വിനോദയാത്രക്കിടെ പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥി സുഖംപ്രാപിക്കുന്നു

വിനോദയാത്രക്കിടെ പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥി സുഖംപ്രാപിക്കുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് പാമ്പുകടിയേറ്റ പന്ത്രണ്ടുകാരനെ രക്ഷിക്കാനായത്. സ്‌കൂളില്‍ നിന്നു വനത്തില്‍ പഠനയാത്രയ്ക്ക് പോകവെയാണ് പാമ്പുകടിയേറ്റത്. നെടുമണ്‍കാവിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് ഇക്കഴിഞ്ഞ 16ന് തെന്മല വനത്തില്‍ വച്ച് പാമ്പുകടിച്ചത്. ഒപ്പമുണ്ടായിരുന്ന അധ്യാപകര്‍ ഉടന്‍ പാലരുവിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നു പുനലൂര്‍ താലൂക്ക് ആശുപത്രിയിലും എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഐസിയുവില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു.
അതേസമയം വയനാട്ടില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ വ്യാപകപ്രതിഷേധം ഉയരുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ അധ്യാപകര്‍ക്കും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും ഗുരുതര വീഴ്ച പറ്റിയെന്ന് ബാലക്ഷേമ സമിതി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഡിഎംഒയോടും ഡെപ്യൂട്ടി ഡയറക്ടറോടും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ കര്‍ശന നടപടി് ശുപാര്‍ശ ചെയ്യുമെന്നും ബാലക്ഷേമ സമിതി ചെയര്‍മാന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha