എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..

തെരഞ്ഞെടുപ്പ് ജോലികളിൽ ഗുരുതര പിഴവ് വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ മുൻമുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിച്ച ചരിത്രം നമുക്ക് മുമ്പിലുള്ളപ്പോൾ എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തതെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നുമുയരുന്നു. തെരഞ്ഞടുപ്പ് ജോലികളിൽ ഏർപ്പെട്ട ജീവനക്കാരിൽ 90% വും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംഘടനാ പ്രവർത്തകരാണെന്ന വിവരവും ഇതിനൊപ്പം പുറത്തുവരുന്നു. ഈ സാഹചര്യത്തിൽ സ്ട്രോങ്ങ് റൂം തുറന്നത് മാനുഷികമായ ഒരു പിഴവ് മാത്രമാണെന്ന നിസാരമായ കണ്ടെത്തലിൽ വിശ്വസിക്കാൻ കോൺഗ്രസ് തയ്യാറല്ല.അതായത് ബാലറ്റ് പെട്ടികളിൽ കൃത്രിമം നടന്നോ എന്ന സംശയത്തിലാണ് കോൺഗ്രസ്.
സംസ്ഥാനത്ത് യു ഡി എഫ് തരംഗമുണ്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ബാലറ്റ് സൂക്ഷിച്ച മുറികൾ ഇഷ്ടക്കാർ തുറന്നത്. ജീവനക്കാർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സമ്മർദ്ദം ഉണ്ടെന്നാണ് മനസിലാക്കുന്നത്. സ്ട്രോങ്ങ് റൂമുകളിൽ അനധികൃതമായി പ്രവേശിക്കുന്നത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ തുടരാൻ ഇത് ഇടയാക്കും എന്നും ആരോപണമുണ്ട്.വോട്ടിംഗ് യന്ത്രങ്ങൾ അതീവ സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമിൽ ഉദ്യോഗസ്ഥർ കടന്നു കയറിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. കോഴിക്കോട് പേരാമ്പ്ര നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമിൽ റിട്ടേണിംഗ് ഓഫീസർ കടന്നു കയറിയെന്ന് പരാതിയിലാണ് അന്വേഷണം നടക്കുന്നതായി കമ്മീഷൻ വ്യക്തമാക്കിയത്.
സ്ട്രോംഗ് റൂമിനും സമീപത്തെ രേഖകൾ സൂക്ഷിച്ചിട്ടുള്ള അനുബന്ധ മുറികളിലും ഉദ്യോഗസ്ഥർ കടന്നു കയറിയത് ഗുരുതരപിഴവ് ആണെന്ന് ചൂണ്ടിക്കാണിവ്വ് ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണം നടക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകളുടെ ചുമതല കേന്ദ്രസേനയ്ക്കാണ് . സുരക്ഷാപാളിച്ച ഉണ്ടായോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇവരോടും വിശദീകരണം തേടും. തെരഞ്ഞെടുപ്പ് ജോലികളിൽ ഗുരുതര പിഴവ് വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെജനാധിപത്യ പ്രക്രിയയുടെ ഭാഗമായി നടപടിയെടുത്ത ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളിൽ മാത്രം ഒരു നടപടിയുമില്ല. സ്ഥാനാർത്ഥികളുടെയോ
ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും മാത്രം കയറാൻ അനുമതിയുള്ള പ്രദേശങ്ങളിൽ റിട്ടേണിംഗ് ഓഫീസർമാർ അടക്കം കടന്നു കയറിയതായി വ്യാപക പരാതികളാണ് പല സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്നത് . ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കുന്നതും സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നതും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പലതവണ വിലക്കിയിട്ടുണ്ട്. എന്നാൽ ഈ നിർദ്ദേശം മുഖവിലക്കെടുക്കാതെ പലയിടങ്ങളിലും കയറാൻ ശ്രമം നടന്നതായി പരാതികൾ ഉയരുന്നു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ് . പേരാമ്പ്രയ്ക്ക് പിന്നാലെ ഒട്ടേറെ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ ശ്രമം നടന്നതായി പരാതികൾ ഉയർന്നിരുന്നു തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് മെഷീനുകള്‍ (ഇ വി എം) സൂക്ഷിച്ച സ്‌ട്രോംഗ് റൂമുകള്‍ തുറക്കുകയോ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്ത സംഭവങ്ങള്‍.
കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി, കുന്ദമംഗലം, പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച കോഴിക്കോട് വെള്ളിമാട്കുന്ന് ജെ ഡി ടി സ്‌കൂളിലെ സ്‌ട്രോംഗ് റൂമാണ് തിങ്കളാഴ്ച രാവിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ തുറന്നത്. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് തുറന്നത്, വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച മുറിയല്ലെന്നാണ് റിട്ടേണിംഗ് ഓഫീസറുടെ വിശദീകരണം.എന്‍കോര്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനാണത്രെ റൂമില്‍ പ്രവേശിച്ചത്. നാമനിര്‍ദേശ പത്രികാസമര്‍പ്പണം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കാനുള്ള സോഫ്റ്റ്‌വെയറാണ് എന്‍കോര്‍. അതേസമയം ഡെപ്യൂട്ടി കലക്ടര്‍ നല്‍കുന്ന വിശദീകരണം മറ്റൊന്നാണ്.
വോട്ടെടുപ്പ് ദിവസത്തെ വിവരങ്ങള്‍ രേഖപ്പെടുത്തിയ പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിയിലെ വിവരങ്ങള്‍ ഒത്തുനോക്കാനാണ് മുറി തുറന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഈ വിശദീകരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംതൃപ്തരല്ല. തിരഞ്ഞെടുപ്പ് പ്രക്രിയക്കിടെ സംഭവിച്ച ഈ ഗുരുതര വീഴ്ചക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും കത്ത് നല്‍കിയിരിക്കുകയാണ് ആറ് നിയോജക മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍. മലപ്പുറത്തും പാലക്കാട്ടും സ്‌ട്രോംഗ് റൂമുകള്‍ തുറക്കാനുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ ശ്രമം രാഷ്ട്രീയ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയാണുണ്ടായത്.ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പുകളുടെ ഓരോ ഘട്ടത്തിലും വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കേണ്ടതുണ്ട്.
വോട്ട് രേഖപ്പെടുത്തുന്നത് മുതല്‍ എണ്ണി ഫലപ്രഖ്യാപനം നടത്തുന്നത് വരെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടവും സംശയരഹിതമായിരിക്കണം. ജനവിധി രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്നതോടെ തിരഞ്ഞെടുപ്പിന്റെ ഏറ്റവും നിര്‍ണായക ഘട്ടം ആരംഭിക്കുകയായി. സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്യുന്ന സ്‌ട്രോംഗ് റൂമുകള്‍ പിന്നീട് വോട്ടെണ്ണല്‍ ദിവസത്തില്‍ മാത്രമേ തുറക്കാവൂ എന്നാണ് ചട്ടം.കടുത്ത സുരക്ഷാസംവിധാനങ്ങളാണ് ചട്ടപ്രകാരം സ്‌ട്രോംഗ് റൂമുകള്‍ക്ക് ഏര്‍പ്പെടുത്തുന്നത്. വോട്ടിംഗ് മെഷീനുകളിലും സ്‌ട്രോംഗ് റൂമിനും പ്രത്യേക സീലുകളാല്‍ മുദ്രവെക്കപ്പെടണം. ഡബിള്‍ ലോക്ക് സംവിധാനമുള്ളതായിരിക്കും സ്‌ട്രോംഗ് റൂമുകള്‍. ഒന്നിന്റെ ചാവി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും മറ്റൊന്ന് സുരക്ഷാ ഉദ്യോഗസ്ഥരും കൈവശം വെക്കും. 24 മണിക്കൂറും കേന്ദ്ര സേനയുടെയും സംസ്ഥാന പോലീസിന്റെയും കാവലുണ്ടായിരിക്കും.
