ചൂര്‍ണിക്കര വ്യാജരേഖ കേസ്; ഇടനിലക്കാരന്‍ അബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും

ആലുവ ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ ഇടനിലക്കാരന്‍ അബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാജരേഖയുണ്ടാക്കുന്നതിന് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന് അബു പൊലീസിന് മൊഴി നല്‍കി. അബുവിനെ വിജിലന്‍സും ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റും ഉടനുണ്ടായേക്കും.
ചൂര്‍ണിക്കരയില്‍ വ്യാജരേഖയുണ്ടാക്കി ഭൂമി തരം മാറ്റിയത് ഇടനിലക്കാരന്‍ അബുവാണെന്ന് ഭൂവുടമ ഹംസ നേരത്തേ തന്നെ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന് തൊട്ടുപിറകെയാണ് കാലടി ശ്രീഭൂതപുരം സ്വദേശി അബു ഒളിവില്‍ പോയത്. ആലുവ റൂറല്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്ന് രാവിലെയാണ് അബു പൊലീസ് പിടിയിലായത്.
വ്യാജരേഖ ഉണ്ടാക്കാന്‍ തിരുവനന്തപുരത്തെ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടെന്ന് അബു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ പേരും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. നിലവില്‍ സര്‍വ്വീസിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കവും പൊലീസ് തുടങ്ങിക്കഴിഞ്ഞു. ചൂര്‍ണിക്കര വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരേയും പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരുടെ കൂടി സാന്നിദ്ധ്യത്തിലാണ് അബുവിനെ ചോദ്യം ചെയ്യുന്നത്.
ഭൂമി തരം മാറ്റുന്നതിന് വേണ്ടി വ്യാജരേഖയുണ്ടാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് 7 ലക്ഷം രൂപ അബു നല്‍കിയെന്ന് ഭൂവുടമ ഹംസ പൊലീസിന് നേരത്തേ മൊഴി നല്‍കിയിരുന്നു. വ്യാജരേഖയുണ്ടാക്കാന്‍ അബുവില്‍ നിന്ന് ഏതൊക്കെ ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റി, ഉദ്യോഗസ്ഥര്‍ എന്തൊക്കെ സഹായം അബുവിന് ചെയ്തുകൊടുത്തു തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് വിശദമായി ചോദിച്ചറിയുകയാണ്.
വില്ലേജ് ഓഫീസ് മുതല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസ് വരെയുള്ള തലങ്ങളില്‍ വ്യാജരേഖയുണ്ടാക്കിയെന്ന് ഫോര്‍ട്ട്കൊച്ചി സബ് കളക്ടറും കണ്ടെത്തിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് അബുവിനെ വിശദമായി ചോദ്യം ചെയ്യുന്നത്. ഇതോടൊപ്പം ചൂര്‍ണിക്കരയിലെ ഭൂമി അല്ലാതെ മറ്റ് ഏതൊക്കെ ഭൂമിയിടപാടുകള്‍ അബു നടത്തി എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ വിജിലന്‍സിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha



























