മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക ആക്രമണം, വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ കല്ലേറിനുള്ളിലും ജീവന്‍ പണയം വച്ച് നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതില്‍ വ്യാപക പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടി മൃഗീയ സന്തോഷം ആസ്വദിക്കുക. ഇത് ക്രൂരമാണ്. ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അയ്യപ്പഭക്തരുടെ ആചാരങ്ങള്‍ക്കു വേണ്ടിയുള്ള നിലവിളികളായിരുന്നു. സഹനപാതയിലൂടെ അവര്‍ ഉയര്‍ത്തിയ ശരണ മന്ത്രങ്ങളായിരുന്നു.
അവയ്ക്കപ്പുറം കലാപത്തിന്റെ യുദ്ധ ഭൂമിയിലെന്നവണ്ണം റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളുമെടുക്കാന്‍ വിധിക്കപ്പെട്ടവരാകുന്നു മാധ്യമപ്രവര്‍ത്തകര്‍. നിങ്ങള്‍ ആക്രോശത്തോടെ കൈ ചൂണ്ടി പാഞ്ഞു വരുന്നത് എന്ത് നീതി നിഷേധത്തിന്റെ പേരിലാണ്. അരുതെന്നു പറയാനും നിയന്ത്രിക്കാനും നേതൃത്വമില്ലാത്ത പോരാളികള്‍ മാത്രമാണോ ഇത്തരം പ്രതിഷേധങ്ങള്‍ കത്തിക്കുന്നത്.
നിങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ എന്തു കൊണ്ടസ്വസ്ഥമാകുന്നു. ആചാര സംരക്ഷണത്തിനാണ് ജനസമൂഹവും മാധ്യമങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ടാവുക. അവയ്ക്കപ്പുറം മാധ്യമ പ്രവര്‍ത്തകരെ വിരട്ടിയോടിച്ച് മര്‍ദ്ദിച്ചവശരാക്കി എന്തു സമരമാണ് നിങ്ങള്‍ നടത്തുന്നത്. ഇക്കഴിഞ്ഞ ദിവസം കൈരളി ടിവി ക്യാമറവുമണായ ഷാജിലയ്ക്കു നേര്‍ക്കുണ്ടായ കാടത്തം കേരളത്തിനു പൊറുക്കാനാകില്ല. ഒരു സ്ത്രീയെന്ന പരിഗണന പോലുമില്ലാതെ ക്രൂരമായി ഒരു സ്ത്രീയെ നിരത്തില്‍ വേട്ടായടുക. അവരുടെ തൊഴിലിടത്തില്‍ കര്‍മ്മനിരതയായിരിക്കുമ്പോള്‍ ഇത്തരം ഭീകരത അനുവദിക്കുകയെന്നത് ഏറെ വേദനാജനകമാണ്. ഒട്ടേറെ ആദരം നേടിയ പുരസ്‌കാരങ്ങള്‍ക്കര്‍ഹയായ ചുരുക്കം ചില ക്യാമറാ വനിതകളില്‍ ഒരാള്‍. നിഷ്ഠൂരം തന്നെയാണ് ഇത്തരം ചെയ്തികള്‍. ഇതില്‍ ഞങ്ങള്‍ക്കുള്ള അമര്‍ഷവും വേദനയും ഈ സമൂഹത്തോട് പങ്കു വയ്ക്കുന്നു.
അതേസമയം ഹര്‍ത്താല്‍ ദിനത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ശക്തമായ ആക്രമണമാണ് ഉണ്ടായത്. ബുധനാഴ്ചയും പ്രകടനങ്ങള്‍ നടന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. അത് ഇന്നലെയും തുടര്‍ന്നു.
തിരുവനന്തപുരത്ത് ബിജെപി- യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ മനോരമ ന്യൂസ് ക്യാമറാമാന്‍ ജയന്‍ കല്ലുമല, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജു പി.മാത്യു എന്നിവരെ വളഞ്ഞിട്ടു മര്‍ദിച്ചു. ബുധനാഴ്ച ബിജെപി പ്രകടനത്തിനിടെ 2 വനിതകള്‍ ഉള്‍പ്പെടെ 5 മാധ്യമപ്രവര്‍ത്തകരെയാണ് ആക്രമിച്ചത്.
