സി എ ജി ആരാ ബാഹുബലിയോ; സി എ ജി റിപ്പോര്‍ട്ടിന്റെ പേരിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയെ തള്ളേണ്ടതില്ലെന്ന് സി പി എം; സംസ്ഥാന സർക്കാരിനെ മോശക്കാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും വിശദീകരണം

സി എ ജി റിപ്പോര്‍ട്ടിന്റെ പേരിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയെ തള്ളേണ്ടതില്ലെന്ന് സി പി എം. അനൗപചാരികമായി തീരുമാനിച്ചു. സി എ ജി റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദഫലമായി ഉണ്ടാക്കിയതാണെന്ന പ്രചാരണത്തിന് തുടക്കം കുറിക്കാനും സി പി എം തീരുമാനിച്ചു. സംസ്ഥാന സർക്കാരിനെ മോശക്കാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും മറ്റൊന്നും കിട്ടാത്തതുകൊണ്ടാണ് ബഹ്റയുടെ തലയിൽ കയറിയതെന്നുമാണ് വിശദീകരണം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം മുതൽ ചൂണ്ടിക്കാണിച്ച ന്യൂനതകൾ ഇടതു സർക്കാരിന്റെത് മാത്രമായി ചിത്രീകരിക്കുന്നതിന് പിന്നിൽ കോൺഗ്രസിനും ബിജെ പിക്കും വ്യക്തമായ ലക്ഷ്യമുണ്ട്.
കേരളത്തിന്റെ അക്കൗണ്ടന്റ് ജനറൽ കേന്ദ്ര സർക്കാരിന്റെയും ബി ജെ പിയുടെയും ചട്ടുകമായി പ്രവർത്തിക്കുകയാണ്. സംസ്ഥാന പോലീസ് മേധാവിക്കെതിരെ പത്ര സമ്മേളനം നടത്താൻ ആരാണ് അദ്ദേഹത്തിന് അനുവാദം കൊടുത്തത്? അതിനുള്ള അധികാരം അദ്ദേഹത്തിനുണ്ടോ? നിയമവ്യത്തങ്ങളിൽ നിന്ന് ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം സർക്കാർ തേടിയിട്ടുണ്ട്. മറുപടി ലഭിച്ചാലുടൻ സർക്കാർ തന്നെ എ ജിക്കെതിരെ രംഗത്ത് വന്നുകൂടെന്നില്ല.
സി എ ജി റിപ്പോർട്ടിന് ഇപ്പോള്‍ പ്രതിപക്ഷം പവിത്രത കല്‍പ്പിക്കുന്നത് വിരോധാഭാസമാണെന്നും നേതാക്കൾ പറയുന്നു. ഇത്തരത്തിൽ കൃത്യമായ പ്രചരണം വ്യാപകമായി നടത്തണമെന്ന് ഘടക കക്ഷി നേതാക്കൾക്ക് സിപിഎം നിർദ്ദേശം നൽകിയിട്ടുണ്ട്.
യു പി എ സർക്കാരിന്റെ കാലത്ത് ശതകോടികളുടെ ക്രമക്കേട് സി എ ജി കണ്ടെത്തിയിരുന്നതായി സി പി എം പറയുന്നു. പൊതുജനാഭിപ്രായം പരിഗണിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അവരാണിപ്പോള്‍ സി എ ജി റിപ്പോര്‍ട്ടിന്റെ പേരില്‍ സമരത്തിനൊരുങ്ങുന്നതെന്നാണ് പരിഹാസം. വിഴിഞ്ഞം തുറമുഖ റിപ്പോർട്ടിൽ ഉമ്മൻചാണ്ടിക്ക് എതിരെ ഉള്ള പരാമർശങ്ങൾ ഇടത് സർക്കാർ തന്നെ നീക്കിയിരുന്നു
കേരളത്തിലെ ജനങ്ങള്‍ക്ക് ഓര്‍മ്മശക്തി നശിച്ചിട്ടില്ലെന്ന് പ്രതിപക്ഷം മനസിലാക്കണമെന്നും സിപിഎം പറയുന്നു.
സി എ ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പാര്‍ലമെന്റിന്റെയോ നിയമസഭയുടേയോ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ച് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടാണ് അന്തിമം. അതിന്മേലാണ് ഗവണ്മെന്റ് നടപടി സ്വീകരിക്കുക. അതാണ് ചട്ടം. കേരളത്തിലും ഇത് പരിശോധിക്കും.തെറ്റുണ്ടെങ്കിൽ തിരുത്തും.അതിന് പത്ര സമ്മേളനം നടത്തി അപഹസിക്കുകയല്ല വേണ്ടത്. ഉയർന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തരുത്.
സി എ ജി റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ അവരുടെ കണ്ടെത്തലുകള്‍ മാത്രമാണ്.സി എ ജി പത്രസമ്മേളനത്തിലൂടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരസ്യമാക്കുന്നത് ഇതാദ്യമാണെന്ന് നേതാക്കൾ പറയുന്നു. അത് എന്തിന് വേണ്ടിയായിരുന്നു എന്നാണ് സി പി എമ്മിന്റെയും സി പി ഐയുടെയും ചോദ്യം.
മിച്ചഭൂമി വിതരണത്തില്‍ സര്‍ക്കാരിനെ സി എ ജി അഭിനന്ദിച്ച വസ്തുത മൂടിവെച്ച്, ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടിയത് വാര്‍ത്തയാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും നേതാക്കൾ പറയുന്നു. സർക്കാരിന്റെ സത്പ്രവർത്തനങ്ങളിൽ അസൂയാലുക്കളായ ചിലരാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും സി പി എം കരുതുന്നു. സർക്കാരിനെതിരെ പത്ര സമ്മേളനം നടത്തിയ ഉദ്യോഗസ്ഥന്റെ വിശദാംശങ്ങളും സി പി എം തേടുന്നുണ്ട്.
ഏതായാലും സർക്കാർ മോശമായി എന്ന കണക്കുകൂട്ടലിലാണ് സി പിഎം നീങ്ങുന്നത്. അതിന് പരിഹാരം കാണാൻ പാർട്ടി തീർച്ചയായും ശ്രമിക്കും.
https://www.facebook.com/Malayalivartha