റോഡില്‍ തെറിച്ചു വീണ് അദ്ഭുതകരമായി ജീവിതത്തിലേക്ക് പിച്ച വച്ചു കയറിയ അമ്മു ദേശീയമാധ്യമങ്ങളിലും താരം!

ജീപ്പ് യാത്രയ്ക്കിടെ റോഡില്‍ തെറിച്ചു വീണ് അദ്ഭുതകരമായി ജീവിതത്തിലേക്ക് പിച്ച വച്ചു കയറിയ ഒരു വയസുകാരി അമ്മുവിന്റെ കഥ ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ നല്‍കി.
ഒരു വയസുകാരി അമ്മുവിന്റെ ആരോഗ്യത്തിനായി ബന്ധുക്കളോടൊപ്പം നാട്ടുകാരും പ്രാര്‍ഥനയിലാണ്. അപകടത്തിന്റെ വക്കില്‍ നിന്നു രക്ഷിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലും വനപാലകര്‍ക്ക് ഇനിയും നടന്ന സംഭവത്തിന്റെ ഓര്‍മ്മകള്‍ അകന്നിട്ടില്ല. കൃത്യസമയത്തെ ഇടപെടലിലൂടെ കുട്ടിക്ക് തുണയായ പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കുട്ടിയുടെ വിവരങ്ങള്‍ തിരക്കിക്കൊണ്ടേയിരിക്കുകയാണ്.
വീഴ്ചയില്‍ തലയിലും മുഖത്തും പരിക്കേറ്റ അമ്മുവിന് ഞായറാഴ്ച രാത്രി തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയെങ്കിലും ആന്തരിക മുറിവുകള്‍ വല്ലതുണ്ടോ എന്നറിയുവാന്‍ വിദഗ്ദ പരിശോധനയ്ക്ക് ഹാജരാക്കി. അടിമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ തന്നെ നടത്തിയ പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തിയത് മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നാട്ടുകാര്‍ക്കും ആശ്വാസമായി. അടിമാലി ആശുപത്രിയിലെ പരിശോധനകള്‍ക്ക് കുട്ടിയുടെ പിതാവ് സതീഷ് മൂന്നാറിലെത്തിയിരുന്നു.
മൂന്നാര്‍ പോലീസ് സ്റ്റേഷനിലെത്തിയ പിതാവിനോട് കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞു. രാവിലെ മുതല്‍ യാത്രയും ക്ഷേത്രദര്‍ശനത്തിലുമായതിനാല്‍ ക്ഷീണമുണ്ടായിരുന്നുവെന്നും അതുകൊണ്ടു മടക്കയാത്രയില്‍ എല്ലാവരും തന്നെ ഉറക്കത്തിലുമായിരുന്നുവെന്ന് സതീഷ് പോലീസിനോട് പറഞ്ഞു.
ഇതു കൂടാതെ അസുഖത്തിന് മരുന്നു കഴിക്കുന്നതിനാല്‍ തനിക്ക് അതിന്റെ കൂടി ക്ഷീണമുണ്ടായിരുന്നുവെന്നും പറഞ്ഞു. ജീപ്പ് നിറയെ ആള്‍ക്കാരുണ്ടായിരുന്നു. ഇടയ്ക്ക് എവിടെയും ജിപ്പ് നിര്‍ത്താതിരുന്നതും കുട്ടി വണ്ടിയില്‍ നിന്നും വീണ കാര്യം അറിയാതിരിക്കാന്‍ ഇടയാക്കി.
ഇതിനിടെ തങ്ങള്‍ മനഃപൂര്‍വം കുട്ടിയെ ഉപേക്ഷിക്കുവാനുള്ള നീക്കം നടത്തുകയായിരുന്നുവെന്ന് ചിലര്‍ കുറ്റപ്പെടുത്തിയത് മനോവിഷമം ഉണ്ടാക്കുന്നുവെന്നും ഇയാള്‍ പറഞ്ഞു.
പഴനി ക്ഷേത്രത്തില്‍ വച്ച് കുട്ടിയുടെ തല മൊട്ടയടിച്ചിരുന്നു. എല്ലാവരും പ്രാര്‍ത്ഥനകളും നേര്‍ച്ചകളും കഴിച്ചാണ് മടങ്ങിയതെന്നും കുഞ്ഞിനെ തിരികെ ലഭിക്കുന്നതില്‍ പങ്കുകാരായ എല്ലാവരോടും നന്ദിയുണ്ടെന്നും അതിന് ദൈവം തുണയായിരുന്നെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ തേടി നിരവധി ഫോണ്‍കോളുകളാണെത്തുന്നത്. എല്ലാവര്‍ക്കും അറിയേണ്ടത് ഒരു കാര്യം മാത്രം. അമ്മു എങ്ങനെയിരിക്കുന്നു എന്നായിരുന്നു.
