ഡാമിലെ ജലനിരപ്പ് ഉയരുന്നു: ഇടുക്കി ചെറുതോണി ഡാമില്‍ നിന്ന് ഒഴുക്കിക്കളയുന്ന ജലത്തിന്റെ അളവ് ഉയർത്തി ; കൂടുതല്‍ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ ചെറുതോണിയിലും പെരിയാറിന്റെ ഇരുകരകളില്‍ 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്കും അതീവജാഗ്രതാ നിര്‍ദേശം

ഇടുക്കി ചെറുതോണിയിൽ നാലാമത്തെ ഷട്ടറും തുറന്നു . ചെറുതോണി ഡാമില്‍ നിന്ന് ഒഴുക്കിക്കളയുന്ന ജലത്തിന്റെ അളവ് ഉയർത്തി. പുറംതള്ളുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചതോടെ ചെറുതോണി ടൗണില്‍ വെള്ളം കയറി. മൂന്ന് ഷട്ടറുകളും ഒരു സെന്റീമീറ്റര്‍ വീതം ഉയർത്തി. സെക്കന്റില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴിക്കിക്കളയുന്നത്. മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ഡാമിലെ ജലനിരപ്പില്‍ ഗണ്യമായ കുറവ് വരാത്തതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഒരു സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി കൂടുതല്‍ വെള്ളം പുറംതള്ളുന്നത്.
കൂടുതല്‍ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ ചെറുതോണിയിലും പെരിയാറിന്റെ ഇരുകരകളില്‍ 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്കും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പുഴയില്‍ ഇറങ്ങുന്നതിനും മീന്‍ പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2,401.46 അടിയാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 2,403 അടിയും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും നീരൊഴുക്ക് വര്‍ധിച്ചതും കാരണം ഡാമിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി കൂടുതല്‍ ജലം ഒഴുക്കിക്കളയുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. നാല് മണിക്കൂര്‍ ട്രയല്‍ റണ്‍ എന്ന നിലയിലായിരുന്നു ഷട്ടര്‍ ഉയര്‍ത്തിയത്. എന്നാല്‍ കനത്ത മഴതുടരുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെ ഡാമിലെ ജലനിരപ്പില്‍ ഗണ്യമായ കുറവ് ഉണ്ടായില്ല. ഇതോടെ ഷട്ടര്‍ അടയ്‌ക്കേണ്ടെന്ന് തീരുമാനിച്ചു. ഒപ്പം ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി തുറക്കാനും തീരുമാനിച്ചു. രാവിലെ ഏഴ് മണിക്കാണ് രണ്ട് ഷട്ടറുകള്‍ തുറന്നത്.
https://www.facebook.com/Malayalivartha
























