ഉത്തരവിന് ഒന്നരവര്‍ഷത്തെ പഴക്കം; കൈമലര്‍ത്തി അധികൃതര്‍

ഉത്തരവായിട്ടും ജോലി ലഭിക്കാതെ ശാരീരിക ന്യൂനതയുള്ള ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ കോച്ചും അന്താരാഷ്ട്ര അത്‌ലറ്റുമായ പി.ഡി. പ്രമോദ്. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ അപേക്ഷയ്ക്ക് ഇതുവരെ ഫലം ലഭിച്ചിട്ടില്ല. അന്നു കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയുടെയും റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെയും ശിപാര്‍ശയോടെ സര്‍ക്കാര്‍ ജോലിക്കായി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. ഇതേത്തുടര്‍ന്നു ജോലി നല്‍കാന്‍ ഉത്തരവും വന്നു. ഉത്തരവ് നടപ്പാക്കിക്കിട്ടാനായി ഇടുക്കി ഡെപ്യൂട്ടി കളക്ടറെ സമീപിച്ചപ്പോള്‍ യാതൊരു തടസവുമില്ലെന്നു പറയുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി സെക്രട്ടേറിയറ്റില്‍ നിരവധി തവണ ഓഫീസുകള്‍ കയറിയിറങ്ങി അന്വേഷിച്ചിട്ടും ജോലി ലഭിച്ചിട്ടില്ല. ജോലി നല്‍കേണ്ട വകുപ്പോ തസ്തികയോ ബന്ധപ്പെട്ട ഉത്തരവില്‍ രേഖപ്പെടുത്താത്തതാണു നിയമനം നടത്താന്‍ തടസമായി പറയുന്നത്. മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ ഓര്‍ഡര്‍ മുഖേന മാത്രമേ നിയമനം നടത്താന്‍ കഴിയൂവെന്നു പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തി.
ഇതേത്തുടര്‍ന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം വീണ്ടും അപേക്ഷ നല്‍കി. കഴിഞ്ഞ 11നു സെക്രട്ടേറിയറ്റിലെ ഫയല്‍ പരിശോധിച്ചപ്പോള്‍ ഇതു ക്ലോസ് ചെയ്തു തിരിച്ചയച്ചതായി അറിയാന്‍ കഴിഞ്ഞു. ഇത്തവണ ജനസമ്പര്‍ക്കപരിപാടിയില്‍ വീണ്ടും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് പ്രമോദ്. ജന്മനാ ഇരു കൈകളുമില്ലാത്ത പ്രമോദ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ബിരുദാനന്തര ബിരുദം നേടി. ചെറുപ്പം മുതല്‍ കായികരംഗത്തു മികവ് പുലര്‍ത്തുന്ന ഇദ്ദേഹം അന്താരാഷ്ട്ര അത്‌ലറ്റിക്‌സില്‍ മാരത്തണുകളിലടക്കം മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.ഇടുക്കി കഞ്ഞിക്കുഴി പള്ളിക്കുന്നേല്‍ ചിന്നമ്മയുടെയും പരേതനായ പി.പി. ദാസന്റെയും മകനായ പ്രമോദ് ജോലിക്കായി മുട്ടാത്ത വാതിലുകളില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















