വീണ്ടും മന്ത്രിയായി ജയരാജനെത്തുമ്പോള്‍ അറിയണം ഈ ഉജ്ജ്വല നേതാവിനെ

പിണറായി വിജയന്‍ സര്‍ക്കാരില്‍ രണ്ടാം ഊഴത്തിനായി ഇ.പി. ജയരാജനെത്തുമ്പോള്‍ ആ കരുത്തനായ നേതാവിനെ മനസിലാക്കേണ്ടതുണ്ട്. പാര്‍ട്ടിയ്ക്കായി നീണ്ട ത്യാഗം ചെയ്ത ജയരാജന് അര്‍ഹിക്കുന്ന അംഗീകാരമാണ് ഈ മന്ത്രി പദവി.
അന്നും ഇന്നും എന്നും പിണറായി വിജയന്റെ കറകളഞ്ഞ വിശ്വസ്തനാണ് ഇ.പി. ജയരാജന്‍. ആ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ തൊട്ടടുത്ത കസേരയില്‍ ജയരാജനുണ്ടാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചതില്‍ അത്ഭുതമേതുമില്ല. പക്ഷേ, ബന്ധുനിയമന വിവാദം ഉയര്‍ന്ന് മന്ത്രിസഭയുടെ പ്രതിച്ഛായയെ ഉലയ്ക്കുമെന്നായപ്പോള്‍ പിണറായി വിജയന്‍ തന്നെ പറഞ്ഞ് ജയരാജന്‍ പുറത്ത് പോയപ്പോള്‍ കണ്ണൂര്‍ സി.പി.എമ്മിനെ അടുത്തറിയാവുന്ന ചിലരെങ്കിലും അദ്ഭുതപ്പെട്ടിട്ടുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന് മങ്ങലേല്പിക്കുന്ന വിവാദമെന്ന് പാര്‍ട്ടി വിലയിരുത്തിയപ്പോള്‍ ജയരാജനെ തല്‍ക്കാലത്തേക്കെങ്കിലും മാറ്റിനിറുത്താന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായെന്ന് വിശ്വസിക്കാനാകും ഇ.പി. ജയരാജനും ഇഷ്ടം. രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായതിലും, പിന്നീട് കുറ്റവിമുക്തനായി തിരിച്ചെത്തിയിട്ടും മന്ത്രിസ്ഥാനം അകന്നുനിന്നതില്‍ നീരസം ഉള്ളിലുണ്ടായപ്പോഴും മുഖ്യമന്ത്രിയെ ഒരിക്കല്‍പോലും ഇ.പി. ജയരാജന്‍ സംശയിച്ചിട്ടില്ല, മറ്റ് പലര്‍ക്കുമെതിരെ ഒളിയമ്പുകളെയ്തപ്പോഴും.
വിജിലന്‍സ് കേസില്‍ കുറ്റവിമുക്തനായി ആറ് മാസത്തിലേറെ പിന്നിടുമ്പോള്‍ ഇ.പി. ജയരാജന്റെ മന്ത്രിസഭയിലേക്കുള്ള കടന്നുവരവിന് കളമൊരുക്കിയതും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. പാര്‍ട്ടികമ്മിറ്റികളില്‍ ജയരാജന്റെ പുന:പ്രവേശനം ചര്‍ച്ചയാക്കാന്‍ മുന്‍കൈയെടുത്തത് പിണറായി ആയതുകൊണ്ടുതന്നെയാകും ചര്‍ച്ച ചെയ്യുന്നത് വരെയും സെക്രട്ടേറിയറ്റംഗങ്ങളില്‍ ഭൂരിഭാഗം പേരും ഇതേക്കുറിച്ച് അജ്ഞരായിരുന്നതെന്ന് കരുതണം.
മന്ത്രിസഭ അധികാരമേറ്റ് 142ാം ദിവസം രാജിവച്ച് ഇറങ്ങിപ്പോകേണ്ടി വന്നത് ഉറ്റ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചുവെന്ന പഴി കേട്ടുകൊണ്ടാണ്. സി.പി.എമ്മിനകത്തും പുറത്തും ഇത് വിവാദം കെട്ടഴിച്ചുവിട്ടപ്പോള്‍ അപമാനിതനായി ഇറങ്ങിപ്പോകേണ്ടി വന്ന ജയരാജന്‍ പക്ഷേ, ഒരു വര്‍ഷവും പത്ത് മാസവും പിന്നിട്ട ശേഷം വര്‍ദ്ധിതവീര്യത്തോടെയാണ് പഴയ പരിവേഷവുമായി തിരിച്ചെത്തുന്നത്.
ഈ മാസം 19ന് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുമ്പോള്‍ സംസ്ഥാന ഭരണനേതൃത്വത്തിന്റെ താല്‍ക്കാലിക ചുമതല ഏല്പിക്കാന്‍ മുഖ്യമന്ത്രിക്ക് തന്റെ ഈ വിശ്വസ്തനെ തിരിച്ചെത്തിക്കേണ്ടി വന്നുവെന്ന് സി.പി.എം കേന്ദ്രങ്ങളില്‍ പലരും വിശ്വസിക്കുന്നുണ്ട്.
