ ലോകത്ത് വിശ്വാസങ്ങളിലും കുറച്ചധികം സത്യങ്ങളുണ്ട്. അതാണ് മുഖ്യമന്ത്രിയെ നിരാശനാക്കുന്നത്. വിശ്വാസികളായ ചിലർ മുഖ്യമന്ത്രിയെ ജയരാജന്റെ കാര്യത്തിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വ്യവസായം നൽകിയാൽ ജയരാജൻ വീണ്ടും വിവാദമുണ്ടാക്കിയാൽ എന്തു ചെയ്യും എന്ന് മുഖ്യമന്ത്രിയോട് ചോദിച്ചവരുണ്ട്. എന്നാൽ ജയരാജൻ അങ്ങനെയുള്ള ഒരാളല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യഥാർത്ഥത്തിൽ ഒപ്പം നിന്നവരാണ് ജയരാജനെ മുഖ്യമന്ത്രിയിൽ നിന്നകറ്റിയത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉൾപ്പെടെയുള്ളവരാണ് ജയരാജനെതിരെ കരുക്കൾ നീക്കിയത്. ജയരാജൻ വലിയ അഴിമതിക്കാരനാണെന്ന് അതോടെ വിളിപ്പേര് വീണു. സത്യം അതല്ല. ജയരാജൻ കാരുണ്യവും സ്നേഹവുമുള്ള പൊതുപ്രവർത്തകനാണ്. അദ്ദേഹം ആയിരക്കണക്കിനാളുകളെ ഇരുചെവിയറിയാതെ സഹായിക്കാറുണ്ട്. എന്നാൽ ഒരാരോപണത്തിന്റെ പേരിൽ സകലതും നിഷ്പ്രഭമായി. കെ.എം.മാണിക്ക് സംഭവിച്ച കാര്യമാണ് ജയരാജനും വന്നു ചേർന്നത്.
പോലീസിന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് മടുത്തു. എങ്ങനെയെങ്കിലും ആദ്യന്തരം ഒഴിയണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ആഭ്യന്തരം കൈയിൽ നിന്നും പോയാൽ പകുതി വിഷമം തീർന്നു എന്നാണ് മുഖ്യമന്ത്രി കരുതുന്നത്. അതിന് പറ്റിയൊരാളെ മുഖ്യമന്ത്രി അന്വേഷിക്കുകയാണ്.
മുഖ്യമന്ത്രി അമേരിക്കയിൽ പോകുന്നതിന് മുമ്പ് ജയരാജൻ മന്ത്രിയായാൽ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ ചുമതല നൽകാൻ സാധ്യതയുണ്ട്. ജയരാജന്റെ കാര്യത്തിൽ മുഖ്യമന്ത്രിയാണ് തീരുമാനങ്ങളെടുക്കന്നത്. പാർട്ടി സെക്രട്ടറി ഇക്കാര്യത്തിൽ നോക്കുകുത്തി മാത്രമാണ്. കണ്ണൂരിലെ നേതാക്കളാരും ഇക്കാര്യത്തിൽ യാതൊരു ഇടപെടലും നടത്തുന്നില്ല. ആരും അഭിപ്രായവും പറയുന്നില്ല. അത്തരം അഭിപ്രായങ്ങളൊന്നും കേൾക്കാൻ മുഖ്യമന്ത്രി തയ്യാറുമല്ല.
https://www.facebook.com/Malayalivartha
























