54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...

യുഎഇയുടെ 54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ആൾക്കൂട്ടത്തിനിടയിൽ വാൾ (തൽവാർ) വീശിയ മൊറോക്കൻ യുവതിയെയാണ് ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു. എമിറേറ്റ്സ് നിവാസികളുടെ ഹൃദയത്തോട് ഏറ്റവും അടുത്ത ദിനമായ യുഎഇ ദേശീയ ദിനം ഈ വർഷം ഈദ് അൽ ഇത്തിഹാദ് എന്ന പേരിലാണ് ആഘോഷിക്കപ്പെടുന്നത്. അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ കാഴ്ചപ്പാടിലും നേതൃത്വത്തിലും 1971 ഡിസംബർ 2ന് ഏഴ് എമിറേറ്റുകൾ ഒന്നിച്ചതിന്‍റെ ഓർമ്മ പുതുക്കലാണ് ഈദ് അൽ ഇത്തിഹാദ്. രാജ്യത്തിന്‍റെ അവിശ്വസനീയമായ യാത്ര ആഘോഷിക്കുന്ന സുപ്രധാന ദിനമാണിത്.
നാല് ദിവസം നീണ്ടുനിൽക്കുന്ന വാരാന്ത്യ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വർഷത്തെ രാജ്യവ്യാപക ആഘോഷങ്ങളുടെ തീം 'യുണൈറ്റഡ്' ആണ്. ദുബൈ അൽ ഖവാനീജ്, ഗ്ലോബൽ വില്ലേജ്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ എല്ലാം ചടങ്ങ് കാണാൻ ആളുകൾ ഒത്തുകൂടുമ്പോഴാണ് യുവതി വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത് അൽ-ഫുകൈത്ത് പ്രദേശത്തെ ആഘോഷങ്ങൾക്കിടെ യുവതി വാൾ വീശുന്നതിന്‍റെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് 23 വയസ്സുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നിയമനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പൊലീസ് അറിയിച്ചു. സംഭവത്തിൽ പങ്കെടുത്ത ഏഷ്യൻ പൗരന്മാരിൽ ഒരാൾക്ക് വാൾ കൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഇത്തരം പെരുമാറ്റം യുഎഇയിലെ നിയമങ്ങളുടെയും ആചാരങ്ങളുടെയും ലംഘനമാണെന്നും പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അധികൃതർ വ്യക്തമാക്കി. ദേശീയ ആഘോഷങ്ങൾക്കിടയിലെ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇ മൂല്യങ്ങൾക്കനുസൃതമായി സുരക്ഷിതമായി നടക്കുന്നതിനും വേണ്ടി, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മുഹമ്മദ് ബിൻ നയേ ടാനിജി പറഞ്ഞു. നേരത്തെ, ഈദ് അൽ ഇത്തിഹാദ് അവധി ദിവസങ്ങളിൽ അശ്രദ്ധമായി വാഹനമോടിക്കുകയും സുരക്ഷാ നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിന് 16 യുവാക്കളെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