സ്‌ട്രോംഗ് റൂമുകളുടെ പ്രവേശനകവാടവും പരിസരവും സി സി ടി വി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും.രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാർക്ക് സ്‌ട്രോംഗ് റൂമിന് പുറത്ത് കാവല്‍ നില്‍ക്കാന്‍ അനുവാദം നല്‍കും. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരിക്കണം വോട്ടെണ്ണല്‍ ദിവസം സ്‌ട്രോംഗ് റൂം തുറക്കേണ്ടത്. വോട്ടിംഗ് മെഷീനുകളില്‍ പതിച്ച മുദ്രകള്‍ക്ക് എന്തെങ്കിലും ക്ഷതം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ മെഷീന്‍ പുറത്തെടുക്കുകയുള്ളൂ. ഇത്രയും ശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും ഇടക്ക് പലപ്പോഴും വിവാദങ്ങള്‍ ഉയരുന്നത് ഈ സംവിധാനങ്ങളുടെ നടത്തിപ്പിലെ അപര്യാപ്തതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.വോട്ടെടുപ്പിനും വോട്ടെണ്ണലിനുമിടയിലെ ഇടവേളയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഉയരുന്ന ചെറിയൊരു സംശയം പോലും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കും.
ഭരണപരമോ സാങ്കേതികമോ ആയ കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ സ്‌ട്രോംഗ് റൂമുകള്‍ തുറക്കുന്നത് രാഷ്ട്രീയ കക്ഷികളില്‍ ആശങ്ക സൃഷ്ടിക്കുക സ്വാഭാവികം. വോട്ടിംഗ് മെഷീന്‍ സംബന്ധിച്ചുതന്നെ സംശയം നിലനില്‍ക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്.തീര്‍ത്തും സുരക്ഷിതവും കൃത്രിമത്വത്തിന് യാതൊരു സാധ്യതയില്ലാത്തതുമാണ് രാജ്യത്ത് ഉപയോഗിച്ചു വരുന്ന മെഷീനുകളെന്ന് തിര. കമ്മീഷന്‍ ആവര്‍ത്തിച്ച് ആണയിടുന്നുണ്ടെങ്കിലും ജനങ്ങളുടെ സംശയങ്ങള്‍ പൂര്‍ണമായും നീങ്ങിയിട്ടില്ല. വി വി പാറ്റ് എണ്ണങ്ങളെ സംബന്ധിച്ചും എസ് ഐ ആറിലെ നടപടി ക്രമങ്ങളെക്കുറിച്ചും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. അതിനിടെ സംശയാസ്പദമായ രീതിയിലുള്ള ഉദ്യോഗസ്ഥരുടെ സ്‌ട്രോംഗ് റൂം തുറക്കല്‍ ജനങ്ങളുടെ സന്ദേഹം വര്‍ധിപ്പിക്കും.പുതിയ വിവാദങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെ പരാതിയുടെയും അടിസ്ഥാനത്തില്‍ വോട്ടെണ്ണല്‍ ദിവസമായ മേയ് നാലിന് മുമ്പായി ഒരു കാരണവശാലും സ്‌ട്രോംഗ് റൂമുകള്‍ തുറക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍. സീല്‍ ചെയ്ത റൂം മാത്രമല്ല, തിരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറികളും തുറക്കരുതെന്നും ജില്ലാ പോളിംഗ് ഓഫീസര്‍മാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും അയച്ച ഉത്തരവില്‍ പറയുന്നുണ്ട്. ഇതാശ്വാസകരമാണ്. എങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ട്. അതേ സമയം നടന്ന സംഭവങ്ങളിൽ കമ്മീഷൻ കൃത്യമായ വിശദീകരണം നൽകുന്നില്ല.സുതാര്യതയാണ് ജനാധിപത്യത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും ജീവവായു. അത് സംരക്ഷിക്കാന്‍ കമ്മീഷന്‍ സജീവ ജാഗ്രത പുലര്‍ത്തണം. ഒപ്പം രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും. തീര്‍ത്തും സംശയരഹിതമാകട്ടെ മേയ് നാലിന് പുറത്തുവരുന്ന ജനവിധി.നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന മേയ് 4 വരെ വോട്ടിങ് യന്ത്രങ്ങൾക്കു കാവൽ നിൽക്കാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥിയുടെ ഇലക്‌ഷൻ ഏജന്റ് റിട്ടേണിങ് ഓഫിസർക്ക്
