അരുവിക്കര സീറ്റിനായി കോണ്‍ഗ്രസില്‍ വടംവലി, പരസ്പരം പാരവെച്ച് നേതാക്കള്‍, രാഹുല്‍ഗാന്ധിക്ക് കത്തെഴുതി യൂത്തന്‍മാര്‍ രംഗത്ത്

അരുവിക്കരയില്‍ സീറ്റിന് വേണ്ടി എഐ ഗ്രൂപ്പുകളും അരഡസനിലേറെ സ്ഥാനമോഹികളും രംഗത്തിറങ്ങിയത് കോണ്‍ഗ്രസിന് തലവേദനയാകന്നു. കാര്‍ത്തികേയന്റെ ഭാര്യയെ മത്സരിപ്പിച്ച് ഇതില്‍നിന്ന് തലയൂരാനാണ് നേതൃത്വത്തിന്റെ ശ്രമം. സുലേഖ ടീച്ചര്‍ സ്ഥാനാര്‍ഥിയായാല്‍ സ്ഥാനമോഹികളെ പിന്മാറ്റി തടിയൂരാമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. എന്‍ പീതാംബരക്കുറുപ്പ്, യുവജന കമീഷന്‍ ചെയര്‍മാനും മന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരനുമായ ആര്‍ വി രാജേഷ് എന്നീ പേരുകളാണ് ഐ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നത്. ആര്‍എസ്പിക്ക് കൊല്ലം ലോക്‌സഭാ സീറ്റ് ഒഴിഞ്ഞുകൊടുത്തതിന്റെ പ്രതിഫലമായാണ് ഐ ഗ്രൂപ്പ് ഇതിനെ കാണുന്നത്. ഗൂപ്പ് വീതംവയ്പില്‍ ഐ ഗ്രൂപ്പിന് കിട്ടിയ മണ്ഡലമായതിനാല്‍ സ്ഥാനാര്‍ഥി ഐ ഗ്രൂപ്പുകാരന്‍ ആകണമെന്നാണ് അവരുടെ ആവശ്യം. തങ്ങളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ചില യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ രാദുല്‍ ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.
പരസ്പരം പാരവെയ്പ്പും ഇരുഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. ഗ്രൂപ്പുകള്‍ പോരടിക്കുന്നതിനുപുറമെ കാര്‍ത്തികേയന്റെ വിശ്വസ്തനായിരുന്ന മണക്കാട് സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസ്സല്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍ തുടങ്ങിവര്‍ സ്വയം സ്ഥാനാര്‍ഥിക്കുപ്പായമിട്ട് നില്‍ക്കുന്നുണ്ട്. ഇതില്‍ പലര്‍ക്കും സ്വാഗതമാശംസിച്ച് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയവരുമുണ്ട്.
നടി ശ്വേതാമേനോനെ അപമാനിച്ച സംഭവം ചൂണ്ടികാട്ടി പീതാംബരക്കുറുപ്പിനെ ഒഴിവാക്കാനും നീക്കമുണ്ട്.യുവജനക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി എസ് പ്രശാന്തിനെ മത്സരിപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. അല്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്‍, വിതുര ശശി എന്നിവരില്‍ ഒരാളെ പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് പറയുന്നു. സുലേഖയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ആദ്യവെടി പൊട്ടിച്ചത് മുന്‍ ഡിസിസി പ്രസിഡന്റ് കെ മോഹന്‍കുമാറാണ്. ഇദ്ദേഹത്തെ ഒഴിവാക്കാന്‍ മനുഷ്യാവകാശ കമീഷന്‍ അംഗമാക്കി. തുടര്‍ന്നും സജീവ പാര്‍ടിപ്രവര്‍ത്തകനെത്തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടിലാണ് ഡിസിസി നേതൃത്വം. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഇതിനോട് യോജിപ്പില്ല. കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥിനെ പരീക്ഷിക്കാമെന്ന നിര്‍ദേശമുണ്ടെങ്കിലും രാഷ്ട്രീയ സാഹചര്യം തീര്‍ത്തും പ്രതികൂലമായിരിക്കെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയാല്‍ സ്ഥിതി ദയനീയമാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















