വിജിലന്‍സ് കഥ പറയുന്നു; യു.ഡി.എഫ് പൊട്ടിത്തെറിയിലേക്ക്

കെ.എം. മാണിക്കെതിരായ ബാര്‍കോഴ ഇടപാട് യു.ഡി.എഫ്.നെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുന്നു. നുണ പരിശോധനാഫലം പുറത്തുവിട്ട് കെ.എം. മാണിയേയും, കേരളാ കോണ്‍ഗ്രസിനേയും പ്രതിരോധത്തിലാക്കി കുറ്റപത്രമൊരുക്കാനുള്ള അണിയറ നീക്കമാണ് വിവാദത്തിലേക്കും പൊട്ടിത്തെറിയിലേക്കുമെത്തിയത്.
ബാര്‍ അന്വേഷണത്തിന്റെ തുടക്കം മുതല്‍ വിജിലന്‍സ് എസ്.പി. സുകേശന്‍ കെ.എം. മാണിയോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം മൊഴിയെടുപ്പിനായി എത്തിയ ഒട്ടുമിക്ക ബാറുടമകള്‍ക്കുമുണ്ടായിരുന്നു. ബാറുടമകള്‍ നല്‍കുന്ന മൊഴി ബിജു രമേശിനു ചോര്‍ത്തി നല്‍കുന്നു. മാണിയെ കുടുക്കാന്‍ സാക്ഷികളെ പ്രേരിപ്പിക്കുന്നു. തുടങ്ങി നിരവധി ആക്ഷേപങ്ങളാണ് ഉയര്‍ന്നുവന്നത്.
മുന്‍ യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന എസ്.പി. സുകേശന്‍, രമേശ് ചെന്നിത്തലയുടെ ഏറ്റവും വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ആളാണ്. പ്രമുഖ ഐ ഗ്രൂപ്പ് നേതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് വിജിലന്‍സ് എസ്.പി യായി ചാര്‍ജെടുത്തതെന്ന് എ ഗ്രൂപ്പിലെ ഒരു പ്രമുഖ നേതാവ് മലയാളി വാര്‍ത്തയോട് പറഞ്ഞു. കെ.എം. മാണിയെ തളര്‍ത്തി ഉമ്മന്‍ചാണ്ടിയെ ബലഹീനനാക്കുക എന്ന ഐ ഗ്രൂപ്പ് തന്ത്രം ഇപ്പോള്‍ മന്ത്രിസഭയുടെ പതനത്തിലെത്തി നില്‍ക്കുന്നു.
ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ മീറ്റിംഗില്‍ ഐ ഗ്രൂപ്പ് തങ്ങളെ സഹായിക്കാമെന്നേറ്റിട്ടുണ്ടെന്ന ബിജു രമേശിന്റെ ആവര്‍ത്തിച്ചുള്ള സംസാരവും ഒട്ടേറെ സംശയങ്ങള്‍ക്കിട നല്‍കുന്നു.
ബാറുടമകളെ ചോദ്യം ചെയ്തപ്പോള്‍ തന്നെ മൊഴികള്‍ വിജിലന്‍സില്‍ നിന്നു ചോര്‍ന്നിരുന്നു. എസ്.പി.യും രണ്ടു പോലീസുകാരും മാത്രമുള്‍പ്പെടുന്ന ടീം കെ.എം. മാണിയുടെ വീട്ടിലെത്തി മുറ്റം ടേപ്പുകൊണ്ടളന്നതും മറ്റും പത്രക്കാര്‍ക്ക് ചോര്‍ത്തി നല്‍കി. ഒടുവില്‍ അനേ്വഷണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ കുറ്റപത്രം നല്കുവാന്‍ കളമുണ്ടാക്കിയെടുക്കുക എന്നുള്ള ലക്ഷ്യം മുന്നില്‍വച്ച് നുണ പരശോധനാ ഫലം പുറത്തുവിടുന്നു. സീല്‍ഡുകവറില്‍ കോടതിയിലും വിജിലന്‍സ് എസ്.പി ക്കും മാത്രം നല്കിയ ഈ റിപ്പോര്‍ട്ട് ആരു പുറത്തുവിട്ടു. കേരളാ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുകയാണ്. വരും ദിവസങ്ങളില്‍ അനേ്വഷണ ഉദേ്യാഗസ്ഥനെ തള്ളിപ്പറയുവാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായേക്കും. മറ്റു ഘടകകക്ഷികളും തങ്ങളുടെ പ്രതിഷേധം ആഭ്യന്തര മന്ത്രിയെ അറിയിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കടുത്ത പ്രതിഷേധത്തിലാണ്.
കെ.എം. മാണിയെയും കേരളാ കോണ്‍ഗ്രസിനെയും അപമാനിക്കുന്ന തരത്തില്‍ കഥകള്‍ പ്രചരിപ്പിച്ചു മുന്നോട്ടു നീങ്ങുമ്പോള്‍ കാര്യമറിയാതെ ജനം വിഡ്ഢിയാകുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















