ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങളോടെ അനുവദിച്ച ഇളവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി തിരുവനന്തപുരം പോലീസ് രംഗത്ത്
ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങളോടെ അനുവദിച്ച ഇളവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി തിരുവനന്തപുരം പോലീസ്. ജനങ്ങള്‍ കൂടുതല്‍ യാത്ര ചെയ്യുന്ന റോഡുകള്‍ അടച്ചുകൊണ്ടാണ് പോലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. എല്ലാ പ്രദേശങ്ങളില്‍ നിന്നും നഗരത്തിലേക്ക് വരുന്ന ഒരു റോഡ് മാത്രമാണ് ഇപ്പോള്‍ വാഹനഗതാഗതത്തിന് തുറന്നു കൊടുത്തിരിക്കുന്നത്.
ഇളവുകള്‍ ലംഘിച്ച് വാഹനങ്ങളുമായി റോഡിലേക്കിറങ്ങുന്നവര്ക്കെതിരെ ഓരോ ദിവസവും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടുകയാണ്. നഗരത്തിലെ വിവിധയിടങ്ങളിലെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലെ ജനത്തിരക്ക് നിയന്ത്രിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെട്ടുറോഡ്, ശ്രീകാര്യം, ഉള്ളൂര്‍, കേശവദാസപുരം, പട്ടം, പാളയം , കിഴക്കേകോട്ട, കരമന, തന്പാനൂര്, വഴുതക്കാട് എന്നിവിടങ്ങളില്‍ പോലീസ് കര്‍ശന പരിശോധന തുടരുകയാണ്.
നഗരപ്രദേശങ്ങളിലേക്കാള്‍ ഗ്രാമപ്രദേശങ്ങളിലാണ് ലോക്ക്ഡൗണ്‍ ലംഘന കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 400 ഓളം കേസുകള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം റൂറല്‍ സ്റ്റേഷന് പരിധികളില്‍ ഡിവൈഎസ്പിമാര്‍ നേരിട്ട് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നുണ്ട്. അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന നിലപാടില്‍ തന്നെയാണ് പോലീസ്.
https://www.facebook.com/Malayalivartha