കവളപ്പാറ ദുരന്തം... അവസരോചിതമായ ഇടപെടല്‍ നടത്തിയ മലപ്പുറം ജില്ലാ പൊലീസിന് കേന്ദ്രത്തിന്റെ അംഗീകാരം

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീമടക്കം എട്ട് പൊലീസുകാര്‍ക്ക് കേന്ദ്രത്തിന്റെ അംഗീകാരം. കവളപ്പാറ ദുരന്തത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കി നടപ്പാക്കിയതുള്‍പ്പെടെ നിരവധി പേര്‍ക്ക് സഹായകമായ പ്രവര്‍ത്തനങ്ങളാണ് ദേശീയ അംഗീകാരത്തിലേക്ക് ജില്ലാ പൊലീസ് സംഘത്തെ നയിച്ചത്.
ജില്ലാ പൊലീസ് മേധാവിയെ കൂടാതെ എടക്കര പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഐ.പി മനോജ് പറയറ്റ, പോത്തുകല്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.അബ്ബാസ്, എം.എസ്.പി എ.പി.എസ്.ഐ ടി.കെ മുഹമ്മദ് ബഷീര്‍, എം.എസ്.പി എ.പി.എസ്.ഐ എസ്.കെ ശ്യാം കുമാര്‍, എം.എസ്.പി പൊലീസ് കോണ്‍സ്റ്റബിള്‍മാരായ സി. നിതീഷ്, കെ.സക്കീര്‍, എം. അബദുല്‍ ഹമീദ് എന്നിവരാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മെഡലിനര്‍ഹരായത്.
കവളപ്പാറ ദുരന്തം ഉണ്ടായ ദിവസം രാത്രി തന്നെ സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവിയടക്കമുള്ള പൊലീസ് സംഘം തുടര്‍ച്ചയായി 19 ദിവസം സ്ഥലത്തു ക്യാമ്ബ് ചെയ്തു രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. മണ്ണിനടിയില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് മുസ്ലിം പള്ളി വിട്ടുകിട്ടുന്നതിനും ജാതിമത വ്യത്യാസമില്ലാതെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിലും പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പൊതു ജനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും നേതൃത്വം നല്‍കി. ഇതോടൊപ്പം മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി, രാഹുല്‍ ഗാന്ധി എം.പി തുടങ്ങി സ്ഥലം സന്ദര്‍ശിക്കാനെത്തിയ വി.ഐ.പികളുടെ സുരക്ഷയും ഒരുക്കേണ്ടി വന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു.
https://www.facebook.com/Malayalivartha

























