സൂക്ഷിക്കുക...നിമിഷങ്ങള്‍ക്കൊണ്ട് കലി തുള്ളുന്ന കല്ലാര്‍ മരണക്കെണി

കല്ലാറിന്റെ വന്യത അറിയാതെ അവിടെ കുളിക്കാന്‍ ഇറങ്ങും മുമ്പ് പലരും ഒന്നു ശ്രദ്ധിക്കുക..! കല്ലാറിന്റെ ശാന്തത ഒളിപ്പിച്ചിരിക്കുന്നത് മരണത്തെയാണെന്ന്. പൊന്മുടിയിലേക്കുള്ള വഴിയരികില്‍ തന്നെയുള്ള കല്ലാറില്‍ നിരവധി പേര്‍ ഇറങ്ങാറുണ്ട്. എന്നാല്‍ ഏത് നിമിഷവും സംഹാര രുദ്രയായി രൂപം മാറും എന്നതാണ് കല്ലാറിന്റെ പ്രത്യേകത. തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും അതിവേഗം മലവെള്ളം പാഞ്ഞെത്തുന്ന പ്രതിഭാസമാണ് ഇവിടുത്തേത്. ഇങ്ങനെ കല്ലാറില്‍ കുളിക്കാന്‍ ഇറങ്ങി അപകടത്തില്‍പ്പെട്ട് ജീവന്‍ പൊലിഞ്ഞവരും നിരവധിയാണ്. എന്നാല്‍, ഇപ്പോഴും യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളും ഈ പ്രദേശത്തില്ല. എന്നാല്‍ പൊന്മുടിയിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് മുന്നറിയിപ്പായി മാറുകയാണ് യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഒരു വീഡിയോ.
എഴുത്തുകാരനും കല്ലാറിന് സമീപത്തെ താമസക്കാരനുമായ വി വിനയ് കുമാര്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്. ലക്ഷണക്കക്കിന് പേര്‍ ഫേസ്ബുക്കിലൂടെ ഈ വീഡിയോ കണ്ടുകഴിഞ്ഞു. കല്ലാറില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ക്കുള്ള മുന്നറിയിപ്പെന്ന വിധത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. 2015 ഏപ്രില്‍ 17ന് അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് കല്ലാറിന്റെ രൗദ്രത മുഴുവനും അടങ്ങിയിരിക്കുന്നത്. സുനാമിയെ പോലും അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് കല്ലാറില്‍വെള്ളം പൊങ്ങുന്നത്.
നേരിയ നീര്‍ച്ചാല്‍ മാത്രമുണ്ടായിരുന്ന കല്ലാറില്‍ അതിവേഗം വെള്ളം പൊങ്ങുകയും വന്‍ നീരൊഴുക്ക് രൂപപ്പെടുകയും ചെയ്യുന്നുണ്ട്. മഴയില്ലാത്ത തീര്‍ത്തും തെളിഞ്ഞ അന്തരീക്ഷത്തിലാണ് അതിവേഗം വെള്ളം പൊങ്ങുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ വെള്ളം പൊങ്ങുന്നതെന്ന് വിശദീകരിച്ചു കൊണ്ടും വീഡിയോയ്ക്ക് പിന്നിലെ കഥയെ കുറിച്ചും ഫേസ്ബുക്കില്‍ വിനയ് കുമാര്‍ നല്‍കുന്നുണ്ട്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:
മലമുകളിലോ കാട്ടിനുള്ളിലോ മഴ പെയ്താലോ ചെറിയ ഉരുള്‍പൊട്ടലുകളുണ്ടായാലോ ആറിന്റെ സ്വഭാവമാകെ മാറും. സാധാരണയായി ക്രമേണയാണ് വെള്ളത്തിന്റെ അളവ് ഉയരുക. ഇത് നാട്ടുകാര്‍ക്ക് മുന്‍കൂട്ടി തിരിച്ചറിയാനാകും. എന്നാല്‍ ചിലപ്പോളത് ഒറ്റപ്പാച്ചിലുമാകും. സുനാമിയെന്നോ മിന്നല്‍ പ്രളയമെന്നോ വിശേഷിപ്പിക്കാവുന്ന വിധം പേടിപ്പെടുത്തുന്ന വരവാണത്. 2015 ഏപ്രില്‍ 17 ന് സംഭവിച്ചത് അങ്ങനെയൊരു വരവായിരുന്നു.
ബോണക്കാടിനടുത്ത് ചെമ്മുഞ്ചി മലയിലെ പുല്‍മേടുകളില്‍ നിന്ന് ഉദ്ഭവിക്കുന്ന മീന്മുട്ടി ആറാണ് കല്ലാറിന്റെ പ്രധാന സ്രോതസ്. കല്ലാര്‍ പാലത്തിന് കുറച്ചു താഴെവച്ച് പൊന്മുടിയാറും ഗോള്‍ഡന്‍വാലി ആറും മീന്മുട്ടിയാറുമായി ചേരുന്നതോടെയാണ് കല്ലാര്‍ ആയി മാറുന്നത്. ഈ മൂന്നു കൈവഴികളുടെ ഉറവിടങ്ങളില്‍ എവിടെ മഴ പെയ്താലും കല്ലാറില്‍ വെള്ളമുയരാം. ഇത്തവണ ചെമ്മുഞ്ചി മലയില്‍ ഉച്ചയ്ക്ക് രണ്ടരയോടെ പെയ്ത കനത്ത മഴയാണ് മീന്മുട്ടിയാറിലൂടെ പാഞ്ഞെത്തി വൈകിട്ട് അഞ്ചരയോടെ കല്ലാറിനെ നിറച്ചത്. കാട്ടിനുള്ളിലുണ്ടായിരുന്ന വനപാലകരും കാണിക്കാരും ഉടനെതന്നെ വിവരം നാട്ടുകാരിലെത്തിച്ചു. ആറ്റില്‍ കുളിയും നനയ്ക്കലുമൊക്കെയായി നിന്നിരുന്ന നാട്ടുകാരും വിനോദസഞ്ചാരികളുമൊക്കെ കരയ്ക്കു കയറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















