സഹയാത്രികന് കുരുക്ക്... യു എ ഇ കോണ്‍സുലേറ്റിലെ ധനകാര്യ വിഭാഗം മുന്‍ മേധാവിയും വിദേശ പൗരനുമായ ഖാലിദ് അലി ഷൗക്രിക്ക് നയതന്ത്ര ഐ. ഡി. കാര്‍ഡ് നല്‍കിയ സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഇടത് സഹയാത്രികനായ ഉന്നതന്‍ സ്വര്‍ണ കേസില്‍ പ്രതിയാകുമെന്ന് സൂചന

സെക്രട്ടേറിയറ്റിലെ സി പി എം യൂണിയനുമായി സ്വരചേര്‍ച്ചയില്ലാത്ത പ്രോട്ടോക്കോള്‍ ഉന്നതനെ വട്ടമിട്ടാണ് കസ്റ്റംസ് പക്ഷി പറന്നുകൊണ്ടിരിക്കുന്നത്. കസ്റ്റംസ് ഇതിന് മുമ്പ് നടത്തിയ ചോദ്യം ചെയ്യലുകളിലൊന്നിലും ഹാജരായിട്ടില്ലാത്ത ഉന്നതനെ കസ്റ്റംസ് ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇത് കസ്റ്റംസിന്റെ അന്ത്യശാസനമാണ്. മുമ്പ് ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചപ്പോഴെല്ലാം കീഴുദ്യോഗസ്ഥരെയാണ് അദ്ദേഹം ചോദ്യം ചെയ്യലിന് അയച്ചിരുന്നത്. ഇതില്‍ കസ്റ്റംസിന് അത്യപ്തിയുണ്ടായിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരായ ഉദ്യോഗസ്ഥര്‍ കസ്റ്റംസിനോട് കൈമലര്‍ത്തി കാണിച്ചെന്നാണ് വിവരം. അങ്ങനെയാണ് ഉന്നതനിലേക്ക് കസ്റ്റംസിന്റെ കണ്ണുകള്‍ തിരിഞ്ഞത്.
സ്വപ്നയുടെ വിശ്വസ്തനാണ് പ്രോട്ടോക്കോള്‍ ഉന്നതന്‍ എന്നാണ് ലഭിക്കുന്ന സൂചനകള്‍. അദ്ദേഹത്തിന് ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അദ്ദേഹത്തെ പ്രോട്ടോക്കോളില്‍ ഉന്നത സ്ഥാനം നല്‍കിയത് ശിവശങ്കറാണെന്നാണ് വിവരം. ശിവശങ്കര്‍ എന്തു പറഞ്ഞാലും അത് ഉന്നതന്‍ അനുസരിക്കും എന്നാണ് ലഭിക്കുന്ന സൂചനകള്‍. കസ്റ്റംസിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പ്രോട്ടോക്കോള്‍ ഉന്നതനെ കുറിച്ച് വിദേശകാര്യ വകുപ്പ് അന്വേഷണം തുടങ്ങും. മുമ്പ് ബിജെപിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് ഇദ്ദേഹം വിവാദമുണ്ടാക്കിയിരുന്നു.
വിമാനത്താവളത്തില്‍ പരിശോധനയില്ലാതെ കടന്നുപോകാവുന്ന ഐ. ഡി. കാര്‍ഡാണ് ഖാലിദിന് ലഭിച്ചത്. അത് നല്‍കിയത് പ്രോട്ടോക്കോള്‍ വിഭാഗമാണ്. യഥാര്‍ത്ഥത്തില്‍ നയതന്ത്ര പരിരക്ഷയുള്ളവര്‍ക്ക് മാത്രം ലഭിക്കുന്ന കാര്‍ഡാണ് ഖാലിദിന് കിട്ടിയത്. ഇത് എങ്ങനെയാണ് ഖാലിദിന് കിട്ടിയതെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത് .
