അത്ഭുതപ്പെടാനില്ല... എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരെ വെള്ളം കുടുപ്പിക്കാനൊരുങ്ങുന്നുവെന്ന് സൂചന; ഇക്കാര്യം ഉന്നയിച്ച് കേരള ഹൈക്കോടതിയെ സമീപിക്കാന്‍ വരെ ആലോചന; ബംഗാളിലെ ശാരദാ ചിട്ടി ഫണ്ട് കേസുപോലെ ഇത് നീളുമോ?

പറ്റുമെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരെ പിടിച്ച് പൂജപ്പുര സ്‌റ്റേഷനിലെ കസ്റ്റഡിയിലിടാന്‍ കഴിയുമോ എന്ന് എ.ജി യോട് നിയമോപദേശം തേടി സര്‍ക്കാര്‍. കോടിയേരിയുടെ മരുമകളെ ഇ ഡി ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികമായും ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഇതിന്റെ ഭാഗമായി വന്നതാണ്.
ഇക്കാര്യം ഉന്നയിച്ച് കേരള ഹൈക്കോടതിയെ സമീപിക്കാന്‍ വരെ ആലോചിക്കുകയാണ് ബിനീഷിന്റെ ഭാര്യ. താന്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കുകയോ തങ്ങളെ സംരക്ഷിക്കുകയോ ചെയ്തില്ലെന്നാണ് ബിനീഷിന്റെ ഭാര്യയുടെ പരാതി. പോലീസിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കാനുള്ള അനുമതി ബിനീഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ വ്യത്തങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ബംഗാളിലെ ശാരദാ ചിട്ടി ഫണ്ട് കേസുപോലെ വിവാദം വഷളാക്കാനാണ് പിണറായിയും കോടിയേരിയും തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളെല്ലാം തടയുകയാണ് ലക്ഷ്യം. വേണ്ടി വന്നാല്‍ സി പി എം പ്രവര്‍ത്തകരെ തെരുവിലിറക്കി പ്രതിഷേധിപ്പിക്കാനും ശ്രമിക്കും.
തിരുവനന്തപുരത്ത് തുടരുന്ന ഇ.ഡി. ഉദ്യോഗസ്ഥരെ നാളെയോ മറ്റെന്നാളോ കേരള പോലീസ് അറസ്റ്റ് ചെയ്താലും അത്ഭുതപ്പെടാനില്ല.
പോലീസിനെ കൊണ്ടു മാത്രമല്ല നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയെ ഉപയോഗിച്ചും സര്‍ക്കാരും പാര്‍ട്ടിയും ഇ ഡിയെ നേരിടാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ആവശ്യപ്പെട്ട നടപടിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാന്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനിച്ചത്. ലൈഫ് മിഷന്റെ രേഖകള്‍ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്ന് സി.പി.എം എം.എല്‍.എ ജെയിംസ് മാത്യു സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനൊപ്പം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ബിനീഷ് കോടിയേരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇ.ഡി.ക്ക് കേരള പോലീസ് ഇമെയില്‍ അയച്ചു. പോലീസ് നേരിട്ടാവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാന്‍ ഇ.ഡി. തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെയില്‍ അയച്ചിരിക്കുന്നത്.
ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന ഇ.ഡിയുടെ റെയ്ഡില്‍ ബിനീഷ് കോടിയേരിയുടെ ഭാര്യയെയും അമ്മയെയും കുഞ്ഞിനെയും അനധികൃതമായി തടഞ്ഞുവെച്ചു എന്ന പരാതിയാണ് പൂജപ്പുര പോലീസിന് ലഭിച്ചിരിക്കുന്നത്. പരാതി ലഭിച്ച പോലീസ് നോട്ടീസ് മുഖാന്തരം പരാതിയെ കുറിച്ച് ഇ.ഡി.യെ അറിയിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയായിരുന്നു ഇത്. റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരുടെ വാഹനം പൂജപ്പുര സി.ഐ. തടഞ്ഞു. വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇ.ഡി. ഉദ്യോഗസ്ഥര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പൂജപ്പുര പോലീസ് ഇപ്പോള്‍ മെയില്‍ അയച്ചിരിക്കുന്നത്. പരിശോധനയ്ക്കായി വന്ന ഉദ്യോഗസ്ഥരുടെ മുഴുവന്‍ വിശദാംശങ്ങളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനൊപ്പം തന്നെ അവര്‍ തന്ന മൊഴിനല്‍കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇതുകൂടാതെ ബിനീഷ് കോടിയേരിയുടെ ഭാര്യാപിതാവ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സൂര്യകുമാര്‍ മിശ്രയ്ക്ക് ഇമെയില്‍ മുഖാന്തരം പരാതി അയച്ചിട്ടുണ്ട്. ആ പരാതിയില്‍ പറയുന്നത് മകളെയും ഭാര്യയെയും പേരക്കുട്ടിയെയും ഇ.ഡി. ഉദ്യോഗസ്ഥര്‍ ബലമായി പിടിച്ചുവെച്ചു. വീട്ടില്‍ നിന്ന് കണ്ടെടുത്തതാണെന്ന് പറഞ്ഞ് ഒരു ക്രെഡിറ്റ് കാര്‍ഡ് കാണിക്കുകയും അത് സ്ഥിരീകരിച്ച് സാക്ഷ്യപ്പെടുത്തി ഒപ്പുനല്‍കാനും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്നും അത് നിരസിച്ചപ്പോള്‍ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. തന്നെ രാത്രിയോടെ വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
ലൈഫ് മിഷനില്‍ അഴിമതി ആരോപണം ഉയര്‍ന്നത് വടക്കാഞ്ചേരിയിലെ പദ്ധതിയുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ സംസ്ഥാനത്തൊട്ടാകെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്ന രീതിയിലാണ് ഇ.ഡിയുടെ ഇടപെടല്‍. ലൈഫ് മിഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി സംസ്ഥാനത്തെങ്ങുമുള്ള ലൈഫ് പദ്ധതികളുടെ വിവരങ്ങള്‍ ആരായുകയാണ് ഇ.ഡി ചെയ്യുന്നതെന്ന് ജെയിംസ് മാത്യുവിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിയമസഭയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നല്‍കിയ ഉറപ്പ് സമയബന്ധിതമായി ഭവനപദ്ധതികള്‍ പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറുമെന്നാണ്. എന്നാല്‍ ഇത് പോലും പാലിക്കാന്‍ അനുവദിക്കാത്ത തരത്തിലാണ് കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍. ഇത്തരത്തില്‍ മുന്നോട്ടുപോവുന്നത് ശരിയല്ലെന്നും അത് നിയമസഭയ്ക്ക് നല്‍കിയ ഉറപ്പ് പാലിക്കുന്നതില്‍ വീഴ്ചയ്ക്ക് കാരണമാവുകയും ചെയ്യും. അതിനാല്‍ ഈ വിഷയം അടിയന്തരമായി പരിശോധിക്കണമെന്ന് ജെയിംസ് മാത്യു എംഎല്‍എ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ജയിംസ് മാത്യുവിന്റെ നോട്ടീസ് ഇന്നലെ ചേര്‍ന്ന പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി പരിശോധിച്ചു. തുടര്‍ന്നാണ് ഇതു സംബന്ധിച്ച് ഇഡിയില്‍നിന്ന് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. കേന്ദ്ര ഏജന്‍സിയോട് നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിശദീകരണം ചോദിക്കുന്നത് അപൂര്‍വമായ നടപടിയാണ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇഡി ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കാന്‍ കഴിയില്ല. അതിനാല്‍ ഇത് എത്രമാത്രം പ്രായോഗികമാകും എന്നത് സംശയമാണ്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ മാത്രമല്ല എല്ലാ കേന്ദ്ര ഏജന്‍സികള്‍ക്കും കൂച്ചുവിലങ്ങ് ഇടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അതിനു വേണ്ടി ബാലാവകാശ കമ്മീഷനെ വരെ ഉപയോഗിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
"
https://www.facebook.com/Malayalivartha