കേരളത്തില്‍ വിഎച്ച്പിയെ വളര്‍ത്താന്‍ വെള്ളാപ്പള്ളി ഇറങ്ങും: തൊഗാഡിയ ചര്‍ച്ച നടത്തിയത് എല്ലാ മേഖലകളിലും പരസ്പര സഹായം എന്ന ലക്ഷ്യത്തോടെ

അവസരത്തിനനുസരിച്ച് ഇരു മുന്നണികളെയും സൗകര്യം പോലെ ആക്ഷേപിക്കുന്ന വെള്ളാപ്പള്ളി പുതിയ കരു നീക്കത്തിന്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികള്‍ ചരടുവലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ മുന്‍കൂട്ടിയുളള ഏറാണ് വിഎച്ച്പിയുടെ ലക്ഷ്യം. കേരളത്തില്‍ സംഘപരിവാറിന് വേരുകള്‍ വളര്‍ത്താന്‍ എസ്എന്‍ഡിപിയെ കൂട്ടുപിടിച്ച് മുന്നേറാന്‍ ശ്രമം ഊര്‍ജ്ജിതമായി. ഇതിന് മുന്നോടിയായാണ് വിശ്വഹിന്ദുപരിഷത്ത് ദേശീയ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ ഇന്നലെ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച്ച നടത്തിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് ബിജെപിയും സംഘപരിവാര്‍ സംഘടനകളും ലക്ഷ്യമിടുന്നത്. വിഎച്ച്പിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ കൂടുതല്‍ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുമെന്നും അതിന്റെ നടത്തിപ്പു ചുമതല എസ്എന്‍ഡിപിക്ക് നല്‍കാമെന്നും ഉള്ള വാഗ്ദാനത്തിലൂടെയാണ് ഇരു സംഘടനകളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. ഇങ്ങനെ വാഗ്ദാനങ്ങള്‍ ലഭിച്ചതോടെ തൊഗാഡിയയ്ക്ക് വെള്ളാപ്പള്ളി സര്‍വപിന്തുണയും പ്രഖ്യാപിച്ചു.
രണ്ടു ദിവസം മുമ്പ് തിരുവനന്തപുരത്തെത്തിയ തൊഗാഡിയ സംഘടനാനേതാക്കളുമായി ചര്‍ച്ച നടത്തിയശേഷമാണ് ഇന്നലെ വൈകുന്നേരത്തോടെ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയത്്. രണ്ടുമണിക്കൂറോളം ചര്‍ച്ച നടത്തി. നരേന്ദ്ര മോദിയോടുള്ള യോഗം സെക്രട്ടറിയുടെ അനുകൂല നിലപാടുകളാണ് തൊഗാഡിയയെ വെള്ളാപ്പള്ളിയുമായി ചര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചത്. യോഗത്തിന്റെ സഹായത്തോടെ കേരളത്തില്‍ സംഘടനാശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന ചിന്തയാണ് ചര്‍ച്ചയ്ക്ക് വഴിവച്ചത്. കേരളത്തിന്റെ വികസനമാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് തൊഗാഡിയ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തില്‍ എസ്.എന്‍.ഡി.പി യോഗത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ട് അഞ്ചുവര്‍ഷത്തിനുള്ളില്‍ അഞ്ചു മെഡിക്കല്‍ കോളേജും 10 എന്‍ജിനിയറിങ് കോളേജും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും മികച്ച വിദ്യാഭ്യാസവും സൗജന്യ ചികിത്സയും ലഭ്യമാക്കുകയെന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. അത്യാധുനിക ചികിത്സ ലഭ്യമാക്കാന്‍ സ്വകാര്യ മേഖലയിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ കോര്‍ത്തിണക്കി കേരളത്തിലെമ്പാടും സൗജന്യ ചികിത്സാലയങ്ങള്‍ ആരംഭിക്കും. കൃഷിക്ക് മുന്‍തൂക്കം കൊടുക്കാന്‍ കാര്‍ഷിക മേഖലയില്‍ പുത്തന്‍ സംരംഭങ്ങള്‍ തുടങ്ങും. ഇതിന്റെ ആദ്യഘട്ടം ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ആരംഭിക്കും. കര്‍ഷകരുമായി ആശയവിനിമയം നടത്താനും ആസൂത്രണത്തിനുമായി അടുത്തമാസം വീണ്ടും കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ കേരളം ഭരിച്ചവര്‍ ഈഴവരെ മറന്നുവെന്നും വി.എച്ച്.പി.യോട് എസ്.എന്‍.ഡി.പി.ക്ക് അയിത്തമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരളത്തില്‍ വി എച്ച് പി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന എന്‍ജിനീയറിങ് കോളേജിന്റെ നടത്തിപ്പവകാശം വെള്ളാപ്പള്ളിക്ക് നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