വിമാനത്താവളത്തില്‍ പരിശോധനയില്ലാതെ കടന്നു പോകാന്‍ ഖാലിദ് ഉപയോഗിച്ചത് ഈ കാര്‍ഡാണ്. എന്നാല്‍ തങ്ങള്‍ നല്‍കിയത് വിദേശകാര്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുളള കാര്‍ഡാണെന്നാണ് പ്രോട്ടോക്കാള്‍ വിഭാഗത്തിന്റെ വിശദീകരണം. നയതന്ത്ര കാര്‍ഡ് ആര്‍ക്കൊക്കെ നല്‍കണമെന്ന് പ്രോട്ടോക്കാള്‍ വിഭാഗത്തെ അറിയിക്കേണ്ടത് യു എ ഇ കോണ്‍സുലേറ്റാണ്. എന്നാല്‍ യു എ ഇ കോണ്‍സുലേറ്റില്‍ നിന്നും നയതന്ത്ര കാര്‍ഡ് നല്‍കാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.ഇവിടെയാണ് പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ കള്ളക്കളി പുറത്തു വരുന്നത്. കാര്‍ഡ് കിട്ടിയെങ്കില്‍ അതിന് പിന്നില്‍ സ്വപ്ന സുരേഷ് കാണും എന്ന സംശയത്തിലാണ് കസ്റ്റംസ്. കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജ കത്തുണ്ടാക്കിയോ എന്ന സംശയവും കസ്റ്റംസിനുണ്ട്.
സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ സ്വാധീനം ഖാലിദിന് കാര്‍ഡ് കിട്ടാന്‍ കാരണമായോ എന്ന അന്വേഷണമാണ് നടക്കുന്നത്. അതേസമയം ശിവശങ്കര്‍ പറഞ്ഞാലും പ്രോട്ടോക്കാളിലെ ഒരുദ്യോഗസ്ഥന്‍ കാര്‍ഡ് നല്‍കിയത് എങ്ങനെയാണെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. കാര്‍ഡ് നല്‍കാന്‍ ശിവശങ്കര്‍ എഴുതി നല്‍കിയിരുന്നോ എന്ന സംശയവും കസ്റ്റംസ് പരിരോധിക്കുന്നുണ്ട്.
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ പെട്ടെന്നുണ്ടായ തീ പിടിത്തത്തിന് പിന്നിലും ഉന്നതനും ചില സി പി എം നേതാക്കളും തമ്മിലുള്ള ചേരിപ്പോരോണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഉന്നതന്റെ വിശദാംശങ്ങള്‍ കസ്റ്റംസിന് ചോര്‍ത്തി നല്‍കിയതും ഇതേ നേതാക്കള്‍ തന്നെയാണ്. സെക്രട്ടേറിയറ്റ് അസോസിയേഷനുള്ളില്‍ നിലവില്‍ സി പി എമ്മിന് നിരവധി ഗ്രൂപ്പുകളുണ്ട്. സെക്രട്ടേറിയറ്റ് അസോസിയേഷനിലെ പ്രധാനി ഇതിലെ ഒരു ഗ്രൂപ്പിന്റെ നേതാവാണ്. അദ്ദേഹത്തിന്റെ എതിരാളിയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉന്നതന്‍. എതിരാളിയെ ഇല്ലാതാക്കാനുള്ള ശ്രമമാണോ സെക്രട്ടേറിയറ്റില്‍ നടന്നതെന്ന സംശയം ചില സിപിഎം നേതാക്കള്‍ക്കും ജീവനക്കാര്‍ക്കുമുണ്ട്. എന്നാല്‍ സി പി എമ്മിന്റെ കാര്യമായതുകൊണ്ട് അതൊന്നും പുറത്തുവന്നില്ല.
പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള മേഖലയാണിത്. പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസും ഇവിടെയാണുള്ളത്.
ഏതായാലും ഖാലിദിന്റെ കാര്യത്തില്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ കുടുങ്ങാന്‍ തന്നെയാണ് സാധ്യത. കസ്റ്റംസ് അദ്ദേഹത്തെ വട്ടമിട്ട് പിടിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha
























