മൂവായിരം രൂപ കൈക്കൂലി വാങ്ങിയ കെ എസ് ഇ ബി അക്കൗണ്ടൻ്റിന് മൂന്നു വർഷം കഠിന തടവും ലക്ഷം രൂപ പിഴയും

കരാറുകാരനിൽ നിന്ന് വർക്ക് ബിൽ തുക പാസ്സാക്കി നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ കെ എസ് ഇ ബി ഡിവിഷണൽ അക്കൗണ്ടൻ്റിനെ മൂന്നു വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ശിക്ഷിച്ചു. കൊല്ലം കൊട്ടാരക്കര കെ എസ് ഇ ബി ഓഫീസിലെ ഡിവിഷണൽ അക്കൗണ്ടൻ്റായിരുന്ന എം. പൊന്നച്ചനെയാണ് ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷത്തെ അധിക തടവനുഭവിക്കാനും ജഡ്ജി എം.ബി. സ്നേഹലത ഉത്തരവിട്ടു.
2012 ഏപ്രിൽ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വർക്ക് ബിൽ തുക പാസ്സാക്കി നൽകാൻ ഏപ്രിൽ 13 ന് കരാറുകാരനോട് പതിനായിരം രൂപ നിയമവിരുദ്ധ പാരിതോഷികം ആവശ്യപ്പെട്ടു. അതിൽ ആദ്യ ഗഡുവായി മൂവായിരം രൂപ തരണമെന്നും ബാക്കി തുക മാറിയെടുക്കുമ്പോൾ നൽകണമെന്നും വ്യവസ്ഥ വച്ചു.അഡ്വാൻസ് തുക നൽകാതെ കരാറുകാരൻ ഒഴിഞ്ഞു മാറിയപ്പോൾ ബിൽ പാസ്സാക്കാതെ മാറ്റി വച്ചു. തുടർന്ന് കരാറുകാരൻ കൊല്ലം വിജിലൻസ് യൂണിറ്റിൽ പരാതിപ്പെടുകയായിരുന്നു.
വിജിലൻസ് കെണിയൊരുക്കി പൊന്നച്ചനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രിൽ 16 ന് ഉച്ചതിരിഞ്ഞ് 3.20 മണിക്ക് കൊട്ടാരക്കര ഓഫീസിൽ വച്ചാണ് അറസ്റ്റ് നടന്നത്. ഫിനോഫ്തലിൻ പൊടി വിതറിയ മൂവായിരം രൂപ കരാറുകാരൻ പൊന്നച്ചന് നൽകിയ ശേഷം പുറത്തിറങ്ങിയ കരാറുകാരൻ പ്രതി തുക കൈപ്പറ്റിയതായ സിഗ്നൽ കാട്ടിയ ഉടൻ ഓഫീസിൻ്റെ പുറത്ത് കാത്തു നിന്ന വിജിലൻസ് ഉദ്യോഗസ്ഥ സംഘം അകത്ത് പ്രവേശിച്ചു. വിജിലൻസ് ഹാജരാക്കിയ ലായനിയിൽ പ്രതിയുടെ കൈവിരൽ മുക്കിയപ്പോൾ ലായനി പിങ്ക് നിറമായി മാറി. പണം കൈപ്പറ്റിയതായി ശാസ്ത്രീയമായും തെളിഞ്ഞതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ബോബിൻ ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ.ലീഗൽ അഡ്വൈസർ ബിജു മനോഹർ ഹാജരായി.
https://www.facebook.com/Malayalivartha


























