സ്വര്‍ണ്ണക്കടക്കാരെ രക്ഷിക്കാന്‍ മന്ത്രിയുടെ ഒത്താശ: വെട്ടിപ്പ് നടത്തിയ സ്വര്‍ണ്ണക്കടകളുടെ പേര് വിവരം പുറത്ത് വിടരുതെന്ന് കര്‍ക്കശ നിര്‍ദ്ദേശം

രാഷ്ട്രീയക്കാരും മന്ത്രിമാരും സ്‌നേഹമില്ലാത്തവരാണെന്ന് വെറുതെ ആക്ഷേപിക്കരുത്. അവര്‍ ഉപകാരസ്മരണയുള്ളവരും പ്രത്യുപകാരം കാണിക്കുന്നവരുമാണെനനറിയാന്‍ ഇതാ ഒരു സംഭവം. അളവിലും തൂക്കത്തിലും വെട്ടിപ്പ് നടത്തി കോടാനുകോടി വെട്ടിച്ച 87 സ്വര്‍ണ്ണക്കടക്കാരുടെ പേര് വിവരം പുറത്ത് വിടുന്നത് തടഞ്ഞാണ് മന്ത്രി ഉത്തരവിറക്കിയത്. ലീഗല്‍ മെട്രോളജി വകുപ്പ് ഇവര്‍ക്കെതിരെ കേസ് എടുത്തു എന്ന പത്രക്കുറിപ്പ് പുറത്ത് വിട്ട ഉടന്‍ ആണ് ജനവിരുദ്ധ നടപടിയുമായി മന്ത്രി രംഗത്തിറങ്ങിയത്. നക്കാപ്പിച്ച വാങ്ങി ചാനലുകളും പത്രങ്ങളും ഈ വാര്‍ത്ത മുക്കിയപ്പോള്‍ നവമാദ്ധ്യമങ്ങള്‍ ഏറ്റെടുക്കുമെന്ന് ഭയന്നാണ് വിചിത്രമായ ഉത്തരവിന്റെ കാരണമായി മാറിയത്.
അളവുതൂക്കത്തില്‍ ക്രമക്കേടു കണ്ടെത്തിയ ജൂവലറികളുടെ പേരുവിവരം പുറത്തു പറയരുതെന്നാണു മന്ത്രി ഇന്നലെ ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാനത്തെ 87 ജൂവലറികള്‍ക്കെതിരെയാണ് ലീഗല്‍ മെട്രോളജി വകുപ്പ് ക്രമക്കേടുകളുടെ പേരില്‍ കേസ് എടുത്തിരിക്കുന്നത്. സ്വര്‍ണക്കടക്കാര്‍ കൊമ്പുള്ളവരാണെന്ന ധാരണയില്‍ ഉണ്ട ചോറിനു നന്ദി കാണിക്കാന്‍ പത്രങ്ങളും ചാനലുകളും ജൂവലറിക്കാര്‍ക്കെതിരേ കമാന്നൊരക്ഷരം പറയാന്‍ തന്റേടം കാട്ടാറില്ല. അതിനു പുറമേയാണു മന്ത്രിയുടെ ഉപകാരസ്മരണയും. ജൂവലറിക്കാര്‍ക്ക് നികുതി ഇളവ് നല്‍കിയും മറ്റും നേരത്തെ സര്‍ക്കാര്‍ വിവാദത്തില്‍ ചാടിയിരുന്നു
അളവിലും പരിശുദ്ധിയിലും വെട്ടിപ്പു നടത്തിയ 87 ജൂവലറികളില്‍ പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കാരണം കൊണ്ടാണ് ലീഗല്‍ മെട്രോളജി വകുപ്പ് കൈകാര്യ ചെയ്യുന്ന മന്ത്രി അടൂര്‍ പ്രകാശ് സ്വര്‍ണ്ണക്കടക്കാരുടെ സംരക്ഷകനായി രംഗത്തെത്തിയത് എന്നാണ് അറിയുന്നത്. പല സ്വര്‍ണ്ണക്കടക്കാരും മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ക്ക് വേണ്ടപ്പെട്ടവരാണ്. അതുകൊണ്ട് തന്നെയാണ് ഇവര്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന വിവരം പുറംലോകം അറിയാതിരിക്കാന്‍ ഇടപെടല്‍ ഉണ്ടായത്. ഇതോടെ ശരിക്കും പുലിവാല് പിടിച്ചത് ജൂവലറികളില്‍ റെയ്ഡ് നടത്തിയ ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥരാണ്.
