വെനസ്വേലൻ എണ്ണയിലും,മണ്ണിലും കണ്ണുവെച്ച് ട്രംപ്..!കരീബിയനിൽ തമ്പടിച്ച് US യുദ്ധക്കപ്പലുകൾ 1മൂന്നാം ലോക മഹായുദ്ധം ? മഡുറോ രാജ്യം വിടണമെന്ന് ട്രംപ്

ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ് കരുത്തായ വെനസ്വേലയുടെ വിഭവങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്കൻ കരുനീക്കങ്ങൾ സജീവമാകുന്നു. വെനസ്വേലൻ എണ്ണക്കപ്പലുകൾക്ക് അമേരിക്കൻ ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ, തങ്ങളുടെ കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ നാവികസേനയോട് പ്രസിഡൻ്റ് നിക്കോളാസ് മഡുറോ ഉത്തരവിട്ടിരിക്കുകയാണ്. മയക്കുമരുന്ന് വേട്ട എന്ന പേരിൽ നടത്തുന്ന റെയ്ഡുകൾ യഥാർത്ഥത്തിൽ വെനസ്വേലൻ എണ്ണസമ്പത്ത് പിടിച്ചെടുക്കാനുള്ള അമേരിക്കൻ തന്ത്രമാണെന്ന സംശയം ഇതോടെ ശക്തമായി. ഇതിനിടയിലാണ് ട്രംപ് ഭരണകൂടം അമേരിക്കൻ എണ്ണക്കമ്പനികളെ വീണ്ടും വെനസ്വേലയിൽ എത്തിക്കാൻ രഹസ്യ ചർച്ചകൾ നടത്തുന്നു എന്ന വാർത്തകൾ പുറത്തുവരുന്നത്. വിദേശാധിപത്യത്തെ കെട്ടുകെട്ടിച്ച വെനസ്വേലൻ മണ്ണിലേക്ക് വീണ്ടും ചൂഷണത്തിൻ്റെ പഴയ കാലം തിരിച്ചുകൊണ്ടുവരാനാണോ അമേരിക്കയുടെ ശ്രമം?
വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് രാജ്യം വിട്ടുപോകാനുള്ള അന്ത്യ ശാസനാം നല്കിയിരിക്കയാണ് ഡൊണാൾഡ് ട്രംപ്. നിങ്ങളെയും ഏറ്റവും അടുപ്പമുള്ളവരേയും സംരക്ഷിക്കാൻ ആകെയുള്ള മാർഗം രാജ്യം വിടുകയാണെന്നാണ് ഡൊണാൾഡ് ട്രംപ് നിക്കോളാസ് മഡൂറോയോട് ഫോൺ കോളിൽ വിശദമാക്കിയതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മഡൂറോ രാജ്യം വിടാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ അമേരിക്ക മഡൂറോയ്ക്കും ഭാര്യയ്ക്കും മകനും വെനസ്വേല വിടാനുള്ള സുരക്ഷിത പാതയൊരുക്കുമെന്നുമാണ് അമേരിക്ക ഇതിനോടകം സ്ഥിരീകരിക്കുന്നത്. മഡൂറോയോട് ഏറ്റവും അടുപ്പമുള്ള ഉന്നത ഉദ്യോഗസ്ഥർക്കും രക്ഷാമാർഗം അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിക്കോളാസ് മഡുറോ ഭരണകൂടത്തെ അട്ടിമറിച്ചതിന് ശേഷമുള്ള വെനസ്വേലയിൽ അമേരിക്കൻ എണ്ണ ഭീമന്മാർക്ക് വലിയ പങ്കുണ്ടാകുമെന്ന് ട്രംപ് ഭരണകൂടം വിഭാവനം ചെയ്യുന്നതായി ‘പൊളിറ്റിക്കോ’ റിപ്പോർട്ട് ചെയ്യുന്നു. മഡുറോ അധികാരത്തിൽ നിന്ന് പുറത്തുപോയാൽ വെനസ്വേലയിലേക്ക് മടങ്ങാൻ താൽപ്പര്യമുണ്ടോ എന്ന് അമേരിക്കൻ എണ്ണക്കമ്പനികളോട് അമേരിക്ക സ്വകാര്യമായി ചോദിച്ചതായാണ് വിവരം. രാഷ്ട്രീയ അസ്ഥിരതയും, വെനസ്വേലൻ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ ദേശസാൽക്കരിക്കപ്പെട്ടതും ചൂണ്ടിക്കാട്ടി കമ്പനികൾ നിലവിൽ ഇതിനോട് വിമുഖത കാട്ടുന്നുണ്ട്. എങ്കിലും മഡുറോയെ വീഴ്ത്തി വിപണി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളിൽ നിന്ന് അമേരിക്ക പിന്നോട്ട് പോയിട്ടില്ല.
വെനസ്വേലയിലെ ജനകീയ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസി(സിഐഎ)യെ നിയോഗിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ സോഷ്യലിസ്റ്റ് പാർടി സർക്കാരിനെ അധികാരത്തിൽ നിന്നു പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വെനസ്വേലയിലെ തടവറകളിൽ നിന്നും കുറ്റവാളികളെ യുഎസിലേക്ക് തുറന്നുവിടുന്നു, ലഹരിമരുന്ന് കടത്തുന്നു എന്നീ ആരോപണങ്ങൾ പുകമറയാക്കിയാണ് അട്ടിമറി നീക്കം.
വൈനസ്വേലയെ അമേരിക്ക ആക്രമിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതിന് പിന്നാലെ പത്തിലേറെ യുദ്ധ കപ്പലുകളാണ് കരീബിയൻ തീരത്ത് അമേരിക്ക സജ്ജമാക്കി നിർത്തിയിരിക്കുന്നത്. ഇതിൽ അമേരിക്കയിലെ ഏറ്റവും വലിയ യുദ്ധ കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോഡും കരീബിയൻ തീരത്തുണ്ട്. കരയിൽ നിന്നും സമുദ്രത്തിൽ നിന്നും ഒരുപോലെ അധിനിവേശം സാധ്യമാക്കുന്ന മറൈൻ സേനയും തീരത്തുണ്ട്. അമേരിക്കയിലേക്ക് മയക്കുമരുന്ന് എത്തുന്നത് ഏത് രീതിയിലും പ്രതിരോധിക്കുകയാണ് കരീബിയൻ തീരത്തുള്ള സേനയുടെ ദൗത്യമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചന. തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുകയാണ് സേനയുടെ ദൗത്യമെന്നാണ് നാവിക സേനാ സെക്രട്ടറി ജോൺ ഫെലാൻ ഫോക്സ് ന്യൂസിനോട് ശനിയാഴ്ച പ്രതികരിച്ചത്. അത് തന്നെയാണ് തങ്ങൾ ചെയ്യുന്നതെന്നും ജോൺ ഫെലാൻ കൂട്ടിച്ചേർത്തു. യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കക്കാരേക്കാൾ കൂടുതൽ പൗരന്മാരാണ് മയക്കുമരുന്ന് ഉപയോഗം മൂലം കൊല്ലപ്പെടുന്നത്. അതിനാൽ തന്നെ ഇതിന് അവസാനം വരുത്തേണ്ട സമയമായെന്നും ജോൺ ഫെലാൻ വിശദമാക്കുന്നത്. ലഹരിമരുന്നുമായി വെനസ്വേലയുടെ തീരത്ത് നീന്ന് കപ്പലുകൾ പുറപ്പെടുന്നതിന് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ ഒത്താശ ചെയ്യുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. വിർജീനിയ ആസ്ഥാനമായുള്ള വ്യോമ താവളത്തിൽ നിന്നുള്ള 70ലേറെ യുദ്ധ വിമാനങ്ങളും കരീബിയൻ തീരത്തുണ്ട്.