അപേക്ഷ നൽകിയത് ഇതു സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന്റെ ചുവടുപിടിച്ചാണ്. 2023 ൽ കമ്മിഷൻ പുറത്തിറക്കിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.ജയന്തിന്റെ ഇലക്‌ഷൻ ഏജന്റ് ജെയ്സൺ ജോസഫ് പറഞ്ഞു.കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു നീക്കം. ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ നിയമപരമായി രാഷ്ട്രീയ കക്ഷികൾക്ക് ഇത്തരത്തിൽ നിരീക്ഷണത്തിന് ആവശ്യപ്പെടാൻ ആകുമോ എന്ന സംശയം വിവിധ കോണുകളിൽ ഉയർന്നിരുന്നു. നിരീക്ഷിക്കാമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത, സുതാര്യത, വിശ്വാസ്യത എന്നിവ ഉയർത്തിപ്പിടിക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വത്തിനോ ക്രമക്കേടിനോ സാധ്യതയില്ലെന്ന് ഉറപ്പാക്കുന്നതിനും സ്ഥാനാർഥികളുടെ പ്രതിനിധികളെ സ്ട്രോങ് റൂമുകൾ നിരീക്ഷിക്കാൻ അനുവദിക്കണമെന്ന്
2023 ജൂലൈ 18 ന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് അയച്ച കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയതെന്ന് ജെയ്സൺ ജോസഫ് പറഞ്ഞു.മലപ്പുറം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയതായി യുഡിഎഫ് ചെയർമാൻ അബ്ദുൽ മജീദ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച് യുഡിഎഫ് നേതൃത്വം ഉടൻ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി.ഉപയോഗിക്കാത്ത റിസർവ് വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിൽ നിന്ന് പുറത്തേക്ക് മാറ്റാനാണ് കലക്ടർ നിർദേശം നൽകിയതെന്നാണ് ലഭ്യമാകുന്ന വിവരം.
സാധാരണഗതിയിൽ വോട്ടെണ്ണൽ ദിവസം രാവിലെ മാത്രം തുറക്കേണ്ട സ്ട്രോങ്ങ് റൂമുകൾ ഇപ്പോൾ തുറക്കുന്നത് ദുരൂഹമാണെന്ന് യുഡിഎഫ് ആരോപിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുമെന്ന ആശങ്ക രാഷ്ട്രീയ കക്ഷികൾ പങ്കുവെച്ചു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാന സർക്കാരിന്റെയോ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയോ ഇടപെടൽ ഇതിലുണ്ടോ എന്ന് സംശയിക്കുന്നതായും യുഡിഎഫ് നേതാക്കൾ പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച യുഡിഎഫ്, കലക്ടറുടെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ സ്ട്രോങ്ങ് റൂമുകൾ തുറക്കാനുള്ള തീരുമാനം കലക്ടർ പിൻവലിക്കുകയും നിലവിലെ സ്ഥിതി തുടരാൻ നിർദേശിക്കുകയും ചെയ്തു.
സ്ട്രോങ് റൂം അടയ്ക്കുന്ന രീതിയെ ചൊല്ലി കേന്ദ്ര നിരീക്ഷകനും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തർക്കമുണ്ടായി . വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂം പൂട്ടുന്നതിന് പിന്തുടർന്നു വരുന്ന സുരക്ഷാ ചട്ടങ്ങൾ സംബന്ധിച്ചാണ് ഇരുകൂട്ടരും തർക്കമുണ്ടായത്. വൈക്കം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കോട്ടയം ബസേലിയസ് കോളജിലാണ് ആശയക്കുഴപ്പം ഉടലെടുത്തത്. കേരളത്തിൽ സ്ട്രോങ് റൂം രണ്ട് പൂട്ടിട്ട് പൂട്ടി, രണ്ടിന്റെയും താക്കോൽ രണ്ട് ഉദ്യോഗസ്ഥരുടെ പക്കല്‍ സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ സ്ട്രോങ് റൂം പൂട്ടിയ ശേഷം താക്കോൽ അതേ പൂട്ടിനൊപ്പം വെച്ച് സീൽ ചെയ്യണമെന്നായിരുന്നു കേന്ദ്ര നിരീക്ഷകന്റെ നിലപാട്. അസമിലും ബംഗാളിലുമെല്ലാം അതാണ് രീതിയെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്ര നിരീക്ഷകന്റെ നിലപാടിനോട് യോജിക്കാൻ റിട്ടേണിങ് ഓഫീസര്‍ സമ്മതിച്ചില്ല. താക്കോൽ പുട്ടിന്റെ കൂടെ വെച്ചിട്ട് പോകാൻ കഴിയില്ലെന്ന് അദ്ദേഹം നിലപാടെടുത്തു.
