ഭാവിയുടെ പ്രതീക്ഷകളായ ബാല്യങ്ങളെ തല്ലിക്കൊഴിക്കുന്നത് ക്രൂരത: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ഭാവിയുടെ പ്രതീക്ഷകളായ ബാല്യങ്ങളെ തല്ലിക്കൊഴിക്കുന്നത് അത്യന്തം ക്രൂരതയാണെന്ന് ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു മന്ത്രി. മാതാപിതാക്കളുടെ വഴക്കില്‍ മക്കള്‍ ബലിയാടാകുന്നു. പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടാത്തതിന് മലപ്പുറത്ത് മകനെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് നമ്മള്‍ കേട്ടത്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. കുട്ടികള്‍ കളിച്ച് വളരട്ടെ. അതിന് ആവശ്യമായ വിഷയം ശിശുക്ഷേമസമിതി ചലച്ചിത്രമേളയിലൂടെ കണ്ടെത്തി എന്നത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ഷൈല ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി ദീപക് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എം.മുകേഷ് എം.എല്‍.എ ആമുഖപ്രഭാഷണം നടത്തി. മേയര്‍ വി.കെ പ്രശാന്ത്, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ഫിലിം പ്രോഗ്രാമര്‍ മോണിക്കവാഹി, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ പ്രശാന്ത് പത്രേബ്, സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍, നടന്‍ സുധീര്‍ കരമന, നടി ഐശ്വര്യാ ലക്ഷ്മി, നടന്‍ നീരജ് മാധവ്, മികച്ച ബാലനടിക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയ അഭിനി ആദി, കുട്ടികളുടെ പ്രധാനമന്ത്രി ദേവകി ഡി.എസ്, ശിശുക്ഷേമസമിതി ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, വൈസ്പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി പി.എസ് ഭാരതി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.കെ പശുപതി, ഒ.എം ബാലകൃഷ്ണന്‍, ആര്‍ രാജു എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി, ചലച്ചിത്ര അക്കാദമി, കെ.എഫ്.ഡി.സി എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha



























