വിഎസിന് രൂക്ഷവിമര്‍ശനവുമായി സെക്രട്ടേറിയറ്റ് പ്രമേയം, വിഎസ്സിന്റെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റുമാണെന്ന് കോടിയേരി

പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം. വിഎസ്സിന്റെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റുമാണെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പരാമര്‍ശങ്ങളില്‍ പിബി പരസ്യമായി ശാസിച്ചിട്ടും വിഎസ് നിലപാട് തുടരുകയാണ്.
വിഎസ് പിബിയെ തള്ളിപ്പറഞ്ഞു. വിഎസ്സിന്റെ നിലപാട് പിബിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. തെറ്റിദ്ധാരണ മൂലമാണ് പിബി ശാസിച്ചതെന്നാണ് വിഎസ് പറഞ്ഞത്. എന്നാല്‍ പിബിക്ക് യാതൊരുവിധ തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ലെന്നു വ്യക്തമാക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുകയാണെന്ന് കോടിയേരി പറഞ്ഞു. സിപിഐ(എം) കൂട്ടായ്മയായാണ് പവര്‍ത്തിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി ഒറ്റയാനായല്ല. പാര്‍ട്ടി കൂട്ടായെടുക്കുന്ന തീരുമാനങ്ങളാണ് സെക്രട്ടറി പരസ്യപ്പെടുത്തുന്നത്.
ഇക്കാര്യത്തില്‍ പാര്‍ട്ടിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ചുകൊണ്ട് ചില വലതുപക്ഷ മാധ്യമങ്ങളും ബൂര്‍ഷ്വാ വക്താക്കളും സെക്രട്ടറി മാറ്റത്തെക്കുറിച്ച് സങ്കല്‍പ്പ കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം നുണപ്രചാരണങ്ങള്‍ക്ക് വിശ്വസ്തത നല്‍കുന്ന തരത്തിലാണ് വിഎസ് പുതിയ പാര്‍ട്ടി സെക്രട്ടറി തെരഞ്ഞെടുപ്പിനെ ചിത്രീകരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
വിഎസ് ഇത്തവണയും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പാര്‍ട്ടിക്കെതിരെ ഉന്നയിച്ചത്. കേരളത്തിലെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഇതാദ്യമായല്ല ഉണ്ടാകുന്നത്. കേരളത്തിലെ പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്നും രാഷ്ട്രീയനിലപാടിലും സഖ്യകക്ഷിയുണ്ടാക്കുന്നതിലും സംസ്ഥാന നേതൃത്വം പാര്‍ട്ടി നിലപാടില്‍ നിന്നും വ്യതിചലിച്ചുവെന്നുമുള്ള വിഎസ്സിന്റെ ആരോപണങ്ങള്‍ നേരത്തെ പാര്‍ട്ടി തള്ളിക്കളഞ്ഞതാണെന്നും കോടിയേരി പറഞ്ഞു.
വലതുപക്ഷ നിലപാടുകള്‍ക്ക് ബലമേകുന്നതാണ് വിഎസ്സിന്റെ നിലപാടുകള്‍. മുന്നണി വികസനം വ്യക്തിപരമായ അജണ്ടയായാണ് വിഎസ് അവതരിപ്പിക്കുന്നത്. പാര്‍ട്ടിയുടെ ശരിയായ നിലപാട് വിഎസ് വളച്ചൊടിക്കുന്നു. യെച്ചൂരിയുടെ നിലപാടിനേയും വിഎസ് വളച്ചൊടിച്ചു. തെറ്റുതിരുത്താന്‍ വിഎസ് തയ്യാറാകുന്നില്ല. വിഎസ്സിന്റെ സമാന്തര പാര്‍ട്ടി പ്രവര്‍ത്തനം വെച്ചുപൊറുപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ വിഎസ് നടത്തരുത്. പാര്‍ട്ടിയുടെ കൂട്ടായ തീരുമാനം വിഎസ് അംഗീകരിക്കണമെന്നും കോടിയേരി പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍ മാധ്യമങ്ങളിലൂടെ നടത്തിയ പരസ്യ പ്രസ്താവനകള്‍ക്കെതിരെ സംസ്ഥാന ഘടകം പിബിയെ കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതെ തുടര്‍ന്ന് പോളിറ്റ്ബ്യൂറോ വിഎസിനെ തള്ളിക്കൊണ്ട് വാര്‍ത്താകുറിപ്പ് ഇറക്കി. എന്നാല്‍ വിഎസ് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