താഴിനൊപ്പം താക്കോലും വെച്ച് പോകുന്നത് സുരക്ഷാപ്രശ്നമാണെന്ന് പോലീസും കേന്ദ്ര നിരീക്ഷകൻ രഞ്ജൻ കുമാർ സിൻഹയെ അറിയിച്ചു. എന്നാൽ അദ്ദേഹം വഴങ്ങിയില്ല. രണ്ട് പൂട്ടിട്ട് പൂട്ടി, ഓരോന്നിന്റെയും താക്കോൽ റിട്ടേണിങ് ഓഫിസറും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറും സൂക്ഷിച്ചാൽ അത് സുരക്ഷിതത്വം കൂട്ടുമെന്നും, അതാണ് കേരളത്തിൽ പിന്തുടർന്ന് പോരുന്ന രീതിയെന്നും ഉദ്യോഗസ്ഥർ നിരീക്ഷകൻ രഞ്ജൻ കുമാർ സിൻഹയോട് പറഞ്ഞു. രണ്ട് ഓഫീസർമാരും ഒരുമിച്ച് വന്നാലേ പൂട്ട് തുറക്കാനാകൂ എന്നതാണ് ഈ രീതിയുടെ മെച്ചം. വാതിലിനു കുറുകെ പട്ടിക തറച്ചു കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്യുകയാണ് പതിവ്. അസമിലും ബംഗാളിലും ഓരോ താക്കോൽ വീതം പൂട്ടുകൾക്കൊപ്പം സീൽ ചെയ്ത് വെക്കും. ഓരോ താക്കോലുകൾ ഉദ്യോഗസ്ഥരുടെ കൈയിലും ഉണ്ടാകും. കോട്ടയം വെസ്റ്റ് പൊലീസ് ഈ രീതിയിൽ പ്രശ്നമുണ്ടെന്ന് അറിയിച്ചു. റിട്ടേണിങ് ഓഫീസറും എതിർത്തു.
ഇതിനിടെ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായ നാട്ടകം സുരേഷ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണയ്ക്ക് പരാതി നൽകി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കർക്കും പരാതി നൽകി. ഇലക്‌ഷൻ ഏജന്റ് ജി.ഗോപകുമാറും പരാതി രേഖാമൂലം സമർപ്പിച്ചു. ജില്ലാ കളക്ടർ സ്ഥലത്തെത്തിയെങ്കിലും പൂട്ടുന്ന രീതിയിൽ മാറ്റം വരുത്താൻ കാവൽ നിന്ന സൈനികർ സമ്മതിച്ചില്ല. ഇവർ ഉദ്യോഗസ്ഥർക്കു നേരെ തോക്ക് ചൂണ്ടുകയും ചെയ്തു. പിന്നീട് ജില്ലാ കളക്ടർ കേന്ദ്ര നിരീക്ഷകനുമായി ചർച്ച നടത്തി. സ്ട്രോങ് റൂമുകൾ പഴയ രീതിയിൽ പൂട്ടാമെന്ന് കേന്ദ്ര നിരീക്ഷകൻ സമ്മതിച്ചു.ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നിട്ടും മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നടപടിയെടുക്കാതെ നിശബദത പാലിക്കുന്നു, പത്തു വർഷം ഭരിച്ച സർക്കാരിന് ഭരണത്തുടർച്ച ലഭിച്ചില്ലെങ്കിൽ അസ്വസ്ഥതതകൾ ഉടലെടുക്കുന്നത് സ്വാഭാവികം മാത്രം. അതിന്റെ ഭാഗമായ സമ്മർദ്ദങ്ങളാകാം കമ്മീഷനും അനുഭവിക്കുന്നത്.
https://www.facebook.com/Malayalivartha
























