എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ കൊലപാതകം പുറത്തുവന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ

എട്ടുമാസം മാത്രം പ്രായമുളള സ്വന്തം ശിശുവിനെ കാമുകന്മാര്‍ക്കൊപ്പം ചേര്‍ന്നു വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവം മാതാവു വിവരിച്ചപ്പോള്‍ കേട്ടുനിന്ന പോലീസ് ഞെട്ടി. കൊലപാതകത്തില്‍ മാതാവിനെയും കാമുകന്‍മാരെയും കുടുക്കിയത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അസ്വാഭാവിക മരണമായി എഴുതിത്തള്ളുമെന്ന ആത്മവിശ്വാസത്തിലായിരുന്ന മാതാവും കാമുകന്‍മാരും ഒടുവില്‍ കുടുങ്ങുകയായിരുന്നു. പോലീസ് നടത്തിയ വിദഗ്ധമായ അന്വേഷണമാണ് എട്ടുമാസം പ്രായമായ കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തിയ മാതാവ് അയിലം സ്വദേശിയായ ചന്ദ്രപ്രഭയെ കുടുക്കാന്‍ സഹായിച്ചത്.
ചന്ദ്രപ്രഭയുടെ കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വിവാഹിതയായ ചന്ദ്രപ്രഭയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി നോക്കി വരികയായിരുന്നു. ചന്ദ്രപ്രഭയുടെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് അയാള്‍ വിവാഹമോചനം നേടി. ആദ്യ ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ ഭര്‍ത്താവ് ഏറ്റെടുത്തു. ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തിയ ചന്ദ്രപ്രഭ കീഴാറ്റിങ്ങലില്‍ വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു. ചന്ദ്രപ്രഭ തന്റെ നാട്ടുകാരനായ അയിലം സ്വദേശി സനലുമായി അടുപ്പത്തിലായി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സനലും വിദേശത്ത് ജോലി നോക്കുകയായിരുന്നു.
അവധിക്കു നാട്ടിലെത്തിയ സനല്‍ ചന്ദ്രപ്രഭയോടൊപ്പം ഭാര്യാഭര്‍ത്താക്കന്‍മാരെപ്പാലെ കഴിയുകയായിരുന്നു. ചന്ദ്രപ്രഭക്ക് സനല്‍ ഒരു കാറും ഓട്ടോറിക്ഷയും വാങ്ങി നല്‍കി. ഓട്ടോറിക്ഷയുടെ ഡ്രൈവറായി കിഴുവിലം സ്വദേശി അജേഷിനെ നിയമിക്കുകയും ചെയ്തു. ഇതിനിടെ സനല്‍ വിദേശത്തേക്ക് പോയി. സനല്‍ വിദേശത്ത് പോയ കാലയളവില്‍ ചന്ദ്രപ്രഭ ഓട്ടോറിക്ഷ ഡ്രൈവറായ അജേഷുമായി പ്രണയത്തിലായി. അജേഷ് പലപ്പോഴും തന്നോടൊപ്പം കഴിഞ്ഞിരുന്നതായി ചന്ദ്രപ്രഭ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
വിദേശത്തുനിന്നു നാട്ടില്‍ മടങ്ങിയെത്തിയ സനല്‍ ഓട്ടോ ഡ്രൈവര്‍ അജേഷും ചന്ദ്രപ്രഭയും തമ്മിലുള്ള അവിഹിത ബന്ധം മനസിലാക്കി. കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ചന്ദ്രപ്രഭയോട് പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. എട്ടുമാസം പ്രായമായ സുപ്രിയ തന്റെ ദാമ്പത്യജീവിതത്തിന് ഭീഷണിയാകുമെന്ന് മനസിലാക്കിയ ചന്ദ്രപ്രഭ ഒടുവില്‍ അജേഷുമായി ചേര്‍ന്ന് ആ ദാരുണ കൃത്യത്തിന് പദ്ധതി തയ്യാറാക്കി ആര്‍ക്കും സംശയം ഉണ്ടാകാത്ത വിധത്തില്‍ കുഞ്ഞിനെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് അജേഷും ചന്ദ്രപ്രഭയും കുഞ്ഞിനെ കൊലപ്പെടുത്തിയത്. വീടിന് മുകളിലെ വാട്ടര്‍ ടാങ്കിനകത്തിട്ട് കൊല നടത്തി കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം കിടപ്പുമുറിയിലെ കട്ടിലില്‍ കിടത്തുകയായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് നിന്നും വെള്ളം തുടച്ച് തെളിവും നശിപ്പിച്ചിരുന്നു. അടുത്ത ദിവസം രാവിലെ ചന്ദ്രപ്രഭ ഉറക്കെ നിലവിളിച്ചുകരഞ്ഞ് തന്റെ കുഞ്ഞ് മരിച്ചുവെന്ന് അയല്‍വാസികളോടു പറഞ്ഞു.
അയല്‍വാസികളുമായി നല്ല ബന്ധത്തിലായിരുന്നില്ല ചന്ദ്രപ്രഭ. കടയ്ക്കാവൂര്‍ പോലീസില്‍ ചന്ദ്രപ്രഭ തന്നെ വിവരം അറിയിച്ചു. ഉറക്ക ഗുളിക കഴിച്ച് ഉറങ്ങുന്നതിനിടെ കുഞ്ഞിന്റെ ദേഹത്ത് കയറിക്കിടന്നതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചുവെന്നാണ് അന്ന് ചന്ദ്രപ്രഭ പോലീസിനോട് പറഞ്ഞത്. ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ കുഞ്ഞിനെയും ചന്ദ്രപ്രഭയെയും പോലീസ് എത്തിച്ചപ്പോള്‍ വിദഗ്ധമായി മനോനില തെറ്റിയവളെപ്പോലെ ചന്ദ്രപ്രഭ അഭിനയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















