തലസ്ഥാനത്തു തുടര്‍ച്ചയായ രണ്ടാം ദിവസവും നിലയ്ക്കാത്ത പെരുമഴ; നിരവധി മരണങ്ങള്‍, പൂവാറില്‍ കടലില്‍ ഒലിച്ചുപോയ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

പെരുമഴയില്‍ ദുരിതത്തിലായി പൊതുജനം. നിലയ്ക്കാത്ത പെരുമഴ തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. റോഡുകളെല്ലാം വെള്ളത്തിനടിയിലായി. ട്രെയിന്‍ റോഡു ഗതാഗതങ്ങളെല്ലാം സ്തംഭിച്ചു. വിനോദസഞ്ചാരത്തിന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘത്തിലെ അഞ്ചു പേരെ തിരയില്‍പെട്ട് കാണാതാകുകയും ചെയ്തു. ഇവരുടെ മൃതദേഹം ഇന്ന് കണ്ടെടുത്തു. വിതുരയില്‍ പിഎസ്‌സി പരീക്ഷയെഴുതാന്‍ പോയ യുവാവ് തലയില്‍ മരംവീണു മരിച്ചു.
സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ തുടങ്ങിയ മഴ ഇന്നു രാവിലെയും തുടരുകരയാണ്. നാളെവരെ ഏഴു സെന്റിമീറ്റര്‍വരെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം ശക്തമായ മഴയില്‍ തലസ്ഥാനത്തെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വരുന്ന രണ്ടു ദിവസത്തേക്ക് ജില്ലയില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. കടലില്‍ ഏഴു മീറ്ററിലധികം ഉയരത്തില്‍ തിരമാലകളുണ്ടാവാന്‍ സാധ്യയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പോവരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരുനെല്‍വേലിയില്‍ നിന്നും പൊഴിയൂരിലെത്തിയ വിനോദയാത്രാ സംഘത്തില്‍പെട്ട 20 പേരില്‍ നാല് കുട്ടികളടക്കമാണ് അഞ്ച് പേരെ കാണാതായത്. തിരുനെല്‍വേലി മേലെപ്പാളയം സ്വദേശികളായ തയൂബ (30), മകള്‍ സബൂര്‍നിസ (13), ബന്ധുക്കളായ സുഹൈന്‍(14), മര്‍സുഖ (14), ഫാത്തിമ (12) എന്നിവരാണ് അപകടത്തില്‍പെട്ടത്. തമിഴ്‌നാടിനോടു ചേര്‍ന്നുള്ള തെക്കേ കൊല്ലങ്കോട് കടല്‍ത്തീരത്തു നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് തീരസംരക്ഷണ സേന അറിയിച്ചു.
ഇന്നലെ വൈകുന്നേരം ആറിനാണ് അപകടം. രാവിലെ പൂവാറിലെ ഒരു ബോട്ട് ക്ലബ്ബിലെത്തിയ സംഘം ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് ബോട്ടുകളിലായി കടല്‍ കാണുന്നതിനായി പൊഴിയൂരിലെ കടല്‍ കരയില്‍ എത്തിയതായിരുന്നു. പൊഴിമുറിക്കുന്ന അപകടമേറിയ സ്ഥലത്ത് നാട്ടുകാര്‍ വരെ ഇറങ്ങാറില്ല. എന്നാല്‍ അപകടത്തെക്കുറിച്ച് അറിയാത്ത കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങിയ ഉടനെ പെട്ടെന്ന് തിരയില്‍ പെട്ടതിനെ തുടര്‍ന്നാണ് അപകടം.
കുട്ടികളെ രക്ഷിക്കാനിറങ്ങിയതിനെ തുടര്‍ന്നാണ് സയൂബ അപകടത്തില്‍ പെട്ടത്. കൂടെ വന്നവരുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊഴിയൂര്‍ പൊലീസും പൂവാറിലെ ഫയര്‍ഫോഴ്‌സ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയെങ്കിലും ശ്രമം വിഫലമായി. തുടര്‍ന്ന് അറിയിച്ചതനുസരിച്ച് എത്തിയ കോസ്റ്റ് ഗാര്‍ഡ് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ രാത്രി വൈകിയും തുടര്‍ന്നു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥിയാണ് മരം വീണു മരിച്ചത്. പോത്തന്‍കോട് ചേങ്കോട്ടുകോണം ചെല്ല ഭവനില്‍ സുരേഷ് കുമാറിന്റെയും സിന്ധുവിന്റെയും മകന്‍ സുജിത് (25) ആണു മരിച്ചത്.
