നടന്നത് ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദം...ഒടുവിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് കോടതി...രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ജയിലിലായ രാഹുൽ ഈശ്വറിന്‍റെ റിമാൻഡ് റിപ്പോർട്ടിലെയും കോടതി ഉത്തരവിന്‍റെയും വിശദാംശങ്ങൾ പുറത്ത്. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്നതാണ് റിമാൻഡ് റിപ്പോർട്ട്. പരാതിക്കാരിയുടെ ചിത്രങ്ങൾ ഉൾപ്പെടെ ഇയാളുടെ ലാപ്ടോപ്പിൽ കണ്ടെത്തിയിട്ടുണ്ട്. രാഹുൽ തയ്യാറാക്കിയ വീഡിയോകൾ പരാതിക്കാരിയെ അപമാനിക്കുന്നതരത്തിലാണെന്നും പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്നയാളാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സമാന രീതിയിലുള്ള മറ്റ് കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ടെന്നും പൊലീസ് ചൂണ്ടികാട്ടിയതും ജാമ്യം ലഭിക്കാതിരിക്കാൻ ഗുണമായെന്നാണ് വ്യക്തമാകുന്നത്.
കോടതി ഉത്തരവിലെ വിശദാംശങ്ങൾ
പൊലീസ് ചുമത്തിയ കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതെന്നാണ് തിരുവനന്തപുരം എ സി ജെ എം കോടതി പ്രധാനമായും ചൂണ്ടികാട്ടിയത്. അന്വേഷണ വേളയിൽ അതിജീവിതകൾക്കെതിരെ ഇത്തരം പോസ്റ്റ് ഇട്ടതിനെ നിസ്സാരമായി കാണാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യത്തിൽ വിട്ടാൽ സമാന കുറ്റകൃത്യം ചെയ്യാൻ ഇടയുണ്ട്. തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ട്. ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ ഇശ്വറിന് ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. അതിജീവിതയെ അപമാനിച്ചതായി പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയില്ലെന്നും കോടതി വിവരിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഈ അവസരത്തിൽ ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും കോടതി ഉത്തരവിലുണ്ട്.
ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദം
യുവതിയെ അധിക്ഷേപിച്ചതിന് ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷയിൽ ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദമാണ് കോടതിയിൽ നടന്നത്. അറസ്റ്റ് നിയമപരമല്ലെന്നും, യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുൽ ഈശ്വർ കോടതിയില്‍ വാദിച്ചത്. നോട്ടീസ് നൽകിയിട്ടും കൈപ്പറ്റാതിരുന്ന പ്രതി ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന പ്രോസിക്യൂഷനും വാദിച്ചു. രാഹുലിന്‍റെ ലാപ് ടോപ്പിൽ നിന്നും പെണ്‍കുട്ടിയുടെ ചിത്രമുള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. പ്രതി സമാനമായ കുറ്റകൃത്യങ്ങള്‍ പതിവായി ചെയ്യുന്ന വ്യക്തിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട വാദ പ്രതിവാദത്തിന് ശേഷം മജിസ്ട്രേറ്റ് ചേമ്പറിൽ വീഡിയോ പരിശോധിച്ച ശേഷം വിധി പ്രസ്താവിച്ചത്. അന്വേഷണം നടക്കുമ്പോള്‍ രാഹുൽ ഇത്തരം വീഡിയോ ചെയ്തത് നീതികരിക്കാൻ കഴിയില്ല. പൊലീസ് ഹാജരാക്കിയ തെളിവുകള്‍ കുറ്റം കൃത്യം പ്രാഥമികമായി വ്യക്തമാക്കുന്നു. ജാമ്യം നൽകിയാൽ വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് എ സി ജെ എമ്മിന്‍റെ വിധിയിൽ പറയുന്നു.
https://www.facebook.com/Malayalivartha

























