കട പൂട്ടി ഭക്ഷണം കഴിയ്ക്കാന്‍ പോയ സമയത്താണ് മോഷണം; ഗതികേടു കൊണ്ട് മോഷ്ടിച്ച ആ കള്ളന്റെ മാപ്പപേക്ഷയും കുറിപ്പും വൈറലാകുന്നു

ചേനപ്പാടിയിലാണ് സംഭവം നടക്കുന്നത്. ബുധനാഴ്ച ഉച്ച സമയത്താണ് സുലൈമാന്റെ കടയില്‍നിന്നും 20000 രൂപയോളം നഷ്ടപെട്ടത്. വീട് സമീപത്തായതിനാല്‍ കട പൂട്ടി ഭക്ഷണം കഴിയ്ക്കാന്‍ പോയ സമയത്താണ് മോഷണം. ഒരു കെട്ടിടത്തില്‍ തന്നെയാണ് പലചരക്ക് കടയും ചേര്‍ന്ന് കോഴിക്കടയും. കട പൂട്ടിയെങ്കിലും കോഴിക്കടയുടെ പിന്‍വശത്തെ ഗ്രില്‍ പൂട്ടിയിരുന്നില്ല. ഇത് തുറന്ന് കടയ്ക്കുള്ളില്‍ കയറിയാണ് മേശയ്ക്കുള്ളില്‍നിന്നും പണം കവര്‍ന്നത്. പണം നഷ്ടപെട്ടതിന്റെ മനോവിഷമവുമായാണ് ചേനപ്പാടി പുതുപ്പറമ്പില്‍ സുലൈമാന്‍ കഴിഞ്ഞദിവസം രാവിലെ കട തുറക്കാനെത്തിയത്. ഷട്ടര്‍ തുറക്കുന്നതിനിടെ പുറം ഭിത്തിയുടെ മറവില്‍ ഒരു പൊതി ശ്രദ്ധയില്‍പെട്ടു. ഒപ്പം ഒരു കുറിപ്പും. ആ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു'ഗതികേടുകൊണ്ട് എടുത്തതാണ്. പൊറുക്കണം...ബാക്കി തുക ഒരുമാസത്തിനുള്ളില്‍ തിരിച്ച് തരും'. പൊതിക്കുള്ളില്‍ 9600 രൂപയും ഉണ്ടായിരുന്നു.
സംഭവം പോലീസിലറിയിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് കഴിഞ്ഞദിവസം പകുതി പണവും ക്ഷമാപണ കുറിപ്പും മോഷ്ടാവ് രഹസ്യമായി തിരികെവെച്ചത്. ബാക്കി പണം കിട്ടുമെന്ന പ്രതീക്ഷയിലാണ് സുലൈമാന്‍.
https://www.facebook.com/Malayalivartha
