നെടുമങ്ങാടിനു സമീപം വിതുര റോഡിലെ പുളിമൂട്ടിലായിരുന്നു അപകടം. വിതുരയിലെ പരീക്ഷ സെന്ററിലേക്ക് ബൈക്കില്‍ വീട്ടില്‍നിന്നു യാത്ര തിരിച്ചതാണ് സുജിത്. തൊളിക്കോട് പുളിമൂട്ടില്‍ വച്ച് ആഞ്ഞിലി മരത്തിന്റെ ഉണങ്ങിയ വലിയ കൊമ്പ് ഉയരത്തില്‍നിന്ന് ഒടിഞ്ഞ് സുജിത്തിന്റെ തലയിലേക്ക് വീഴുകയായിരുന്നു. പരീക്ഷാ കേന്ദ്രമായ വിതുര വിഎച്ച്എസ്എസിലേക്ക് പോകും വഴി കണിവാക മരത്തിന്റെ ഉണങ്ങിനിന്ന ശിഖരം സുജിത്തിനുമേല്‍ വീഴുകയായിരുന്നു. ഹെല്‍മറ്റ് പൊട്ടി തലയ്ക്കു ക്ഷതമേറ്റ സുജിത്തിനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാര്‍ത്താണ്ഡത്തെ എന്‍ജിനിയറിങ് കോളേജിലാണ് സുജിത് പഠിക്കുന്നത്. സഹോദരി: സുജിഷ.
തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിലെല്ലാം വെള്ളം കയറി. വാഹനഗതാഗതവും തടസപ്പെട്ടു. സെന്‍ട്രല്‍ റെയ്ല്‍വെ സ്‌റ്റേഷനില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നു ട്രെയ്ന്‍ ഗതാഗതം നിര്‍ത്തിവച്ചു. പല ട്രെയ്‌നുകളും വൈകിയാണ് യാത്ര ആരംഭിച്ചത്.
മഴയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും മന്ത്രി വി എസ്. ശിവകുമാര്‍ തിരുവനന്തപുരം ജില്ലാ കലക്റ്റര്‍ക്കു നിര്‍ദ്ദേശം നല്‍കി. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. കലക്റ്റര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലക്റ്ററേറ്റില്‍ താത്കാലിക ക്യാംപ് ആരംഭിച്ചു.
രണ്ടു ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ സാമാന്യം വ്യാപകമായും ലക്ഷദ്വീപില്‍ വ്യാപകമായും ഇന്നു മഴയുണ്ടാകുമെന്നു കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചു. നാളെ ലക്ഷദ്വീപിലും കേരളത്തിലെ ചിലയിടങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
അടുത്ത 24 മണിക്കൂറില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ശ്രദ്ധിക്കണം. ഇന്നലെ ലക്ഷദ്വീപിലും കേരളത്തിലും വ്യാപക മഴയുണ്ടായി. ഹോസ്ദുര്‍ഗ് ആറു സെ.മീ, ആലപ്പുഴ, കായംകുളം, ഇരിങ്ങാലക്കുട, കുന്നംകുളം, മാനന്തവാടി മൂന്നു സെ.മീ, വെള്ളാനിക്കര, മങ്കൊമ്പ് രണ്ടു സെ.മീ, നെയ്യാറ്റിന്‍കര ഒന്നര സെ.മീ. എന്നിങ്ങനെ മഴ പെയ്തു. തലസ്ഥാനത്ത് ഇന്നലെ രാവിലെ ആരംഭിച്ച മഴ വൈകിട്ടോടെ കനത്തു.
തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു ട്രെയിനുകള്‍ വൈകിയാണു പുറപ്പെടുന്നത്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരം മുട്ടൊപ്പം വെള്ളത്തില്‍ മുങ്ങി. ട്രാക്കില്‍ വെള്ളം കയറിയതും കടയ്ക്കാവൂരിനടുത്ത് ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിനില്‍ വെള്ളം കയറി ട്രെയിന്‍ നിന്നതുമാണു ഗതാഗതം തടസപ്പെടുത്തിയത്.
തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളംകയറി. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നടന്ന വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്നു പെയ്തിറങ്ങിയ മഴവെള്ളത്തെ ഒഴുക്കിക്കളയാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















