കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് നടന്നില്ല; ബിഷപ്പിനെ എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു; ബിഷപ്പിന്റെ അറസ്റ്റ് ചിത്രീകരിക്കാന്‍ വന്ന മാധ്യമ പ്രവര്‍ത്തകരെ ബിഷപ്പിന്റെ സ്വകാര്യ സെക്യൂരിറ്റിക്കാര്‍ തടഞ്ഞുവച്ച് ആക്രമിച്ചു; വന്‍ വാര്‍ത്തയാക്കി മാധ്യമങ്ങള്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തില്‍നിന്നുള്ള അന്വേഷണസംഘം ചോദ്യം ചെയ്യുന്നതിനിടെ നിര്‍ണായക സംഭവവികാസങ്ങള്‍. ബിഷപ്പിന്റെ അറസ്റ്റ് ചിത്രീകരിക്കാന്‍ വന്ന മാധ്യമ പ്രവര്‍ത്തകരെ ബിഷപ്പിന്റെ സ്വകാര്യ സെക്യൂരിറ്റിക്കാര്‍ തടഞ്ഞുവച്ച് ആക്രമിച്ചതോടെ വന്‍ വാര്‍ത്തയാക്കി മാധ്യമങ്ങള്‍ വിഷയം സജീവമാക്കി.
അതേസമയം ചോദ്യം ചെയ്യലിനോട് ഫ്രാങ്കോ പൂര്‍ണ്ണമായും സഹകരിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണ സംഘം ഇന്നോ നാളെയോ കേരളത്തിലേക്കു മടങ്ങും. ആവശ്യമെങ്കില്‍ വീണ്ടും ബിഷപ്പ് ഹൗസില്‍ എത്തുമെന്നു പോലീസ് വ്യക്തമാക്കി. വിവരങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ മാത്രമേ അറസ്റ്റ് ഉണ്ടാകൂ.
രാത്രി എട്ടു മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ എട്ടര മണിക്കൂറോളം തുടര്‍ന്നു. പീഡനം നടന്നുവെന്ന് പറയുന്ന തീയതികളില്‍ വൈരുദ്ധ്യം ഉണ്ടെന്നു അന്വേഷണ സംഘം പറഞ്ഞു. പീഡനം നടന്ന ദിവസം മഠത്തില്‍ എത്തിയിട്ടില്ലെന്നാണ് മൊഴി. കുറവിലങ്ങാട് മഠത്തില്‍ താമസിച്ച തീയതികളില്‍ വൈരുധ്യമുണ്ട്. ഏത് ശാസ്ത്രീയ പരിശോധനക്കും തയ്യാറെന്ന് ഫ്രാങ്കോ പറഞ്ഞു. ബിഷപ്പിന്റെ മൊബൈല്‍ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ജലന്ധറില്‍ നിന്നുള്ള ബാക്കി തെളിവ് ശേഖരിച്ച ഉടനെ അന്വേഷണ സംഘം മടങ്ങാനാണ് സാധ്യത.
ബിഷപ്പിനെ വൈദ്യ പരിശോധനക്കു വിധേയനാക്കും. നിലവില്‍ ശേഖരിച്ചതിന് പുറമേ കൂടുതല്‍ ശാസ്ത്രിയ പരിശോധനകളും ശാസ്ത്രിയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്യും. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്‌തേക്കും. കേസുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനകള്‍ കേരളത്തില്‍ എത്തിയ ശേഷം നടത്തും. മൊഴി പരിശോധിക്കുകയാണ്. ബിഷപ് ഫ്രാങ്കോ ജലന്ധറിലെ ബിഷപ്‌സ് ഹൗസിലേക്ക് എത്തുന്നതു ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകരെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചു.
പഞ്ചാബ് പോലീസ് രാത്രിയോടെ ബാരിക്കേഡ് തീര്‍ത്ത് സുരക്ഷ ശക്തമാക്കി. വൈകുന്നേരം ബിഷപ് ഫ്രാങ്കോ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ ബിഷപ്‌സ് ഹൗസിലെ സ്വകാര്യ സുരക്ഷാ വിഭാഗം തടഞ്ഞു. അവിടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം മര്‍ദനമേറ്റു. ക്യാമറകള്‍ തകര്‍ത്തു. ഗേറ്റ് പൂട്ടിയതോടെ ക്യാമറാമാന്‍മാര്‍ അകത്തായി. ക്യാമറാമാന്‍മാരെ അകത്തും റിപ്പോര്‍ട്ടര്‍മാരെ പുറത്തുമാക്കി ബിഷപ്‌സ് ഹൗസിന്റെ കവാടം പൂട്ടി.
സുരക്ഷയൊരുക്കിയ പഞ്ചാബ് പോലീസ് കാഴ്ചക്കാരായി. ഇടപെടാതെ മടിച്ചുനിന്നു. ഇന്നലെ ഉച്ചയ്ക്കു മൂന്നരയോടെ അന്വേഷണസംഘം ബിഷപ്‌സ് ഹൗസിലെത്തുമ്പോള്‍ ബിഷപ് ഫ്രാങ്കോ അവിടെ ഉണ്ടായിരുന്നില്ല. ചണ്ഡിഗഡില്‍ ബിഷപ് ഇഗ്‌നേഷ്യസ് മസ്‌കിനാസിന്റെ ക്ഷണമനുസരിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന അദ്ദേഹം വൈകുന്നേരം ഏഴരയ്ക്കാണു മടങ്ങിയെത്തിയത്്. തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍.
ഇതിനിടെ ബിഷപ്പിന്റെ പ്രൈവറ്റ് സെക്രട്ടറി ഫാ. പീറ്റര്‍ കാവുംപുറം, ഫാ. ആന്റണി മാടശേരി എന്നിവരെ ചോദ്യംചെയ്തു. രാവിലെ പതിനൊന്നരയോടെ പഞ്ചാബ് പോലീസ് ബിഷപ്‌സ് ഹൗസ് പരിസരത്തെത്തി സുരക്ഷ ഒരുക്കിയിരുന്നു. ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നു കേരള സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്ന സാഹചര്യത്തില്‍, അന്വേഷണസംഘം ബിഷപ്് ഹൗസിലെത്തിയത് അറസ്റ്റിനായാണെന്ന് അഭ്യൂഹമുണ്ടായി. വിശ്വാസികള്‍ അവിടെ തടിച്ചുകൂടുകയും ചെയ്തു. ബിഷപ് ഫ്രാങ്കോ അവിടെ ഇല്ലാതിരുന്നപ്പോഴും അദ്ദേഹത്തെ ചോദ്യംചെയ്യുകയാണെന്നു ചില ടിവി ചാനലുകളില്‍ വാര്‍ത്ത വന്നത് വിശ്വാസികള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിച്ചു. തെറ്റായ വിവരം നല്‍കിയത് പോലീസ് ഉദ്യോഗസ്ഥരായിരുന്നുവെന്ന് വിശദീകരിച്ചിട്ടും അവര്‍ ചെവിക്കൊണ്ടില്ല.
കന്യാസ്ത്രീ പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും ബിഷപ്പിന്റെ മൊഴിയെടുക്കാന്‍ പോലും അന്വേഷണ സംഘം തയാറാകാതിരുന്നത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ചോദ്യം ചെയ്യലിനു വിധേയനാകാനും അന്വേഷണവുമായി സഹകരിക്കാനും തയ്യാറാണെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചതോടെയാണ് ഇന്നലെ മൊഴിയെടുക്കലിനു കളമൊരുങ്ങിയത്. രാത്രിയിലും വിശ്വാസികള്‍ ബിഷപ്് ഹൗസ് പരിസരത്തേക്ക് കൂട്ടമായി എത്തുന്നുണ്ടായിരുന്നു. ഫാ. പോള്‍ കിഴക്കനേടത്ത്, ഫാ. ലോറന്‍സ് ചിറ്റൂപറമ്പില്‍, ഫാ. ആന്റണി വേഴപ്പള്ളില്‍ എന്നിവര്‍ക്കൊപ്പമാണ് ബിഷപ് ഫ്രാങ്കോ ഇന്നലെ ചണ്ഡീഗഡിലേക്കു പോയത്. ഇവരെയും ചോദ്യംചെയ്യും.
https://www.facebook.com/Malayalivartha
