ട്രംപിന്റെ നീക്കം യുദ്ധക്കൊതിയുളവാക്കുന്നതും അത്യന്തം അതിരുവിട്ടതുമാണെന്ന് വെനസ്വേല പ്രതികരിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും വളരെ ഗൗരവമായ ലംഘനമാണ്. ഇത്തരം നടപടികൾ വെനസ്വേലയുടെ പരമാധികാരത്തിന് ഭീഷണിയാകുക മാത്രമല്ല, ലാറ്റിനമേരിക്കയോട് ആകെയുള്ള അമേരിക്കയുടെ വിദേശനയത്തിലെ അപകടകരമായ മനോഭാവവുമാണ് തെളിയിക്കുന്നതെന്നും വെനസ്വേല ചൂണ്ടിക്കാട്ടി. അട്ടിമറികൊണ്ട് വെനസ്വേലയിൽ അധികാരം പിടിക്കാമെന്ന് ട്രംപ് സ്വപ്നം കാണേണ്ടെന്ന് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ പ്രതികരിച്ചു. രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കും. ഏത് ആക്രമണത്തെയും ചെറുക്കാൻ രാഷ്‌ട്രം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ കമ്പനികൾ വെനസ്വേലയിലേക്ക് പ്രവേശിക്കണമെന്ന് ട്രംപ് ആഗ്രഹിക്കുമ്പോൾ, ഒരു നൂറ്റാണ്ട് മുൻപ് അവിടെ നടന്നത് എന്താണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്ന ഒരു വസ്തുത ഉണ്ട്. 1914-ൽ എണ്ണ നിക്ഷേപം കണ്ടെത്തിയതുമുതൽ സ്റ്റാൻഡേർഡ് ഓയിൽ (ഇന്നത്തെ എക്സോൺ മൊബീൽ), ഗൾഫ് ഓയിൽ തുടങ്ങിയ അമേരിക്കൻ കമ്പനികൾ വെനസ്വേലയെ തങ്ങളുടെ ‘കറവപ്പശു’വാക്കി മാറ്റിയിരുന്നു.
1930-കളോടെ വെനിസ്വേലയിലെ എണ്ണ ഉൽപ്പാദനത്തിൻ്റെ 98 ശതമാനവും നിയന്ത്രിച്ചിരുന്നത് ഈ വിദേശ കമ്പനികളായിരുന്നു. വെനസ്വേലയിൽ നിന്ന് ഊറ്റിയെടുക്കുന്ന എണ്ണയുടെ ലാഭം മുഴുവൻ അമേരിക്കയിലേക്ക് പോയി. പ്രാദേശിക വികസനത്തിനോ ജനങ്ങളുടെ ക്ഷേമത്തിനോ വേണ്ടി ഒരു രൂപ പോലും പുനർനിക്ഷേപം നടത്താൻ ഈ കമ്പനികൾ തയ്യാറായില്ല.
എന്നാൽ അമേരിക്കൻ കമ്പനികളുടെ ലാഭക്കൊതി വെനസ്വേലൻ ജനതയ്ക്ക് സമ്മാനിച്ചത് ദുരിതങ്ങൾ മാത്രമായിരുന്നു. വ്യാപകമായ എണ്ണ ഖനനം മൂലം ജലസ്രോതസ്സുകൾ മലിനമായി. ഇത് അവിടുത്തെ പരമ്പരാഗത കാർഷിക-മത്സ്യബന്ധന സമൂഹങ്ങളെ തകർത്തു. 1920-കളിലും 30-കളിലും തദ്ദേശീയ ജനവിഭാഗങ്ങൾ ഇതിനെതിരെ ശക്തമായ പരാതികൾ ഉന്നയിച്ചിരുന്നു. തൊഴിലാളികൾക്ക് മാന്യമായ വേതനമോ തൊഴിൽ സുരക്ഷയോ നൽകാൻ കമ്പനികൾ കൂട്ടാക്കിയില്ല. സ്വേച്ഛാധിപതിയായ ജുവാൻ വിസെൻ്റെ ഗോമസിൻ്റെ സഹായത്തോടെ കുറഞ്ഞ നികുതിയിലും വൻ ഭൂമി ഇളവുകളിലും കമ്പനികൾ വെനിസ്വേലയെ കൊള്ളയടിച്ചു.
വിദേശ കമ്പനികളുടെ ഈ പകൽക്കൊള്ളയ്ക്ക് അന്ത്യം കുറിച്ചത് വെനസ്വേലയിലെ സോഷ്യലിസ്റ്റ് പോരാട്ടങ്ങളാണ്. 1976-ൽ എണ്ണ ദേശസാൽക്കരണത്തിന് തുടക്കമിട്ടെങ്കിലും, സോഷ്യലിസ്റ്റ് നേതാവ് ഹ്യൂഗോ ഷാവേസിൻ്റെ കാലത്താണ് അത് പൂർണ്ണതയിലെത്തിയത്. 2007-2010 കാലഘട്ടത്തിൽ ഷാവേസ് വിദേശ കമ്പനികളുമായുള്ള കരാറുകൾ റദ്ദാക്കി. വെനസ്വേലൻ വിഭവങ്ങൾ വെനസ്വേലക്കാർക്ക് തന്നെ അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എക്സോൺ മൊബീൽ, കൊണോകോഫിലിപ്സ് തുടങ്ങിയ ഭീമന്മാരെ രാജ്യം പുറത്താക്കി. നഷ്ടപരിഹാരത്തിൻ്റെ പേരിൽ കോടിക്കണക്കിന് ഡോളറിൻ്റെ കേസ് ഫയൽ ചെയ്തെങ്കിലും, തങ്ങളുടെ പരമാധികാര അവകാശത്തിൽ നിന്ന് പിന്മാറാൻ വെനിസ്വേല തയ്യാറായില്ല.
ചുരുക്കത്തിൽ ഷാവേസ് കൊളുത്തിയ വിപ്ലവത്തിൻ്റെ കനൽ നെഞ്ചിലേറ്റുന്ന മഡുറോ ഭരണകൂടം ഇന്നും അമേരിക്കൻ അധിനിവേശത്തിന് മുന്നിൽ മുട്ടുമടക്കിയിട്ടില്ല. അമേരിക്കൻ കമ്പനികൾക്ക് വെനസ്വേലയുടെ എണ്ണസമ്പത്ത് കൊള്ളയടിക്കാൻ അനുവദിച്ച പഴയ കാലം ഇനി തിരിച്ചുവരില്ലെന്ന ഉറച്ച നിലപാടിലാണ് അവർ. ഉപരോധങ്ങളിലൂടെ വെനിസ്വേലയെ ശ്വാസം മുട്ടിക്കാൻ നോക്കുന്ന അമേരിക്കൻ നീക്കങ്ങളെ, നാവികസേനയെ ഇറക്കി പ്രതിരോധിക്കുന്നതിലൂടെ തങ്ങളുടെ വിഭവങ്ങൾ സംരക്ഷിക്കാനുള്ള സോഷ്യലിസ്റ്റ് രാജ്യത്തിൻ്റെ നിശ്ചയദാർഢ്യമാണ് വെളിപ്പെടുന്നത്. അമേരിക്കയുടെ ലക്ഷ്യം വെറും എണ്ണയല്ല, മറിച്ച് ഒരു രാജ്യത്തിൻ്റെ പരമാധികാരത്തെ അടിച്ചമർത്തുക എന്നതാണെന്ന് ലോകം തിരിച്ചറിയുന്നുണ്ട് എന്നതാണ് മറച്ചുവെക്കാൻ കഴിയാത്ത മറ്റൊരു യാഥാർത്ഥ്യം
ഇടത് സർക്കാരിന്റെ മുഖ്യവിമർശകയും കടുത്ത അമേരിക്കൻ, ഇസ്രയേൽ പക്ഷപാതിയും തീവ്രവലതുപക്ഷ നേതാവുമായ മരിയ കൊറീന മച്ചാഡോയ്‌ക്കാണ് ഈ വർഷത്തെ സമാധാന നൊബേൽ നൽകിയത്. മഡുറോയെ അട്ടിമറിക്കാൻ സൈനിക ഇടപെടൽ വേണമെന്ന് അമേരിക്കയോടും ഇസ്രയേലിനോടും മച്ചാഡോ ആവശ്യപ്പെട്ടിരുന്നു. രണ്ടുവർഷം നീണ്ട ഇസ്രയേലിന്റെ ഗാസ വംശഹത്യയിൽ മൗനംപാലിച്ച നേതാവിന് സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചത് നൊബേൽ പുരസ്‌കാര സമിതിയുടെ ഉദ്ദേശശുദ്ധിയിൽ സംശയമുയർത്തിയിരുന്നു.
