പിണറായി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ കശാപ്പ് ചെയ്യുന്നു: രമേശ് ചെന്നിത്തല
ഇടതു സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ കശാപ്പു ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇടതുസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹഭരണത്തിനെ കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. കുത്തഴിഞ്ഞ ഭരണത്തിലൂടെ വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം താളം തെറ്റി. സര്‍ക്കാരിന്റേയും മാനേജ്മെന്റിന്റേയും തെറ്റായ നയങ്ങളും ധൂര്‍ത്തും കെടുകാര്യസ്ഥതയും കാരണം വാട്ടര്‍ അതോറിറ്റിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്.
യു.ഡി.എഫ് സര്‍ക്കാര്‍ അരുവിക്കരയില്‍ തുടങ്ങിയ കുപ്പിവെള്ള നിര്‍മ്മാണയൂണിറ്റ് സ്വകാര്യ ലോബിക്ക് തീറെഴുതുന്ന നടപടികളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.ഐ.ഐ.ഡി.സി പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഈ പ്ലാന്റിന്റെ നടത്തിപ്പവകവാശം കൈമാറുന്നത്. കുപ്പിവെള്ള പദ്ധതി ശരിയായ രീതിയില്‍ പ്രാബല്യത്തില്‍ വന്നിരുന്നെങ്കില്‍ വാട്ടര്‍ അതോറിറ്റി ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നോണ്‍ പ്ലാന്റ് വെട്ടിക്കുറച്ച് വാട്ടര്‍ അതോറിറ്റിയെ സാമ്പത്തിക ഞെരുക്കത്തിലാക്കി ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആനുകൂല്യങ്ങള്‍ തടഞ്ഞ് വയ്ക്കുന്നതും സ്ഥാനക്കയറ്റം, ജോലി സംരക്ഷണം എന്നിവ നിഷേധിക്കുകയും ചെയ്യുന്ന മാനേജ്മെന്റിന്റേയും സര്‍ക്കാരിന്റേയും നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
https://www.facebook.com/Malayalivartha