പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം... സുരക്ഷാ വീഴ്ചയും സ്‌ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിലെ അലംഭാവവുമാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന്; 59 പ്രതികള്‍ക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പരവൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചു. 59 പ്രതികള്‍ക്കെതിരെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സുരക്ഷാ വീഴ്ചയും സ്‌ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിലെ അലംഭാവവുമാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് ഐ.ജി ശ്രീജിത്തിന്റെ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 553 പേജുകളുള്ള കുറ്റപത്രത്തില്‍ 1,417 സാക്ഷികളുണ്ട്. 1,611 രേഖകളും 376 തൊണ്ടിമുതലുകളും സമര്‍പ്പിച്ചു.2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.10 ഓടെയാണ് 110 പേര്‍ മരിക്കുകയും 720 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തമുണ്ടായത്. ഏഴ് പ്രതികള്‍ ജീവിച്ചിരിപ്പില്ല. ഒന്ന് മുതല്‍ 15 വരെ പ്രതികള്‍ ഭരണസമിതി അംഗങ്ങളാണ്. ഇവരും വെടിക്കെട്ട് കരാറുകാരും അവരുടെ സ്ഥിരം തൊഴിലാളികളും ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ കൊലക്കുറ്റവും മറ്റുള്ളവര്‍ക്ക് മേല്‍ സ്‌ഫോടക വസ്തു നിയമം,, പൊതുമുതല്‍ നശീകരണം തുടങ്ങി വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കരട് കുറ്റപത്രം രണ്ടര വര്‍ഷം മുമ്ബ് തയ്യാറാക്കിയെങ്കിലും കോടതിയില്‍ സമര്‍പ്പിക്കുന്നത് നീണ്ടു.
അപകടത്തില്‍ കണ്ണ്, കാല്‍, കൈ തുടങ്ങിയ അവയവങ്ങള്‍ നഷ്ടമായ 720 പേരെ കോടതിയില്‍ വിസ്തരിക്കും. മരിച്ച അഞ്ചുപേരെ ഡി.എന്‍.എ പരിശോധനയിലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും വിസ്തരിക്കും. വെടിക്കെട്ട് സാമഗ്രികളുടെ 450 തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha