"കുന്നിൻപുറത്തെ ജനങ്ങളുടെ നാട്"; പ്രകൃതി സൗന്ദര്യത്തിന്റെ മറ്റൊരു പേര് മിസോറം...

ആരെയും ആകര്‍ഷിക്കുന്ന പ്രകൃതി സൗന്ദര്യവും പ്രൗഢമായ സാംസ്‌കാരിക പാരമ്പര്യവും അനുപമമായ കലാരൂപങ്ങളും ഉത്സവങ്ങളും എല്ലാം സ്വന്തമായുളള മിസോറം ഏതൊരു യാത്രികനും അവിസ്‌മരണീയമായ ഓര്‍മ്മകള്‍ നൽകും. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനം ലോകമെങ്ങുമുളള യാത്രികര്‍ക്ക് ഒരു പുത്തൻ അനുഭവം സമ്മാനിക്കും എന്നതിൽ സംശയമില്ല...
ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമായ മിസോറം, കുന്നുകളുടെ നാടായിട്ടാണ് ആദ്യ കാഴ്ചയിൽ ആർക്കും തോന്നുക. ശരിയാണ്, മലകളും പർവ്വതങ്ങളും മുളങ്കൂട്ടങ്ങളും വന്യജീവിതവും കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും നാടന്‍ കലാരൂപങ്ങളും ഗ്രാമാന്തരീക്ഷവുമെല്ലാം സഞ്ചാരികളെ മിസോറാമിലേക്ക് ആകര്‍ഷിക്കും. മ്യാന്മാറും, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തി പങ്കിടുന്ന മിസോറാമിന്റെ തലസ്ഥാനം ഐസ്‌വാളാണ്. മിസോ എന്ന ഗോത്രവര്‍ഗക്കാരുടെ നാടാണിത്.
ബംഗ്ലാദേശുമായും മ്യാന്‍മറുമായും അതിര്‍ത്തി പങ്കിടുന്ന മിസോറമിലേക്ക് ഇപ്പോഴും നഗരവത്കരണം കാര്യമായി എത്തപ്പെട്ടിട്ടില്ല. അതുകൊണ്ട് പ്രകൃതിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാതെ ഇവിടേക്ക് ഓടിയെത്താം... 14 ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള മിസോറമിലേക്ക് ഏതു കാലാവസ്ഥയിലും യാത്ര നടത്താം.
പകൽ സമയത്ത് ചെറുവെയിലും രാത്രിയിൽ ചെറുതണുപ്പും അനുഭവപ്പെടുന്ന നാട്. വൈകുന്നേരം നാലിനും അഞ്ചിനുമിടയിൽ സുര്യൻ അസ്തമിക്കുന്ന ഇവിടെ ആറ് മണി കഴിഞ്ഞാൽ എല്ലാവരും കൂടണയും. ആകെ ജനസംഖ്യയുടെ പകുതിയും ഐസ്വാളിലാണ് താമസിക്കുന്നത്. സുരക്ഷ, സാക്ഷരത പൗരബോധം എന്നീ കാര്യങ്ങളിൽ ഇവിടം നമ്പർ വണ്ണാണ്.
ഡിസംബർ മാസം തെരുവുകൾ ഒക്കെ ഒന്നു കാണേണ്ട കാഴ്ച തന്നെയാണ്. വർണവിളക്കുകളും മറ്റുമായി ഏറെ മനോഹരിയാകും ഈ കുന്നിൻ ചരിവുകൾ. അഡ്വഞ്ചര്‍ ടൂറിസത്തില്‍ താത്പര്യമുള്ളവര്‍ക്ക് പറ്റിയ ഇടമാണ് മിസോറാം. ട്രെക്കിങ്ങിന് അനുയോജ്യമായ ഒട്ടേറെ സ്ഥലങ്ങളും മിസോറമിലുണ്ട്.
പ്രധാന ആകർഷണങ്ങൾ
1. ഐസോള്‍
മിസോറമിന്റെ തലസ്ഥാന നഗരമായ ഐസോളില്‍ കാണാനേറെയുണ്ട് കാഴ്ചകൾ. കുന്നുകളില്‍ തട്ടുതട്ടായി പണിതുയര്‍ത്തിയ കെട്ടിടങ്ങളുടെ ആകാശക്കാഴ്ച ഐസോളിന്റെ പ്രധാന സവിശേഷതയാണ്. ഡര്‍ട്ട്ലങ് ഹില്‍സ്, ബാരാ ബസാര്‍, മിസോറം സ്റ്റേറ്റ് മ്യൂസിയം, സോളമന്‍ ടെമ്പിൾ എന്നിവയെല്ലാമാണ് ഐസോളിലെ കാഴ്ചകള്‍. പിന്നെ മാർക്കറ്റുകൾ ഒരിക്കലും മിസ്സാക്കരുത്..!
2. തെന്‍സ്വാള്‍
മിസോറമിന്റെ ഹൃദയഭാഗത്ത്, സെർച്ചിപ്പ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര പട്ടണമാണിത്. ഈ സ്ഥലം പ്രകൃതി സൗന്ദര്യത്തിനും വെള്ളച്ചാട്ടങ്ങൾക്കും പേരുകേട്ടതാണ്. സംസ്ഥാനത്തെ ഏറ്റവും വലുതും മനോഹരവുമായ വെള്ളച്ചാട്ടമായ വന്‍തവാങ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. തെൻസ്വാളിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 750 അടി ഉയരമുണ്ട് ഈ വെള്ളച്ചാട്ടത്തിന്. എങ്ങും പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്ന നഗരമാണിത്.
3. ഐസ്വാൾ വ്യൂപോയിന്റ്
ഐസ്വാളിന്റെ തെക്കേ അറ്റത്തുള്ള കുന്നിൻ മുകളിലാണ് ത്ലാങ്‌നുവാം വ്യൂപോയിന്റ് സ്ഥിതി ചെയ്യുന്നത്, ഇത് മോണ്ട്‌ഫോർട്ട് ഹിൽ എന്നും അറിയപ്പെടുന്നു. മനോഹരമായി രൂപകൽപ്പന ചെയ്‌ത ഈ വ്യൂവിംഗ് ഗാലറിയിൽ നിന്ന് ഐസ്വാൾ നഗരത്തിന്റെയും അതിന്റെ ചുറ്റുപാടുകളുടെയും മനോഹരമായ കാഴ്ച നിങ്ങൾക്ക് കാണാൻ കഴിയും.
ഐസ്വാൾ പീക്ക് സ്കൈവാക്ക്
ഹാങ്ങി ലുങ്‌ലെൻ ട്ലാങ്ങിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്ലാസ് സ്കൈവാക്ക്, മലനിരകൾക്ക് മുകളിലൂടെ നഗരത്തിൻ്റെ മുഴുവൻ ചിത്രം സഞ്ചാരികൾക്ക് നൽകുന്നു. രാത്രികാല കാഴ്ചകൾ പ്രത്യേകം മനോഹരമാണ്.
4. ഡാംപ ടൈഗര്‍ റിസര്‍വ്
മിസോറമിലെ ഏറ്റവും വലിയ വന്യജീവിസങ്കേതമാണ് ഡാംപ ടൈഗര്‍ റിസര്‍വ്. ബംഗ്ലാദേശിന്റെ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നാണ് ഈ കടുവാ സങ്കേതം. നിരവധി വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണിത്. ബംഗാള്‍ കടുവകളെക്കൂടാതെ, പുള്ളിപ്പുലികൾ, ആനകൾ, ഹൂലോക്ക് ഗിബ്ബണുകൾ, വിവിധതരം മാനുകൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രമാണിത്. 500 ചതുരശ്രകിലോ മീറ്ററില്‍ നീണ്ടുകിടക്കുന്ന ഡാംപ 1994-ലാണ് ടൈഗര്‍ റിസര്‍വ് ആക്കുന്നത്.
ഇന്ത്യയിലേറ്റവുമധികം ലെപ്പേര്‍ഡുകള്‍ കാണപ്പെടുന്ന വനങ്ങളിലൊന്നാണിത്. ഈ പ്രദേശം ഈർപ്പമുള്ള ഉഷ്ണമേഖലാ വനങ്ങളാലും, കുത്തനെയുള്ള കുന്നുകളാലും, ആഴത്തിലുള്ള താഴ്വരകളാലും, അരുവികളാലും സമ്പന്നമാണ്. ഐസോളില്‍ നിന്ന് 127 കിലോമീറ്ററാണ് ഡാംപയിലേക്കുള്ള ദൂരം. ഡാംപ ടൈഗർ റിസർവ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ മാർച്ച് വരെയുള്ള വരണ്ട മാസങ്ങളാണ്.
5. ലുങ്ക്ലെയ്
മിസോറമിലെ രണ്ടാമത്തെ വലിയ പട്ടണമാണ് ലുങ്ക്ലെയ്. നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള ങ്ഗാസിഹ് നദിയിലെ ഒരു പാറക്കെട്ട് പാലം പോലെ കാണപ്പെട്ടതിനാലാണ് ഈ പേര് ലഭിച്ചത്. കുന്നുകളാലും വനങ്ങളാലും ചുറ്റപ്പെട്ട ലുങ്ക്ലെയ് വന്യജീവി നിരീക്ഷണത്തിനും പ്രകൃതിഭംഗി ആസ്വദിക്കാനും പറ്റിയ സ്ഥലമാണ്.
ലുങ്ക്ലെയിലെ പ്രധാന കാഴ്ച അവിടത്തെ സ്റ്റോണ്‍ ബ്രിഡ്ജാണ്. ആ ബ്രിഡ്ജില്‍ നിന്നാണ് ഈ നഗരത്തിന് ഈ പേര് കൈവന്നത്. ലുങ്ക്ലെയ് പട്ടണത്തിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ചിങ്പുയി ത്ലാൻ വെള്ളച്ചാട്ടം. ഖൗംഗ്ലണ്ട് വന്യജീവിസങ്കേതം, സായ്ക്കുടി ഹാള്‍ എന്നിവയാണ് ലുങ്ക്ലെയിലെ പ്രധാന സഞ്ചാരകേന്ദ്രങ്ങള്‍.
ചെറാവു (മുള നൃത്തം), ഖുവാല്‍ ലാം (അതിഥികള്‍ക്കായുള്ള പ്രത്യേക നൃത്തം), ചെയ് ലാം (ആനന്ദ നൃത്തം) എന്നിവയാണ് മിസോറമിലെ പ്രധാന നൃത്തങ്ങള്‍. കൃഷിയാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗം. ഇഞ്ചി, അരി, ചോളം, കടുക്, കരിമ്പ്, എള്ള്, ഉരുളക്കിഴങ്ങ്, മുന്തിരി തുടങ്ങിയ കൃഷികളാണ് കൂടുതലായി കാണാനാകുക.
ചൈനീസ് രുചികളുടെ ആധിപത്യം കാണുന്ന ഇടമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭക്ഷണം. ഉത്തരേന്ത്യനും ചൈനീസ് രുചിയും ചേര്‍ന്നതാണ് മിസോറമിലെ ഭക്ഷണം. വാഴയിലയിലാണ് മിക്കവാറും ഭക്ഷണം വിളമ്പുക. മുളയും ഭക്ഷണമുണ്ടാക്കാനായി ഉപയോഗിക്കും. മിസോറമില്‍ എല്ലാ വര്‍ഷവും നടക്കുന്ന വിന്റര്‍ ഫെസ്റ്റിവല്‍ ലോകപ്രശസ്തമാണ്. ജനസംഖ്യയുടെ 89%വും ക്രിസ്തുമതത്തില്‍പ്പെട്ടവരാണ്. ആകെ എട്ടു ജില്ലകളാണ് മിസോറമിലുള്ളത്. മിസോ, ഇംഗ്ലീഷ്, ഹിന്ദി എന്നിവയാണ് പ്രധാന ഭാഷകള്‍.
ചരിത്രം
മിസോറാമിന്റെ പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള ചരിത്രം മാത്രമേ എഴുതപ്പെട്ട രീതിയിലുള്ളു. 1889-ൽ ബ്രിട്ടീഷുകാർ മിസോ കുന്നുകൾ തങ്ങളുടെ ഭരണത്തിനു കീഴിലാണെന്നു പ്രഖ്യാപിച്ചു . ലുഷായ് കുന്നുകൾ എന്ന പേരിൽ ഒരു ജില്ല രുപികരിച്ച് ഐസ്വാൾ തലസ്ഥാനമായി അവർ ഭരിച്ചു. ഇന്ത്യ സ്വത്രന്ത്രം ആയപ്പോൾ മിസോറം അസമിലെ ഒരു ജില്ല മാത്രമയിരുന്നു.
