ഇതും കാണണമല്ലോ... ഉള്ളിവില 200 രൂപയും കടന്ന് മുന്നോട്ട് എത്തിയതോടെ വമ്പന്‍ ഓഫറുമായി കമ്പനികളും; ബിസിനസ് കൂട്ടാനായി ഉള്ളി സൗജന്യമായി പ്രഖ്യാപിക്കുന്നു; സ്വര്‍ണത്തേക്കാള്‍ കിട്ടാക്കനിയായി ഉള്ളി മാറിയതോടെ അടുക്കളയില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഉള്ളി അപ്രത്യക്ഷമാകുന്നു

ഉള്ളിയെ ഇത്രത്തോളം സ്‌നേഹിച്ച ഭാരതീയര്‍ക്ക് ഇരുട്ടടി നല്‍കി ഉള്ളിവില കുതിയ്ക്കുകയാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഉള്ളിയുടെ വില 200 രൂപയിലെത്തിയിരിക്കുകയാണ്. ഒരു കിലോയ്ക്ക് 140 തൊട്ട് 200 രൂപ വരെയാണ് ഈടാക്കുന്നത്. വരും ദിവസങ്ങളിലും ഉള്ളിയുടെ വില വര്‍ധിക്കുമെന്നാണ് നഗരത്തിലെ വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ മതിയായ ഗുണനിലവാരമുള്ള ഉള്ളിയല്ല നഗരത്തിലെത്തിക്കുന്നതെന്നും ആരോപണമുണ്ട്. ഒരുമാസം മുമ്ബുവരെ ഒരുദിവസം 1.39 ലക്ഷം ടണ്‍ ഉള്ളിയാണ് നഗരത്തിലെത്തിയിരുന്നത്. നിലവില്‍ 36,000 ടണ്‍ ഉള്ളിമാത്രമാണ് നഗരത്തിലെ വില്‍പ്പനകേന്ദ്രങ്ങളിലെത്തുന്നത്.
കാലവര്‍ഷക്കെടുതിയില്‍ കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും ഉള്ളിക്കൃഷിയുടെ 70 ശതമാനവും നശിച്ചു. ഈജിപ്തില്‍നിന്നും തുര്‍ക്കിയില്‍ നിന്നുമുള്ള ഇറക്കുമതിയിലാണ് നഗരത്തിലെ കച്ചവടക്കാരുടെ പ്രതീക്ഷ. ഡിസംബര്‍ 15 ഓടെ ഇവിടെനിന്നുള്ള ഉള്ളി നഗരത്തിലെത്തുമെന്നാണ് സൂചന. ബെംഗളൂരുവിലെ മൊത്തക്കച്ചവടക്കാരാണ് അയല്‍ ജില്ലകളിലേക്കും ഉള്ളി വിതരണം ചെയ്യുന്നത്.
ഉള്ളിയുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെ നഗരത്തിലെ ഉള്ളി ഗോഡൗണുകളിലും കടകളിലും അഴിമതി വിരുദ്ധ ബ്യൂറോയുടെ പരിശോധന. വ്യാപകമായി ഉള്ളി പൂഴ്ത്തിവെക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് യശ്വന്തപുരിലെ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റിയുടെ ഗോഡൗണിലും വിവിധ പ്രദേശങ്ങളിലെ ചെറുകിട വില്‍പ്പനകേന്ദ്രങ്ങളിലും പരിശോധന നടത്തിയത്. എസ്.പി.യും രണ്ട് ഡിവൈ.എസ്.പി. മാരും ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ഉള്ളി പൂഴ്ത്തിവെക്കുന്നതായുള്ള സൂചനകള്‍ ലഭിച്ചില്ലെന്ന് എസ്.പി. ത്യാഗരാജന്‍ പറഞ്ഞു. എന്നാല്‍ പൂഴ്ത്തിവെപ്പ് ശ്രദ്ധയില്‍ പ്പെട്ടാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ഹോട്ടലില്‍ ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തത് ചോദ്യം ചെയ്ത ഉപഭോക്താക്കളെ ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. ബെലഗാവി നഗരത്തിലെ നെഹ്‌റുനഗറിലെ ഹോട്ടലിലാണ് സംഭവം.
ബിരിയാണിക്കൊപ്പം ഉള്ളി ആവശ്യപ്പെട്ടവരോട് വിലകൂടിയതിനുശേഷം ഉള്ളി വിതരണം ചെയ്യാറില്ലെന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ രോഷം പൂണ്ട യുവാക്കള്‍ ജീവനക്കാരെ അസഭ്യം പറഞ്ഞു. തുടര്‍ന്നാണ് രണ്ടുപേര്‍ക്കും മര്‍ദനമേറ്റത്. സംഭവത്തെത്തുടര്‍ന്ന് ശ്രീകാന്ത് ഹഡിമാനി, അങ്കുഷ് ചലഗേരി എന്നിവര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഹോട്ടല്‍ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.
അങ്ങനെ ഉള്ളിവില മാറി മറിയുമ്പോള്‍ കച്ചവടക്കാര്‍ ബിസിനസ് തന്ത്രങ്ങളും മാറ്റുകയാണ്. രാജ്യത്ത് ഉള്ളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍, തമിഴ്‌നാട്ടിലെ ഒരു മൊബൈല്‍ ഉടമ തന്റെ സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കാന്‍ വ്യത്യസ്ത ഓഫറുമായി രംഗത്തെത്തി. പട്ടുകോട്ടയിലെ തലയാരി സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന എസ്ടിആര്‍ മൊബൈല്‍സ് അതിന്റെ പ്രവേശന കവാടത്തില്‍ ഒരു പോസ്റ്റര്‍ പതിച്ചിട്ടുണ്ട്, കടയില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോഗ്രാം ഉള്ളി പൂര്‍ണമായും സൗജന്യമായി നല്‍കും. ഇതാണ് ഇവരുടെ ഓഫര്‍. 8 വര്‍ഷം പഴക്കമുള്ള കടയില്‍ പ്രതിദിനം 2 മൊബൈല്‍ ഫോണുകള്‍ വില്‍ക്കാറുണ്ടായിരുന്നുവെങ്കിലും 'വ്യത്യസ്തമായ' ഓഫര്‍ അവതരിപ്പിച്ചതോടെ ഒരു ദിവസം 8 മൊബൈല്‍ ഫോണുകള്‍ വരെ വിറ്റുപോകുന്നുണ്ടെന്ന് ഷോപ്പ് ഉടമ പറയുന്നു. ഒരു കിലോ ഉള്ളിക്ക് 140 മുതല്‍ 180 വരെ രൂപയാണ് തമിഴ്‌നാട്ടില്‍ വില. കേരളത്തിലും ഉടന്‍ ഇതിന് സമാനമായ ഓഫറുകള്‍ വരുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha


























