ഹത്രാസ് കൂട്ടബലാത്സംഗക്കൊലപാതകം ;പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ നടന്ന കൂട്ടബലാത്സംഗ-കൊലപാതക കേസുമായി ബന്ധപ്പെട്ട് പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. 'സവര്‍ണ്ണ' വിഭാഗത്തില്‍ നിന്നുള്ള നാല് പുരുഷന്മാര്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് 20 വയസുള്ള പെണ്‍കുട്ടി ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് പൊലീസുകാരുടെ സസ്‌പെന്‍ഷന്‍.
സംഭവം അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ (എസ്‌ഐടി) പ്രാഥമിക റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ ഭാഗത്ത് നിന്നും ദുര്‍ഭരണം ഉണ്ടായതായി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. അറസ്റ്റിലായ പ്രതികളും ഇരയുടെ കുടുംബവും ഉള്‍പ്പെടെ കേസിന്റെ ഭാഗമായിട്ടുള്ള എല്ലാവരുടെയും നാര്‍ക്കോ അനാലിസിസും (നുണ-പരിശോധന) അന്വേഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബര്‍ 14 ന് ഹത്രാസിലെ തന്റെ വീടിനടുത്തുള്ള വയലില്‍ വെച്ച് ആക്രമിക്കപ്പെട്ട 20 കാരി ചൊവ്വാഴ്ചയാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസുകാര്‍ ബന്ധുക്കളുടെ സമ്മതമില്ലാതെ തിടുക്കത്തില്‍ സംസ്‌കരിച്ചതും വിവാദത്തിന് വഴിവച്ചിരുന്നു..
അതേസമയം, വെള്ളിയാഴ്ച ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ പല നഗരങ്ങളിലും പ്രതിഷേധം ഉയര്‍ന്നു. ഇതില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ദളിത് സമുദായത്തിലെ അംഗങ്ങളെ പ്രതിനിധീകരിക്കുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























