തെളിവെടുപ്പിന് എത്തിയില്ല... സുധീരന് സോളാര്‍ കമ്മീഷന്റെ രൂക്ഷവിമര്‍ശനം, തന്നെ ഒഴിവാക്കണമെന്ന് സുധീരന്‍ കമ്മിഷനോട് ആവശ്യപ്പെട്ടു

കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനു സോളാര്‍ കമ്മിഷന്റെ രൂക്ഷവിമര്‍ശനം. തെളിവെടുപ്പിനു ഹാജരാകാതിരുന്നതിനാണ് കമ്മീഷന്‍ വിമര്‍ശനം ഉന്നയിച്ചത്. ഇന്നലെ നടന്ന സിറ്റിങ്ങില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും തന്നെ ഒഴിവാക്കണമെന്ന് അഭിഭാഷകന്‍ മുഖേന സുധീരന്‍ കമ്മിഷനെ അറിയിച്ചതാണു വിമള്‍ശനത്തിനു കാരണമായത്.
താന്‍ എം.എല്‍.എയോ സര്‍ക്കാരിന്റെ ഭാഗമോ അല്ലെന്നും സര്‍ക്കാരിന്റെ യാതൊരു പദവിയും വഹിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട് തന്റെ കൈവശം തെളിവുകള്‍ ഒന്നുമില്ലെന്നും അതിനാല്‍ സാക്ഷിപ്പട്ടികയില്‍ നിന്നും തെളിവു നല്‍കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു സുധീരന്റെ ആവശ്യം. ഇതു പരിഗണിക്കാന്‍ കമ്മിഷന്‍ വിസമ്മതിച്ചു. ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ സംഭവവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുധീരന് ഉത്തരവാദിത്വമുണ്ടെന്നു കമ്മിഷന്‍ നിരീക്ഷിച്ചു.
സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായാണു ജനങ്ങള്‍ സുധീരനെ കാണുന്നത്. എന്നാല്‍ ഇപ്പോള്‍ താന്‍ ഈ നാട്ടുകാരനല്ലെന്ന ഭാവത്തിലാണ് അദ്ദേഹം. ഇത് സുധീരനു യോജിച്ചതല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട ഗുരുതരമായ ആരോപണങ്ങളാണു കമ്മിഷന്റെ പരിഗണനയിലുള്ളത്. ഇതിന്റെ നിജസ്ഥിതി അറിയാനാണു കമ്മിഷന്‍ ശ്രമിക്കുന്നത്. ഇതേക്കുറിച്ച് മന്ത്രിസഭയെ നിയന്ത്രിക്കുന്ന ഭരണകക്ഷിയുടെ പ്രധാന പാര്‍ട്ടി നേതാവെന്ന നിലയില്‍ നിലപാട് അറിയിക്കാന്‍ സുധീരന്‍ ബാധ്യസ്ഥനാണ്.
സംസ്ഥാനത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയേണ്ട ബാധ്യത രാഷ്ട്രീയ നേതാക്കള്‍ക്കുണ്ട്. ഇതുകൊണ്ടാണ് എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളെയും തെളിവെടുപ്പിനായി വിളിച്ചത്. എന്നാല്‍, സുധീരന്‍ ഒറ്റാലില്‍നിന്ന് വഴുതിപ്പോകാന്‍ ശ്രമിക്കുന്ന മത്സ്യത്തെപ്പോലെയാണു പെരുമാറുന്നതെന്നും ജസ്റ്റിസ് ശിവരാജന്‍ വിമര്‍ശിച്ചു.
ആദര്‍ശശുദ്ധനായ നേതാവെന്ന നിലയില്‍ പുനര്‍ചിന്തനത്തിനു സമയം നല്‍കുകയാണെന്നും ജൂണ്‍ നാലിനു നടക്കുന്ന സിറ്റിങ്ങില്‍ സുധീരന്‍ തെളിവു നല്‍കാന്‍ എത്തണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. അല്ലാത്തപക്ഷം അദ്ദേഹത്തിന് ഒന്നും ബോധിപ്പിക്കാനില്ലെന്നു റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുമെന്നും കമ്മിഷന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















