മനോജ് എബ്രഹാമിന് വരവില്‍ കവിഞ്ഞ് സ്വത്തില്ല; ഐജിയെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ കോടതിയില്‍

പൊലീസ് ഐ.ജി: മനോജ് എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന ആരോപണത്തില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് എറണാകുളം വിജിലന്‍സ് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. വരവില്‍ കവിഞ്ഞ് സ്വത്തുസമ്പാദിച്ചെന്നും ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ മേലധികാരിയായിരിക്കേ പര്‍ച്ചേസില്‍ തിരിമറി നടത്തിയെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നും ആരോപിച്ച് പത്തനംതിട്ട സ്വദേശി പി.പി. ചന്ദ്രശേഖരനാണു പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2014 ഡിസംബര്‍ എട്ടിനാണ് അന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
ഇതുസംബന്ധിച്ച ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്ന് എറണാകുളം സ്‌പെഷല്‍ സെല്‍ ഡിവൈ.എസ്പി: ബിജുജോര്‍ജ് തൃശൂര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വിദേശയാത്ര നടത്തിയത് അനുമതിയോടെയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. മറ്റ് ആക്ഷേപങ്ങളില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്നു റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. പത്തനംതിട്ട എസ്പിയായിരുന്ന രാഹുല്‍ ആര്‍ നായരെ അഴിമതിക്കേസില്‍ പിടിക്കപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് മനോജ് എബ്രഹാമിനെതിരെ ആരോപണം ഉയര്‍ത്തിയത്. മനോജ് എബ്രഹാമിന്റെ ഇടപെടലിന്റെ ഫലമായാണ് ക്വാറികള്‍ തുറന്ന് കൊടുത്തതെന്ന് രാഹുല്‍ മൊഴി നല്‍കിയിരുന്നു.
പത്തനംതിട്ടയില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ ചട്ടംലംഘിച്ച് അനുമതി നല്‍കിയെന്നും പരാതിക്കാരന്‍ ആക്ഷേപമുന്നയിച്ചിരുന്നു. അതില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചിരുന്നു. സിറ്റി പൊലീസ് കമ്മിഷണറായിരിക്കെ കൊച്ചിയിലും പരിസരത്തും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു മുഖ്യപരാതി. അതേസമയം, ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് മാര്‍ച്ച് ആദ്യം ഹാജരാക്കണമെന്നു വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ കോടതിയെ വീണ്ടും സമീപിച്ചു. പ്രതിയുടെ ഇടപെടലിനെ തുടര്‍ന്നാണു കേസ് നീളുന്നതെന്നായിരുന്നു പരാതി. ഏപ്രില്‍ 10 ന് ഐ.ജി നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.
മനോജ് ഏബ്രഹാമിനെതിരേ ക്വാറി ഉടമകളില്‍ നിന്നു കൈക്കൂലി വാങ്ങിയെന്ന കേസില്‍പ്പെട്ടിരുന്ന പത്തനംതിട്ട എസ്പിയായിരുന്ന രാഹുല്‍നായര്‍ വിജിലന്‍സിനു മൊഴി നല്‍കിയതോടെയാണു കേസ് വിവാദമായത്. അടച്ചിട്ട ക്വാറികള്‍ തുറക്കാന്‍ ഐജി സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു രാഹുല്‍ നായരുടെ മൊഴി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനോജ് എബ്രഹാം പിന്നീട് ആഭ്യന്തരമന്ത്രിക്കു പരാതി നല്‍കി. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. രാഹുല്‍ നായരുടെ മൊഴിയെത്തുടര്‍ന്ന് ഐജിക്കെതിരേ ചന്ദ്രശേഖരന്‍ നായര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















