മനസ് തുറന്ന് ഉമ്മന്‍ ചാണ്ടി... 5 വര്‍ഷം തികയ്ക്കുമെന്ന് ഉറപ്പില്ല; അരുവിക്കര സര്‍ക്കാരിന്റെ ഭരണത്തിനുള്ള വിലയിരുത്തലാകും; ആന്റണി പറഞ്ഞത് ശരി; പിസി ജോര്‍ജിന് എല്ലാ പരിഗണനയും നല്‍കിയിരുന്നു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവസാനം ഉള്ള സത്യം തുറന്നു പറഞ്ഞു. മുഖ്യമന്ത്രിയായി അഞ്ചുവര്‍ഷം തികയ്ക്കുമെന്ന് ഉറപ്പില്ല. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിലെ നേതൃമാറ്റത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കെടുത്തിയോയെന്ന് ജനം തീരുമാനിക്കട്ടെ. അരുവിക്കര ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ ഭരണത്തിനുള്ള വിലയിരുത്തലാകും.
അഴിമതിയ്‌ക്കെതിരെ എ.കെ.ആന്റണി പറഞ്ഞതില്‍ തെറ്റില്ലെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അഴിമതിയെ കുറിച്ച് ആന്റണി പറഞ്ഞതിനെ മറ്റുപലതുമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. ആന്റണിയുടെ കാലത്ത് അഴിമതി നടന്നുവെന്ന് കരുതുന്നില്ല. അഴിമതിക്കെതിരെ വിരല്‍ ചൂണ്ടാന്‍ ഏറ്റവും അര്‍ഹതയുള്ള നേതാവാണ് അദ്ദേഹമെന്നും തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കേരളം എങ്ങോട്ട് എന്ന സെമിനാറില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുയവെ മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍വീസ് സംഘടനകളുടെ യോഗത്തില്‍വച്ചാണ് ആന്റണി അഴിമതിയെക്കുറിച്ച് പരാമര്‍ശം നടത്തിയത്.
അഴിമതിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ആന്റണി അങ്ങനെ പറഞ്ഞത്. സതീശന്റെ അഭിപ്രായത്തെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല. വിവാദപരമായ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ല. സര്‍ക്കാരിന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നത്. ഞാന്‍ എല്ലാം തികഞ്ഞ ആളാണെന്ന് പറയുന്നില്ല. എല്ലാവരുടെയും സഹകരണം കൊണ്ടാണ് 4 വര്‍ഷം പൂര്‍ത്തിയാക്കിയത് ഇതില്‍ ഒരു മാജിക്കും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്, എന്നാല്‍ അത് വിലപോവില്ല. അടിസ്ഥാന സൗകര്യത്തിന് സര്‍ക്കാരിന്റെ പണം മാത്രമെന്ന കാഴ്ചപ്പാട് മാറണം. വിഴിഞ്ഞം പോലുള്ള വന്‍കിട പദ്ധതികള്‍ ഇനിയും കൊണ്ടുവരാന്‍ സാധിക്കും. വിഴിഞ്ഞം പദ്ധതിയില്‍ എല്ലാം സുതാര്യമായാണ് നടന്നത്. എല്ലാകാര്യങ്ങളും ക്യാബിനറ്റ് ചര്‍ച്ചചെയ്യും. എല്ലാവശവും നോക്കിയെ അവസാന തീരുമാനം ഉണ്ടാകു. അതുകാര്യവും ആരുമായും ചര്‍ച്ചചെയ്യാന്‍ തയാറണെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
പി.സി. ജോര്‍ജുമായി ബന്ധപ്പെട്ട വിഷയത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. എല്ലാവരും തനിക്ക് വേണ്ടപ്പെട്ടവരാണ്. ഒരാളെയും തള്ളിപ്പറഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ ഉണ്ട്. കേരള കോണ്‍ഗ്രസില്‍ ഉള്ളവരും യുഡിഎഫില്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രി പിസിയെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. പാര്‍ട്ടിയാണ് തീരുമാനമെടുക്കുക. അദ്ദേഹത്തിന് എല്ലാ പരിഗണനയും കൊടുത്തിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















