കണ്ണൂര്‍ സ്പെഷല്‍ ബ്രാഞ്ചില്‍ നിന്നും കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിയ സന്ദേശം ടൗണ്‍ പോലീസിനെ മൂള്‍മുനയില്‍ നിര്‍ത്തി, ഒടുവില്‍...!
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി കണ്ണൂര്‍ സ്പെഷല്‍ ബ്രാഞ്ചില്‍ നിന്നും ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍ വന്നു. ചാലാട് ഒരു വീട് ആക്രമിക്കുന്നു എന്നായിരുന്നു ഫോണ്‍ സന്ദേശം. ടൗണ്‍ സ്റ്റേഷനില്‍ നിന്നും ഉടന്‍ പോലീസ് സംഘം ചാലാടിലേക്ക് കുതിച്ചു. പഞ്ഞിക്കൈയിലെ എ. രേണുക എന്നയാളുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. പോലീസ് വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെ സ്പെഷല്‍ ബ്രാഞ്ചിന് മറ്റൊരു കോള്‍ വന്നു.
സ്പെഷല്‍ ബ്രാഞ്ചിലേക്ക് നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് വിവരങ്ങള്‍ കൈമാറിയത്. കൊറ്റാളി അത്താഴക്കുന്നിലെ സിപിഎം ഓഫീസിനു നേരെ അക്രമം നടക്കുന്നുവെന്നാണ് ഫോണ്‍ സന്ദേശത്തിലുണ്ടായിരുന്നത്.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ സാധ്യതയുണ്ടെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പോലീസിനുള്ളതുകൊണ്ട് പെട്ടെന്ന് തന്നെ ചാലാട് നിന്നും പോലീസ് സംഘം അത്താഴക്കുന്നിലേക്ക് പുറപ്പെട്ടു. കൊറ്റാളിയില്‍ നിര്‍ത്തിയിട്ട മൂന്ന് ബസുകള്‍ക്കു നേരെ അക്രമം നടന്നിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് വഴിയില്‍ വച്ച് വീണ്ടും കോളെത്തി.
ഇതറിഞ്ഞ് കൊറ്റാളിയിലേക്ക കുതിച്ച രണ്ട് സംഘം പോലീസ് കണ്ടത് സിപിഎം ഓഫീസിനു പുറമെ നിര്‍ത്തിയിട്ട മൂന്ന് ബസുകള്‍ക്കും ഒരു കാറിനു നേരെയും അക്രമം നടന്നതായാണ്. കൂടാതെ, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉയര്‍ത്തിയ ബോര്‍ഡുകളും തകര്‍ത്ത നിലയിലാണ് പോലീസ് കണ്ടെത്തിയത്. റേഷന്‍ കടയില്‍ സൂക്ഷിച്ച മണ്ണെണ്ണ ബാരല്‍ റോഡിലേക്ക് തള്ളിയിട്ട നിലയിലായിരുന്നു.
പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയും ഇതുവഴി വന്ന വാഹനങ്ങള്‍ തടഞ്ഞ് പ്രതികളെ തെരയുകയും ചെയ്തു. ഒടുവില്‍ മാനികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവാണ് ആക്രമണം നടത്തിയതെന്ന് പോലീസ് മനസിലാക്കി. ഇതേ തുടര്‍ന്ന് സ്ഥലത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി സംസാരിച്ച് സമാധാനം ഉറപ്പുവരുത്തിയശേഷം പുലര്‍ച്ചയോടെയാണ് പോലീസ് മടങ്ങിയത്.
https://www.facebook.com/Malayalivartha