മംഗളോയിഡ് വംശത്തിൽപ്പെട്ട മനുഷ്യരാണ് മിസോറമിലുളളത്. മിസോകൾ എന്നാണ് ഇവർ പൊതുവേ അറിയപ്പെടുന്നത്. മിസോ എന്ന വാക്കിന്റെ അർത്ഥം മലമുകളിലെ മനുഷ്യർ എന്നാണ്. മി എന്നാൽ മനുഷ്യർ, സോ എന്നാൽ മല. ഈ വാക്കുകൾ ചേർന്നാണ് മിസോ എന്ന പേര് ഉണ്ടായത്. മിസോകളിൽ എറ്റവും വലിയ വിഭാഗം ലൂഷായ്‌കളാണ്. മിസോറാമിലെ ജനസംഖ്യയിലെ മുന്നിൽ രണ്ടും അവരാണ്. ലുഷായ് അണ് പ്രധാന ഭാഷ. ഒരോ ഗോത്രത്തിനും പ്രത്യേക ഭാഷ ഉണ്ട്. പുറത്തുളളവരോടു സംസാരിക്കാൻ ലുഷായ് ഭാഷയാണ് അവർ ഉപയോഗിക്കുന്നത്. ഈ ഭാഷക്ക് ലിപി ഇല്ല എന്നൊരു പ്രത്യേകതയുണ്ട്.
1952-ൽ ലൂഷായ് ഹിൽസിൽ സ്വത്രന്ത അധികാരമുളള ജില്ലാ കൗൺസിൽ നിലവിൽവന്നു. ത്രിപുരയിലെയും മണിപ്പൂരിലെയും മിസോ വംശക്കാർക്കു സ്വാധീനമുളള മേഖലകൾ ഉൾപ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് 1954-ൽ സംസ്ഥാന പുനർനിർണയ കമ്മിറ്റി മുമ്പാകൊ ജില്ലാ കൗൺസിൽ പ്രതിനിധികളും മിസോ യുണിയനും അവശ്യം മുന്നയിച്ചു.
തങ്ങളുടെ അവശ്യം അംഗീകരിക്കാത്ത സംസ്ഥാന പുനർനിർണയ കമ്മിറ്റ തീരുമാനത്തിനെതിരെ 1955-ൽ ഗോത്രവർഗ നേതക്കൾ ഐസ്വാളിൽ ചേർന്ന് ഈസ്റേറ്ൺ ഇന്ത്യ ട്രൈബൽ യുണിയൻ എന്ന രാഷ്ട്രീയ സംഘടന രൂപികരിച്ചു. അസമിലെ മലനിരകൾ എല്ലാം ഉൾപ്പെടുത്തി പുതിയ സംസ്ഥാനം രൂപികരിക്കണമെന്നായിരുന്നു ഇവരുടെ അവശ്യം. എന്നാൽ അവരുടെ ശ്രമങ്ങൾ വിജയം കണ്ടില്ല.
പിന്നീട് 1961 ഒകേടാബർ 22-ന് ലാൽ ഡെകയുടെ നേതൃത്വത്തിൽ മിസോ നാഷണൽ ഫ്രണ്ട് രുപികരിച്ച് സ്വയംഭരണാവകാശത്തിനുവേണ്ടി പുർവ്വാധികം ശക്തിയോടെ പ്രക്ഷോഭം തുടങ്ങി. 1967-ൽ മിസോ നാഷണൽ ഫ്രണ്ട് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടു. 1971-ൽ മിസോ കൗൺസിൽ പ്രതിനിധി, പ്രധാനമ്രന്തിയായിരുന്ന ഇന്ദിരഗാന്ധിയെ കണ്ട മിസോകൾക്ക് പൂർണ അധികാരമുളള സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു.
ഇതു പ്രകാരം 1972 ജനുവരി 21-ന് മിസോ കുന്നുകൾ കേന്ദ്രഭരണ പ്രദേശമാക്കിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ലോക്‌സഭയിലും രാജ്യസഭയിലും ഒരോ സീറ്റും അനുവദിച്ചു കേന്ദ്രഭരണ പ്രദേശമെന്ന പദവി കൊണ്ട് മിസോ നാഷണൽ ഫ്രണ്ട് തൃപ്തരായില്ല, പ്രക്ഷോഭം തുടർന്നു. പ്രധാനമ്രന്തിയായ രാജീവ്ഗാന്ധിയുമായി ലാൽ നടത്തിയ ചർച്ചയെത്തുടർന്ന്. ഉണ്ടായ കരാർ പ്രകാരം 1987 ഫെബ്രുവരി 20 ന് മിസോറം സംസ്ഥാനം നിലവിൽ വന്നു.
https://www.facebook.com/Malayalivartha
