\
ഇടതുപക്ഷ ഭരണത്തെ അട്ടിമറിക്കാനുള്ള പാശ്ചാത്യതന്ത്രങ്ങൾക്ക് ഒപ്പം നിൽക്കുന്ന മരിയ കൊറീന മച്ചാഡോയെ "വെനസ്വേലയുടെ മാർഗരറ്റ് താച്ചർ' എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ വാഴ്‌ത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ തീവ്രവലതു സഖ്യങ്ങളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്.
2013ൽ വെൻറേ വെനസ്വേല എന്ന തീവ്രവലതുപക്ഷ പാർടി രൂപീകരിച്ചു. അതിന്റെ ദേശീയ കോ-ഓർഡിനേറ്ററായി. 2012ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സ്ഥാനാർഥിയാകാൻ മത്സരിച്ചെങ്കിലും തോറ്റു. ഭരണ അട്ടിമറി ലക്ഷ്യമിട്ട് 2014ൽ രാജ്യത്ത് അരങ്ങേറിയ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്‌തതിൽ മുഖ്യപങ്കുവഹിച്ചു. 2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായെങ്കിലും മത്സരിക്കുന്നതിൽനിന്ന് സുപ്രീംകോടതി അയോഗ്യയാക്കി. തെരഞ്ഞെടുപ്പിൽ വിജയിച്ച നിക്കോളാസ് മഡൂറോ ലക്ഷക്കണക്കിന് പ്രവർത്തകരുടെ വിജയറാലി അഭിസംബോധന ചെയ്യവെ, അമേരിക്കൻ മാധ്യമങ്ങൾ, മച്ചാഡോയുടെ പ്രസംഗമാണ് തത്സമയം സംപ്രേക്ഷണം ചെയ്തത്.
മച്ചാഡോയെ അമേരിക്ക സഖ്യകക്ഷിയായാണ് പരിഗണിക്കുന്നത്. അമേരിക്കൻ പ്രസിഡന്റായിരിക്കെ ജോർജ് ബുഷ് ആവരെ ഓവൽ ഓഫീസിലേക്ക് ക്ഷണിച്ച് ആദരിച്ചു. അമേരിക്കയും മറ്റ് പാശ്ചാത്യശക്തികളും വെനസ്വേലയ്ക്കുമേൽ അടിച്ചേൽപ്പിച്ച ഉപരോധങ്ങളെ പോലും മാച്ചോഡോ പിന്തുണയ്ക്കുന്നു. ഗാസ വംശഹത്യയെ അവർ പരസ്യമായി പിന്തുണച്ചതായി ലാറ്റിനമേരിക്കൻ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്രയേൽ വെനസ്വേലയിൽ സൈനിക ഇടപെടൽ നടത്തണമെന്ന് 2018ൽ അവർ ആവശ്യപ്പെട്ടു. അധികാരംപിടിക്കാനായാൽ ഇസ്രയേൽ വെനസ്വേല എംബസി തുറക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