കമ്പിളികണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ എന്നിവരും ബന്ധുക്കളും രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി പത്തോടെയാണ് കുട്ടി ജീപ്പില്‍നിന്നു തെറിച്ചു റോഡില്‍ വീണത്. രാജമല അഞ്ചാംമൈലിലെ വളവു തിരിയുന്നതിനിടെ ജീപ്പിന്റെ പിന്‍ഭാഗത്ത് ഏറ്റവും പുറകിലായിരുന്ന അമ്മയുടെ കൈയില്‍നിന്നു കുട്ടി തെറിച്ചുവീഴുകയായിരുന്നു. അമ്മയടക്കമുള്ളവര്‍ നല്ല ഉറക്കത്തിലായിരുന്നു.
കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടുപോകുകയും ചെയ്തു. താഴെ വീണ കുട്ടി ടാര്‍ റോഡിലൂടെ ഇരുട്ടത്തു മുട്ടില്‍ നീന്തി നടന്നു. രാജമല ചെക്ക് പോസ്റ്റില്‍ ഈ സമയത്തു രാത്രി ഡ്യൂട്ടിയിലായിരുന്ന വനപാലകര്‍ സിസിടിവി ദൃശ്യത്തില്‍ റോഡിലൂടെ എന്തോ ഇഴഞ്ഞു നടക്കുന്നതായി കണ്ടതാണ് കുട്ടിയുടെ രക്ഷപ്പെടലിന് ഇടയാക്കിയത്. ജീപ്പില്‍നിന്നു വീണത് കുട്ടിയാണെന്നു മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ റോഡിലേക്ക് ഓടിയെത്തി കുട്ടിയെ രക്ഷിച്ചു.
വീഴ്ചയില്‍ തലയ്ക്കു പരിക്കേറ്റ കുട്ടിക്കു വനംവകുപ്പ് ഓഫീസിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി. വനപാലകര്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയെ വിവരമറിയിച്ചു. വാര്‍ഡന്റെ നിര്‍ദേശപ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു മൂന്നാര്‍ പോലീസിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരമറിയിച്ചു.
ഇതിനിടെ, രാത്രി 12.30-ഓടെ വീട്ടിലെത്തിയ മാതാപിതാക്കള്‍ വാഹനത്തില്‍ നിന്നിറങ്ങുമ്പോഴായിരുന്നു കുട്ടിയില്ലെന്ന് അറിയുന്നത്. ജീപ്പിലും പരിസരത്തും തെരച്ചില്‍ നടത്തുന്നതിനിടെ ഒരു പോലീസ് പട്രോളിംഗ് വാഹനം അവര്‍ക്കരികിലെത്തി വിവരം തിരക്കി. അപ്പോഴേയ്ക്കും രാജമലയില്‍ വാഹനത്തില്‍ നിന്നു വീണുകിട്ടിയ കുഞ്ഞിനെ രക്ഷപ്പെടുത്തിയതായി എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും സന്ദേശം എത്തിച്ചിരുന്നു.
കുഞ്ഞിന്റെ മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. വെള്ളത്തൂവല്‍ സ്റ്റേഷനില്‍നിന്നു മൂന്നാറിലെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ ലഭിച്ച വിവരമറിയുന്നത്.
മൂന്നാര്‍ ആശുപത്രിയില്‍ കുഞ്ഞ് സുരക്ഷിതയാണെന്ന വിവരം ധരിപ്പിച്ചശേഷം മാതാപിതാക്കളോടു സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. മൂന്നാറില്‍ നിന്നും 32 കിലോമീറ്റര്‍ അകലെയുള്ള കമ്പിളികണ്ടത്തുനിന്നു യാത്ര പുറപ്പെട്ടു പുലര്‍ച്ചെ മൂന്നോടെ മൂന്നാറിലെത്തിയ മാതാപിതാക്കള്‍ ആനന്ദക്കണ്ണീരോടെ കുട്ടിയെ ഏറ്റുവാങ്ങി.
https://www.facebook.com/Malayalivartha