കൊല്ലം ചിന്നക്കടയില്‍ ബിജെപി - ആര്‍എസ്എസ് പ്രകടനത്തിനിടെ കല്ലേറില്‍ തലയ്ക്കു പരുക്കേറ്റ മംഗളം ഫൊട്ടോഗ്രഫര്‍ ജയമോഹന്‍ തമ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനയുഗം ഫൊട്ടോഗ്രഫര്‍ സുരേഷ് ചൈത്രത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. മറ്റു മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു വിലക്കി.
ബുധനാഴ്ച രാമന്‍കുളങ്ങരയില്‍ 'മനോരമ' ഫൊട്ടോഗ്രഫര്‍ വിഷ്ണു വി. സനലിനെ കയ്യേറ്റം ചെയ്തിരുന്നു. ക്യാമറ പിടിച്ചുവലിച്ച് ലെന്‍സ് വലിച്ചെറിഞ്ഞു. ബുധനാഴ്ച ബിഷപ് ജെറോം നഗറില്‍ 'മീഡിയ വണ്‍' ക്യാമറാമാന്‍ ബിജുഖാനെയും ചിന്നക്കടയില്‍ കേരള കൗമുദി ഫൊട്ടോഗ്രഫര്‍ എം. എസ്. ശ്രീധര്‍ലാലിനെയും കയ്യേറ്റം ചെയ്തു.
തൃശൂര്‍ പുതുക്കാട് മനോരമ വാര്‍ത്താ പ്രതിനിധി എ.ജെ. ജാക്‌സന്റെ ക്യാമറ തല്ലിത്തകര്‍ത്തു. ചാനല്‍ ക്യാമറാമാന്‍മാര്‍ക്കെതിരെ കയ്യേറ്റം നടന്നു. തൃശൂര്‍ ടൗണില്‍ മാധ്യമം ഫൊട്ടോഗ്രാഫര്‍ ജോണ്‍സണ്‍ വി.ചിറയത്തിനു നേരെ കയ്യേറ്റമുണ്ടായി.
പാലക്കാട് ന്യൂസ് 18 റിപ്പോര്‍ട്ടര്‍ പ്രസാദ് ഉടുമ്പിശ്ശേരിക്കും ദേശാഭിമാനി ഫൊട്ടോഗ്രഫര്‍ വി.പി. സുജിത്തിനും കല്ലേറിനിടെ പരുക്കേറ്റു.
ഡല്‍ഹി കേരള ഹൗസിനു സമീപം സംഘര്‍ഷത്തിനിടെ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി. മുകേഷ്, ന്യൂസ് 18 ക്യാമറാമാന്‍മാരായ അരുണ്‍, കെ.പി. ധനേഷ്, രാമരാജന്‍, ന്യൂസ് 24 ക്യാമറാമാന്‍ പി.എസ്. അരുണ്‍ എന്നിവര്‍ക്കു മര്‍ദനം.
കേരള ഹൗസിനു നേരെ കല്ലെറിഞ്ഞെന്ന സംശയിക്കുന്നയാളെ പൊലീസ് പിടികൂടിയെങ്കിലും സമരക്കാര്‍ ബലംപ്രയോഗിച്ചു മോചിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണു മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റത്.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ അതിരു വിട്ടതോടെയാണ് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ശക്തമായ നിലപാട് എടുത്തത്. ബിജെപി നേതാക്കളെ ബഹിഷ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത തീരുമാനം അവര്‍ എടുത്തു. ഇന്നലെ ശ്രീധരന്‍ പിള്ളയുടെയും കെ സുരേന്ദ്രന്റെയും ശശികല ടീച്ചറിന്റേയും വാര്‍ത്താ സമ്മേളനം അവര്‍ ബഹിഷ്‌ക്കരിച്ചു. പത്രക്കാരെ പിണക്കിയതിന്റെ യഥാര്‍ത്ഥ ഫലം അങ്ങനെ ബിജെപി അനുഭവിക്കുകയാണ്. ഇനിയും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അക്രമം തുടര്‍ന്നാല്‍ എല്ലാം എതിരായി മാറും. അത് ബിജെപി ഹിന്ദു ഐക്യവേദി നേതാക്കള്‍ ശ്രദ്ധിച്ചാല്‍ നന്ന്.
"
https://www.facebook.com/Malayalivartha























