എന്തു പറ്റിയതാടാ എന്ന് അമ്മ ചോദിച്ചപ്പോള്‍ ഉറങ്ങിപ്പോയതാണെന്ന് അർജ്ജുൻ പറഞ്ഞിരുന്നു; ബാലഭാസ്‌കറിന് അപകടമുണ്ടായപ്പോള്‍ ഒരു സഹോദരനെപ്പോലെ ഞാന്‍ കൂടെ നിന്നു. അതാണോ ഞാന്‍ ചെയ്ത തെറ്റ്? വിവാദങ്ങളോട് പ്രതികരിച്ച് ബാലുവിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും, സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്നയാളുമായ പ്രകാശന്‍ തമ്പി

വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയാണെന്നും ഇക്കാര്യത്തില്‍ തനിക്ക് ദുരൂഹത തോന്നിയിട്ടില്ലെന്നും സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്നയാളും ബാലുവിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ പ്രകാശന്‍ തമ്ബിയുടെ പ്രതികരണം. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ല. ഇപ്പോള്‍ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമാണ്. ബാലഭാസ്‌കറിന് അപകടമുണ്ടായപ്പോള്‍ ഒരു സഹോദരനെപ്പോലെ ഞാന്‍ കൂടെ നിന്നു. അതാണോ ഞാന്‍ ചെയ്ത തെറ്റെന്നും പ്രകാശന്‍ തമ്ബി ചോദിച്ചു. അപകടമുണ്ടാകുമ്ബോള്‍ വാഹനം ഓടിച്ചിരുന്നത് തൃശൂര്‍ സ്വദേശിയായ അര്‍ജുന്‍ തന്നെയാണെന്നും പ്രകാശന്‍ തമ്ബി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. തനിക്ക് സ്വര്‍ണക്കടത്തുമായി യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്നും തമ്ബി കൂട്ടിച്ചേര്‍ത്തു.
ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടപ്പോള്‍ താനാണ് വാഹനമോടിച്ചതെന്ന് നിരവധി തവണ അര്‍ജുന്‍ പറഞ്ഞതായി കാക്കനാട് ജില്ലാ ജയിലില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ നേരത്തെ തന്നെ പ്രകാശന്‍ തമ്ബി വെളിപ്പെടുത്തിയിരുന്നു.ആശുപത്രിയില്‍ കഴിയുമ്ബോള്‍, അപകടത്തിന്റെ കാരണക്കാരനെന്ന് പറഞ്ഞ് അര്‍ജുന്‍ വിലപിച്ചിരുന്നു. എന്തു പറ്റിയതാടാ എന്ന് അര്‍ജുന്റെ അമ്മ ചോദിച്ചപ്പോള്‍ ഉറങ്ങിപ്പോയതാണെന്ന് പറഞ്ഞു. ആ സമയം ആശുപത്രിയിലുണ്ടായിരുന്ന ഡോ. ലതയും ഇക്കാര്യം കേട്ടിട്ടുണ്ട്. ഡിസ്ചാര്‍ജ് ചെയ്യുന്നതിന് തലേ ദിവസമാണ് പൊലീസുകാരോട് മൊഴി മാറ്റിപ്പറഞ്ഞത്. ഇതെന്തിനെന്ന് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല. കഴിഞ്ഞ മൂന്നു മാസമായി അര്‍ജുനുമായി ഒരു ബന്ധവുമില്ലെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ബാലഭാസ്‌കറിന് അപകടമുണ്ടാകുമ്ബോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. എന്നാല്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് കണ്ടെത്തിയ രക്തത്തുള്ളികളുടെയും മുടിയിഴകളുടെയും സ്റ്റിയറിംഗ് വീലിലെ വിരലയാളങ്ങളുടെയും ഫലം കൂടി പുറത്ത് വന്നിട്ട് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍. അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തിനില്‍ക്കെ കേസിന്റെ ഫോറന്‍സിക് പരിശോധനാഫലം ഉടന്‍ ലഭ്യമാക്കണമെന്ന ക്രൈംബ്രാഞ്ച് അഭ്യര്‍ത്ഥന മാനിച്ച് രണ്ടാഴ്ചയ്ക്കകം പരിശോധനാ ഫലം നല്‍കാനുളള നടപടികള്‍ ഫോറന്‍സിക് ലാബിലും ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha