ഇ.പി. ജയരാജന്റെ മന്ത്രിസഭ പുനഃപ്രവേശനത്തിനം; സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ്

ഇ.പി. ജയരാജന്റെ മന്ത്രിസഭ പുനഃപ്രവേശനത്തിനും പുനഃസംഘടനക്കും സി.പി.ഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കുന്നതിനും എല്‍.ഡി.എഫിന്റെ അംഗീകാരം. ഇ.പി. ജയരാജന്‍ വ്യവസായ മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും. തിങ്കളാഴ്ച ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാന സമിതിയോഗം സി.പി.എമ്മിന്റെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയതായി കണ്‍വീനര്‍ എ. വിജയരാഘവന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് സി.പി.ഐ മന്ത്രിസ്ഥാനം ചോദിച്ചിട്ടില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി. ചീഫ് വിപ്പ് സ്ഥാനവും സി.പി.ഐ ചോദിച്ച് വാങ്ങിയതല്ല.നേരത്തേ ചീഫ് വിപ്പ് സ്ഥാനം ഉണ്ടായിരുന്നു. സി.പി.എമ്മിന് മന്ത്രിസ്ഥാനം ലഭിക്കുന്നതിന് പകരമുള്ള ഒത്തുതീര്‍പ്പല്ല സി.പി.ഐക്കുള്ള ചീഫ് വിപ്പ് സ്ഥാനം. എല്ലാ കക്ഷികളും കൂടി സമവായത്തില്‍ തീരുമാനിച്ചതാണ്.
എല്‍.ഡി.എഫ് വിപുലീകരണത്തില്‍ അടുത്ത മുന്നണി യോഗത്തില്‍ സുപ്രധാന തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയദുരിതം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം നല്‍കണം. 1924നു ശേഷമുള്ള പ്രകൃതിദുരന്തമാണിത്. എല്ലാ ഡാമുകളും തുറന്നു. ദുരിതനിവാരണ പ്രവര്‍ത്തനത്തിന് സാധാരണയില്‍ കവിഞ്ഞുള്ള ധനസഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജയരാജനെ വീണ്ടും മന്ത്രിയാക്കിയത് അധാര്‍മികതയാണെന്നും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും യു.ഡി.എഫ്.വലിയ ആദര്‍ശം പറയുന്ന സി.പി.ഐ, ചീഫ് വിപ്പ് പദവി ഏറ്റെടുത്തതോടെ അവരുടെ യഥാര്‍ഥമുഖം പുറത്തായെന്നും യു.ഡി.എഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു
https://www.facebook.com/Malayalivartha
