ബജറ്റിനുമുമ്പു 15 കോടി രൂപ സംസ്ഥാനത്തെ സ്വര്‍ണക്കടക്കാര്‍ മന്ത്രിക്കു കോഴ കൊടുത്തതായുള്ള വിവാദ വെളിപ്പെടുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു. സ്വര്‍ണ്ണക്കടക്കാരുടെ സംഘടന തന്നെയാണ് അന്ന് മന്ത്രിക്ക് പണം കൊടുത്തതെന്നായിരുന്നു വിവരം. ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ജൂവലറികളില്‍ പരിശോധന നടത്തിയത് തന്നെ ജൂവലറിക്കാരുടെ സംഘടനയെ പ്രകോപിപ്പിച്ചിരിക്കയാണ്. തങ്ങളുടെ വെട്ടിപ്പ് പിടിക്കപ്പെട്ടതോടെ ഇവര്‍ പരാതിയുമായി മന്ത്രിയുടെ മുന്നിലെത്തി. ഇതോടെയാണ് കള്ളന് കഞ്ഞിവെക്കുന്ന നിലപാടുമായി ഉന്നത ഇടപെടല്‍ ഉണ്ടായത്.
സംസ്ഥാനത്തെ ജൂവലറികളില്‍ വില്‍ക്കുന്ന സ്വര്‍ണത്തില്‍ തൂക്കക്കുറവ്, കല്ലു പതിപ്പിച്ച സ്വര്‍ണാഭരണങ്ങള്‍ക്ക് കല്ലിന്റെ തൂക്കത്തിന് സ്വര്‍ണത്തിന്റെ വില ഈടാക്കുക, സ്വര്‍ണം തൂക്കുന്ന ത്രാസ്സുകളുടെ കൃത്യതക്കുറവ് എന്നിവയില്‍ വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനതല മിന്നല്‍ പരിശോധന നടത്തിയത് . വ്യാപകമായ ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കല്ലിന്റെ തൂക്കത്തില്‍ കൃത്രിമം കാണിച്ച് സ്വര്‍ണത്തിന്റെ വില ഈടാക്കിയതിന് 12 കേസുകളും, സ്വര്‍ണത്തിന്റെ പരിശുദ്ധി ബില്ലില്‍ രേഖപ്പെടുത്താത്തതിന് 41 കേസുകളും, അളവു തൂക്ക ഉപകരണങ്ങള്‍ നിയമാനുസൃതം മുദ്ര പതിപ്പിക്കാത്തതിന് 34 കേസുകളും എടുത്തിട്ടുണ്ട്.
ബുധനാഴ്ചയാണ് ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്. തിരുവനന്തപുരം, തൃശൂര്‍ , കോഴിക്കോട് ജില്ലകളിലെ പ്രമുഖ ജൂവലറികളില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. ഉടനെ തന്നെ ഉന്നത ഇടപെടലും വന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജൂവലറികളുടെ പേരുവിവരം പരസ്യപ്പെടുത്താത്തത്.
സത്യസന്ധമായി സ്വര്‍ണാഭരണ വില്‍പ്പന നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെകൂടി സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ മാത്രമേ സര്‍ക്കാരിന്റെ ഇത്തരം നടപടി വഴിതെളിക്കുകയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















