വിസ തട്ടിപ്പ്: പത്ത് കോടി തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍

കേരളം, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിസ വാഗ്ദാനം ചെയ്ത് 10 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തമിഴ്നാട് സേലം വള്ളി നഗറില്‍ എന്‍. രമേശനെയാ (45) ണ് കഞ്ഞിക്കുഴി പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.
കഞ്ഞിക്കുഴി സ്റ്റേഷനില്‍ റിന്റു ജോര്‍ജും, പിറവം സ്വദേശിയും നല്‍കിയ കേസിലാണ് രമേശന്‍ അറസ്റ്റിലായത്. രമേശന്റെ പേരില്‍ കേരളത്തില്‍ 10 ജില്ലകളില്‍ വിസ തട്ടിപ്പ് കേസുകള്‍ ഉണ്ട്. ക്രൈംബ്രാഞ്ച് ഇയാളുടെ കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഒരാളുടെ പക്കല്‍ നിന്നും 20 ലക്ഷം രൂപ വീതമാണ് വാങ്ങിയത്. വ്യാജ വിസയുടെ ഫോട്ടോസ്റ്റാറ്റ് കാണിച്ചാണു ഇയാള്‍ പണം വാങ്ങിയിരുന്നത്.
കഞ്ഞിക്കുഴിയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് വ്യാജ വിസ കാണിച്ച് പണം വാങ്ങിയത്. കുവൈത്തിലേക്ക് നഴ്സുമാരെ ആവശ്യമുണ്ടെന്നും പ്രതിമാസം ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. സേലത്ത് രമേശന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന അനുഷ് കണ്‍സള്‍ട്ടന്‍സിയും ഭാര്യയുടെ പേരിലുള്ള പവിന്ദ്ര കണ്‍സള്‍ട്ടന്‍സിയും വഴിയുമാണ് പണം വാങ്ങിയത്. ഇപ്പോഴും ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പലരോടും പണം വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
മൂന്നു ദിവസമായി ഇയാളുടെ വീടും ഓഫീസും, തമിഴ്നാട്ടിലെത്തിയ കഞ്ഞിക്കുഴി പോലീസ് നിരീക്ഷിച്ചിരുന്നു. ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടില്‍ ഭാര്യ ഉണ്ടെങ്കിലും വീട് തുറക്കാറില്ല. ഭാര്യ പുറത്തു പോകുമ്പോള്‍ ഗേറ്റ് പൂട്ടിയിടും. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ ഇയാള്‍ വീട്ടില്‍ തന്നെ ഉണ്ടെന്ന് മനസിലാക്കിയ പോലീസ് വീടിനു സമീപം കാത്തിരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയില്‍ ഇയാള്‍ വീടിനു പിന്നിലൂടെ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് സാഹസികമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാള്‍ക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാം പ്രതി ശ്രീനിവാസന്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സി.ഐ: മാത്യു ജോര്‍ജിന്റെ നിര്‍ദേശാനുസരണം എസ്.ഐ: ജാഫര്‍, എ.എസ്.ഐ മാരായ എം.ഡി.മധു, ജോഷി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha