പാവപ്പെട്ടവന്റെ ഡോക്ടര്‍ .പി.സി. ഷാനവാസിന്റെ രാസപരിശോധന റിപ്പോര്‍ട്ട് വൈകുന്നു, കേസ് അട്ടിമറിക്കാനെന്ന് സംശയം

ആദിവാസിമേഖലയില്‍ ആതുരസേവനമനുഷ്ഠിച്ചിരുന്ന പാവപ്പെട്ടവന്റെ ഡോക്ടര്‍ .പി.സി. ഷാനവാസിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട രാസപരിശോധന റിപ്പോര്‍ട്ട് വൈകുന്നതായി ആക്ഷേപം. കേസ് അട്ടിമറിക്കാനാണ് രാസപരിശോധന റിപ്പോര്‍ട്ട് വൈകിക്കുന്നതെന്ന ആരോപണം ഉയരുന്നത്. കഴിഞ്ഞ ഫെബ്രുവരി പതിനാലിനായിരുന്നുഡോ ഷാനവാസിന്റെ മരണം. ആന്തരികാവയവങ്ങളും രക്തവും പരിശോധനയ്ക്കയച്ചിട്ടു മൂന്നുമാസമായി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സംശയാസ്പദമായ പലകാര്യങ്ങളും സ്ഥിരീകരിക്കാന്‍ രാസപരിശോധന റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കേണ്ടതുണ്ട്. ആല്‍ക്കഹോള്‍, നാര്‍ക്കോട്ടിക്, വിഷാംശ പരിശോധനാഫലങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ അറിയാന്‍ സാധിക്കുമെന്നിരിക്കെ ഇതിനെക്കുറിച്ചൊന്നും പോലീസിന് അറിവില്ല. വിവാദമായ കേസുകളില്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ നേരത്തേ നല്‍കാറുണ്ട്. ഇതില്‍ മിക്കവയുടെയും പരിശോധനാഫലം 48 മണിക്കൂറിനുള്ളില്‍ പോലീസിനു ലഭിക്കുമെന്നിരിക്കെ ഈ കേസില്‍ ഫലം
വൈകുന്നതാണു സംശയമുയര്‍ത്തുന്നത്. റിപ്പോര്‍ട്ട് എന്നു ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അറിവില്ല. ആന്തരീകാവയവങ്ങളും മറ്റും കോഴിക്കോട് ഫോറന്‍സിക് മെഡിക്കല്‍ ലാബിലേക്ക് അയച്ചശേഷം റിപ്പോര്‍ട്ട് വേഗത്തിലാക്കണമെന്നും വിവാദപരമായ കേസാണെന്നും കാണിച്ച് എടവണ്ണ ഗ്രേഡ് എസ്.ഐ: സുരേഷ്ബാബു രണ്ടുമാസം മുമ്പു കത്തയച്ചിരുന്നു. എന്നിട്ടും റിപ്പോര്‍ട്ട് വൈകുന്നതു കേസ് അട്ടിമറിക്കാനാണെന്ന ആരോപണമുണ്ട്.
കാറില്‍ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നതിയനിടെ മരിച്ച ഷാനവാസ്, യാത്ര ചെയ്യുന്നതിനു മുമ്പു ബാറില്‍ വച്ച് ഏഴു പെഗ് മദ്യം കഴിച്ചിരുന്നുവെന്നും ആറു പെഗ് മദ്യവും ഭക്ഷണവും പാഴ്‌സലായി വാങ്ങിയിരുന്നുവെന്നും ഗ്രേഡ് എസ്.ഐ: സുരേഷ്ബാബു പറഞ്ഞു.
എന്നാല്‍, കൂടെയാത്ര ചെയ്തിരുന്ന രണ്ടു സുഹൃത്തുക്കള്‍ മദ്യപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമിതമായി മദ്യപിച്ച ഷാനവാസ്, ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദ്ദിച്ചതിനാല്‍ കാറില്‍ വീഴാതിരിക്കാന്‍ വായ്‌പൊത്തി.ഇങ്ങനെ ഭക്ഷണാവശിഷ്ടം അന്നനാളത്തില്‍ കുടുങ്ങിയതാണു മരണകാരണമെന്നാണു പോലീസിന്റെ നിഗമനം.
അമിതമായി മദ്യപിച്ചിരുന്നതായും സാധാരണമനുഷ്യരില്‍നിന്നു വ്യത്യസ്തമായി ഷാനവാസിന്റെ ഹൃദയ രക്തക്കുഴലിനു വണ്ണക്കുറവുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍പറയുന്നു.
എന്നാല്‍, മരിച്ച് രണ്ടുമണിക്കൂറിനു ശേഷമാണു സുഹൃത്തുക്കള്‍ ഷാനവാസിനെ ആശുപത്രിയിലാക്കിയത്. മദ്യപിച്ചാല്‍ ഷാനവാസ് പിന്‍സീറ്റിലേക്കു മലര്‍ന്നു കിടക്കുന്നതു പതിവാണെന്നാണു സുഹൃത്തുക്കള്‍ പോലീസിനു മൊഴി നല്‍കിയത്. ഇതിനാലാണു സംഭവം അറിയാതെ പോയതെന്നുമാണ് അവരുടെ മൊഴി. രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കാനാകുമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















