ആദ്യം ജോസഫിനെയും എ ഗ്രൂപ്പിനെയും ശത്രുക്കളാക്കി; മുഖ്യമന്ത്രിപദമോഹം ജനിപ്പിച്ചു വാരിക്കുഴി ഒരുക്കി, ഉമ്മന് ചാണ്ടിയെയും മനോരമയെയും ഉപയോഗിച്ചു, അഞ്ചു വര്ഷം മുമ്പ് എഴുതിയ തിരക്കഥ പി സി ജോര്ജ് വിജയിപ്പിച്ച കഥ

ബാര്‍ കോഴ തിരക്കഥയ്ക്ക് അഞ്ചു വര്‍ഷത്തെ പ്രായമുണ്ട്. പി സി ജോര്‍ജ് എന്ന ശകുനി എഴുതി തയ്യാറാക്കി അതേപടി നടപ്പാക്കിയ തിരക്കഥയില്‍ കഥാപാത്രങ്ങള്‍ മാറിവന്നു എന്നു മാത്രം. ശത്രുനിഗ്രഹത്തിന് ജോര്‍ജിനോളം പോന്ന ആരുമില്ലാ എന്നുവേണം ഇപ്പോള്‍ മനസിലാക്കാന്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും ആന്റോ ആന്റണിയോടും പി ജെ ജോസഫിനോടുമൊക്കെ പോരാടുമ്പോള്‍ ജോര്‍ജിന്റെ അജന്‍ഡ തന്റെ തിരക്കഥ മാത്രമായിരുന്നു.
ഇടതുപാര്‍ട്ടികള്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ളവരെ അവസരോചിതമായി ജോര്‍ജ് ഉപയോഗിച്ചു. ഇങ്ങനെ ഉപയോഗിക്കപ്പെട്ടവര്‍ക്കൊക്കെ നഷ്ടം മാത്രം സംഭവിച്ചപ്പോള്‍ ജോര്‍ജ് വിജയം കൊയ്യുകയായിരുന്നു. ബാര്‍ കോഴ വിവാദത്തിന്റെ അണിയറക്കഥ ചികഞ്ഞാല്‍ അറിയാന്‍ കഴിയുന്നതു അവിശ്വസനീയമായ സത്യങ്ങളാണ്.
ശത്രുത തുടങ്ങുന്നത് മന്ത്രിസ്ഥാനം നിരസിക്കപ്പെട്ടപ്പോള്‍:
50 വര്‍ഷം ഒരേ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട കെ എം മാണി ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു അത്ഭുത പ്രതിഭാസം തന്നെ ആയിരിക്കും. ആ അപൂര്‍വ്വ സുവര്‍ണ്ണ ജൂബിലി ആഘോഷം നടക്കുന്നത് ബാര്‍ കോഴയ്ക്ക് മുന്‍പായിരുന്നെങ്കില്‍ സാക്ഷാല്‍ മോദി തന്നെ ഒരു പക്ഷെ മാണിയെ അഭിനന്ദിക്കാന്‍ പാലായിലെ വീട്ടില്‍ എത്തുമായിരുന്നു. അത്രയ്ക്കും സ്വീകാര്യതയായിരുന്നു മാണിയുടെ കൂര്‍മ്മ ബുദ്ധിക്ക് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍. യുഡിഎഫിലെ തല മുതിര്‍ന്ന നേതാവായി വാഴവെ തന്നെ ഇടത് പക്ഷവും ബിജെപിയും കൂട്ടി കൊണ്ട് പോകാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു.
മാണി സാര്‍ എന്നല്ലാതെ മാണിയെ വിളിക്കാന്‍ ധൈര്യം ഇവിടെ വി എസ് അച്യുതാനന്ദന് മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. അതെല്ലാം ഒറ്റയടിക്ക് തകര്‍ത്തത് പിസി ജോര്‍ജ് എന്ന കേരളം കണ്ട ഏറ്റവും കണ്ണിംഗായ നേതാവിന്റെ കുരുട്ടുബുദ്ധിമാത്രമായിരുന്നു. എല്ലാവരും പറയുന്നത് കേട്ട ശേഷം കൃത്യമായ തീരുമാനം സ്വന്തമായി എടുക്കാന്‍ അസാധാരണ കഴിവുണ്ടായിരുന്ന മാണിക്ക് പ്രായാധിക്യം മൂലം അത് നഷ്ടമായിരുന്നില്ലെങ്കില്‍ ജോര്‍ജിന്റെ വാരിക്കുഴിയില്‍ വീഴുമായിരുന്നില്ല.
ജോര്‍ജ്ജിന്റെ വൈരാഗ്യം ആരംഭിക്കുന്നത് ബദ്ധ ശത്രുവായ ജോസഫിനെ മാണി കൂടെ കൂട്ടിയപ്പോള്‍ മുതലാണ്. ഇടത് മുന്നണിയില്‍ നിന്നും പുറത്താവുകയും വലത് മുന്നണി അടിപ്പിക്കാതിരിക്കുകയും ചെയ്ത ജോര്‍ജ്ജിനെ സംബന്ധിച്ചിടത്തോളം മാണിയുടെ കൂടെ കൂടിയത് രണ്ട് മൂന്ന് ലക്ഷ്യങ്ങള്‍ കണ്ടായിരുന്നു.