വിവാദമുണ്ടായതിനെ തുടര്‍ന്ന് 2016 ഒക്ടോബര്‍ 14നായിരുന്നു ഇ.പി. ജയരാജന്റെ മന്ത്രിസഭയില്‍ നിന്നുള്ള രാജി. പിന്നീട് 19 അംഗ മന്ത്രിസഭയിലേക്ക് എം.എം. മണിയെ സി.പി.എം നേതൃയോഗം നിര്‍ദ്ദേശിച്ചപ്പോള്‍, അത് എന്നെന്നേക്കും തന്റെ വഴിയടയ്ക്കാനാണെന്ന് തിരിച്ചറിഞ്ഞ് അസ്വസ്ഥതയോടെ ജയരാജന്‍ ആ യോഗം തീരും മുമ്പ് മടങ്ങിയതും കേരളം കണ്ടു. ആരോപണ വിവാദങ്ങളുടെ പേരില്‍ സി.പി.എം കേന്ദ്രകമ്മിറ്റി, ജയരാജനെയും ഭാര്യാ സഹോദരി കൂടിയായ പി.കെ. ശ്രീമതി എം.പിയെയും താക്കീത് ചെയ്തു. അതിലും കടുത്ത നടപടി വന്നിരുന്നെങ്കില്‍ ജയരാജന്‍ ഒരിക്കല്‍കൂടി സജീവരാഷ്ട്രീയത്തില്‍ നിന്ന് അവധിയെടുത്തേനെയെന്ന് അദ്ദേഹത്തോടടുപ്പമുള്ളവര്‍ വിശ്വസിക്കുന്നു. മുഖ്യമന്ത്രിയോടുള്ള വിശ്വാസം പക്ഷേ ജയരാജനെ ക്ഷമാപൂര്‍വ്വം കാത്തിരിക്കാന്‍ പ്രേരിപ്പിച്ചു. അതിന്റെ ഫലമിപ്പോഴുണ്ടായി. 1995ല്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ, ആന്ധ്രയിലെ ചിരാലില്‍ വച്ച് രാഷ്ട്രീയ വൈരികളുടെ വെടിയേറ്റതിന്റെ വേദനയുമായി ഇന്നും ജീവിക്കുന്ന ജയരാജന് രക്തസാക്ഷി പരിവേഷമാണ്.
90കളുടെ ആദ്യപകുതിയില്‍ സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഇ.പി. ജയരാജന്‍, പാര്‍ട്ടി അണികളില്‍ ആവേശവും ആത്മവിശ്വാസവും കെടാതെ കാത്ത സെക്രട്ടറിയായി. സംഘര്‍ഷങ്ങള്‍ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകി ആദ്യമോടിയെത്തുന്ന നേതാവായിരുന്നു ജയരാജന്‍. പാര്‍ട്ടിക്കുള്ളില്‍ ഒരുകാലത്ത് വി.എസ്. അച്യുതാനന്ദന്റെ ഉറ്റ അനുയായി നിന്ന ജയരാജന് ആ വിശ്വാസം കൊണ്ടാകണം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വി.എസ് നല്‍കിയത്. അത് ഭംഗിയായി നിറവേറ്റിയ ജയരാജന്‍ തൃശൂരില്‍ പാര്‍ട്ടിസംഘടനയെ ഉണര്‍ത്തി.
ഏത് കാര്യത്തിലും വരുംവരായ്കകള്‍ നോക്കാതെ പ്രതികരിക്കുന്ന ശീലം ഇ.പി. ജയരാജന്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാനിടയാക്കിയിട്ടുണ്ട്. വിവാദങ്ങളും ആക്ഷേപങ്ങളുമെപ്പോഴും അതുകൊണ്ട് കൂടപ്പിറപ്പായി. മന്ത്രിയായപ്പോഴും അതിന് മുമ്പും പലകുറി കേരളം അത് കണ്ടു. പക്ഷേ, അണികളെ ദീര്‍ഘകാലം നയിച്ച ഈനേതാവിന്റെ കലര്‍പ്പില്ലാത്ത സ്‌നേഹം അടുത്തറിഞ്ഞവര്‍ക്ക് ഇ.പി. ജയരാജനെന്ന പച്ചമനുഷ്യനെ ബോധിക്കാന്‍ ഇതൊന്നും തടസ്സമേ ആയിട്ടില്ല. ആ കരുത്താണ് ഈ കേന്ദ്രകമ്മിറ്റി അംഗത്തിന്റെ മുതല്‍ക്കൂട്ടും. കണ്ണൂര്‍ സി.പി.എമ്മിലെ സമവാക്യങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചതാണ് ജയരാജന്റെ സ്ഥാനചലനം. എന്ത് വില കൊടുത്തും തിരിച്ചുവരവ് അതിനാലും മുഖ്യമന്ത്രിക്ക് അനിവാര്യമായിരുന്നു.
https://www.facebook.com/Malayalivartha
























