രാഹുൽ ഈശ്വർ സ്വയം വരുത്തിവച്ച കേസും അറസ്റ്റുമാണ് ഇപ്പോൾ ഉണ്ടായത്.മാങ്കൂട്ടത്തിൽ കേസിൽ അദ്ദേഹം പറയുന്നത് മര്യാദകേടാണെന്ന് മൂന്ന് ചർച്ചകളിൽ എങ്കിലും ആവർത്തിച്ച് ഓർമിപ്പിച്ചിട്ടും തിരുത്താൻ അദ്ദേഹം തയ്യാറായില്ല.ഞാനും കൂടി പങ്കെടുത്ത 24 ന്യൂസ് ചർച്ചയിൽ താൻ പറയുന്ന വാക്കുകൾ തെറ്റെങ്കിൽ തന്നെ കേരളാ പൊലീസ് അറസ്റ്റ് ചെയ്യട്ടെ എന്ന് പറഞ്ഞ ആളാണ് രാഹുൽ ഈശ്വർ.അരുതാത്തത് പറയരുതെന്നും മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാൻ പരാതിക്കാരിയെ അപമാനിക്കേണ്ടതില്ലെന്നും ആ ചർച്ചയിൽ ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചിരുന്നു.എന്നിട്ടും അവരെ അപമാനിക്കുന്ന വാക്കുകൾ ആവർത്തിച്ചപ്പോൾ അവതാരകനോട് ഇത് അനുവദിക്കരുതെന്ന് ഞാൻ അപേക്ഷിച്ചു.“രാഹുൽ ഈശ്വർ സംസാരിക്കേണ്ട” എന്ന് പറഞ്ഞ് അവതാരകൻ അദ്ദേഹത്തിന്റെ അവസരം നിഷേധിക്കുകയും ചെയ്തു.ജാമ്യാപേക്ഷ പുറത്ത് വന്നപ്പോൾ രാഹുൽ ഈശ്വർ തലേദിവസം 24 ന്യൂസിൽ പറഞ്ഞ ന്യായങ്ങളെല്ലാം പൊളിഞ്ഞെന്ന് അടുത്ത ന്യൂസ്18 ചർച്ചയിൽ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു.എന്നിട്ടും മാങ്കൂട്ടത്തിലിനെ ന്യായീകരിക്കുന്നതിനൊപ്പം പരാതിക്കാരിയെ അപമാനിക്കാനും അദ്ദേഹം ശ്രമിച്ചു.പിന്നീട് അത് അദ്ദേഹം നിരന്തരം ആവർത്തിക്കുകയും ചെയ്തു.മാങ്കൂട്ടത്തിൽ പോലും പറഞ്ഞിട്ടില്ലാത്ത വിചിത്രവാദങ്ങൾ രാഹുൽ ഈശ്വറിന് എവിടെ നിന്നാണ് കിട്ടിയതെന്ന് ഞാൻ ചോദിച്ചിരുന്നു.വിവാഹ സ്റ്റാറ്റസ് മറച്ചുവച്ച് പരാതിക്കാരി മാങ്കൂട്ടത്തിലിനെ ചതിച്ചെന്നൊക്കെയുള്ള വാദം ജാമ്യാപേക്ഷ പുറത്തായപ്പോൾ പൊളിഞ്ഞെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിലും പറഞ്ഞിരുന്നു.അതിന്റെ തുടർച്ചയിലാണ് രാഹുലിന്റെ പിന്നീടുള്ള ഇടപെടലുകൾ ഉണ്ടായതും ഇപ്പോൾ അറസ്റ്റിൽ കലാശിച്ചതും.തിരുത്താൻ അവസരം ആവോളം ലഭിച്ചിട്ടും പരാതിക്കാരിയുടെ സ്വകാര്യതയെ മാനിക്കാതിരിക്കാൻ അദ്ദേഹം ശ്രമിച്ചതിന് ഒരു ന്യായീകരണവും ഇല്ല.ന്യൂസ്18 ചാനലിൽ അവതാരകൻ എന്നോട് ചോദിച്ചിരുന്നു, രാഹുൽ ഈശ്വറിന്റെ പോസ്റ്റുകൾക്ക് കിട്ടുന്ന വലിയ സ്വീകാര്യതയുടെ കാരണം എന്താണെന്ന്.ഞാൻ പറഞ്ഞ മറുപടി ആവർത്തിക്കുന്നു: മാന്യമായ എന്ത് വസ്ത്രം ധരിക്കാനും വ്യക്തികൾക്ക് നമ്മുടെ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഒരു സിനിമാനടിയെ ഒരു ബിസിനസുകാരൻ അവഹേളിച്ചപ്പോൾ ആ നടിക്കൊപ്പം നിൽക്കുന്നതിന് പകരം ആ ബിസിനസുകാരനൊപ്പം നിൽക്കാനും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ ആ നടിയെ നിരന്തരം ഓഡിറ്റ് ചെയ്യാനും ശ്രമിച്ച രാഹുൽ ഈശ്വറിനെ ന്യായീകരിക്കാൻ അന്നും സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ഉണ്ടായിരുന്നു. ആ സ്വീകാര്യതയ്ക്ക് ഒരർത്ഥം മാത്രമേയുള്ളൂ — ഭരണഘടനയെ കുറിച്ചും നിയമങ്ങളെ കുറിച്ചും അറിയാത്ത വിഡ്ഢികൾ ഇന്നാട്ടിൽ ധാരാളമായുണ്ട്.