മണ്ഡലത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്തു പേരെടുത്ത ജോര്‍ജിന് ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായി നിന്നാല്‍ ജയിക്കാം എന്ന ഉറച്ച ബോധ്യം ഉണ്ടായിരുന്നു. മാണിയുടെ കൂടെ കൂടിയാല്‍ രണ്ടാമന്‍ ആകാമെന്നും അങ്ങനെ രണ്ടാമത്തെ മന്ത്രി സ്ഥാനം ഉറപ്പ് വരുത്താമെന്നും ജോര്‍ജ് കണക്ക് കൂട്ടി. അതിനിടയിലാണ് ജോസഫിനെ കൂടി കൂട്ടാന്‍ മാണി തീരുമാനിച്ചത്. ഇത് വഴി രണ്ടാം മന്ത്രി സ്ഥാനം ലഭിക്കില്ല എന്ന് ജോര്‍ജിന് ഉറപ്പായി. എങ്കിലും മൂന്നമതൊരു മന്ത്രി സ്ഥാനം മാണി വാങ്ങി കൊടുക്കും എന്ന പ്രതീക്ഷയിലായിരുന്നു ജോര്‍ജ്.
മന്ത്രിസഭ അധികാരമേറ്റപ്പോള്‍ ജോര്‍ജിന് മന്ത്രി സ്ഥാനം നേടി കൊടുക്കാന്‍ മാണി ഒന്നും ചെയ്തില്ല എന്നൊരു തോന്നല്‍ ജോര്‍ജിന് ശക്തമായിട്ടുണ്ടായി. ജോര്‍ജിന്റെ തെറി പേടിച്ച് ഒരു ഘട്ടത്തില്‍ മാണിക്കു താല്‍പര്യം ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ സംഭവിക്കാതിരുന്നതെന്ന് ഉമ്മന്‍ ചാണ്ടി ജോര്‍ജിനോടു നേരിട്ടു പറയുക കൂടി ചെയ്തതോടെ വിദ്വേഷം ഇരട്ടിച്ചു. അക്കാലത്ത് തലസ്ഥാനത്തെ ചില പത്രക്കാരെ വിളിച്ച് വരുത്തി ജോര്‍ജ് പറഞ്ഞതാണ് മാണിയെ ഈ ഭരണ കാലത്ത് തന്നെ താന്‍ നാണം കെടുത്തി ഇറക്കി വിടുമെന്ന്.
ജോര്‍ജിന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഒരു സംഘം പത്രക്കാരുടെ ക്യാമറകള്‍ ഓഫാക്കി വച്ചിട്ട് പച്ചത്തെറിയുടെ അകമ്പടിയോടെ പറഞ്ഞത് ഈ പടു കിഴവനെ താന്‍ നാണം കെടുത്തി ഇറക്കി വിടുമെന്നായിരുന്നു. അന്ന് മുതല്‍ ജോര്‍ജ് നടത്തിയ കരു നീക്കങ്ങള്‍ മാണി അറിഞ്ഞില്ല. കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ സ്വാധീനിക്കാന്‍ ജോര്‍ജിന് കഴിയില്ല എന്ന ആത്മവിശ്വാസം മാത്രം ആയിരുന്നു മാണിയുടെ ധൈര്യം. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ ജോര്‍ജ് ഒട്ടേറെ തവണ ഉറഞ്ഞ് തുള്ളിയത് കോണ്‍ഗ്രസ്സ് നേതൃത്വത്തെ വെറുപ്പിക്കാന്‍ വേണ്ടിയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണിക്കെതിരെ പരസ്യമായി ജോര്‍ജ് പ്രവര്‍ത്തിച്ചത് കോട്ടയത്തെ കോണ്‍ഗ്രസ്സുകാര്‍ ജോസ് കെ മാണിയെ കാലു വാരാന്‍ വേണ്ടിയായിരുന്നു.
എ ഗ്രൂപ്പ് നേതാക്കളെ തെരഞ്ഞു പിടിച്ചായിരുന്നു ജോര്‍ജിന്റെ ആക്രമണം. അതിനു വ്യക്തമായ കാരണം ഉണ്ടായിരുന്നു. മാണിക്ക് താങ്ങും തണലുമായി എക്കാലത്തും നിന്നിരുന്നത് ഇവരായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ തിരുവഞ്ചൂരിനെതിരെയുള്ള കടന്നാക്രമണം ഒരു എ ഗ്രൂപ്പ് നേതാവിനും മറക്കാന്‍ കഴിയുന്നതായിരുന്നില്ല. അതിനും മുന്‍പേ ജോസഫിനെതിരെ ജോര്‍ജ് ഒരേ പാര്‍ട്ടിയില്‍ നിന്നു നീക്കങ്ങള്‍ നടത്തി.
ജോസഫിനെ ഒരു നീചമായ എസ്എംഎസ് വിവാദത്തില്‍ പ്രതിയാക്കി മാറ്റി. ഇടുക്കി തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റ് കിട്ടിയാല്‍ ജോസ് കെ മാണിയുടെ പ്രാധാന്യം പോവുമെന്ന് പറഞ്ഞ് മാണിയെ പിന്നോട്ട് വലിപ്പിച്ചതും ഇതേ ജോര്‍ജായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിനെ പരസ്യമായി തെറി വിളിച്ച് ആ ശത്രുത ജോര്‍ജ് വലുതാക്കി. ഇതിലൊന്നിലും ഇടപെടാതെ മാണി മിണ്ടാതെ മാറി നിന്നത് ജോര്‍ജിന് നയതന്ത്ര വിജയമായിരുന്നു.
ഓരോ പ്രകോപനത്തിനും വിശ്വസനീയമായ ഒരു കാരണം ജോര്‍ജ് മാണിയെ പറഞ്ഞ് കേള്‍പ്പിച്ചു. അതൊക്കെ വിശ്വസിച്ച മാണി നിര്‍ണ്ണായക സമയത്ത് പിജെ ജോസഫിനോ കോണ്‍ഗ്രസ്സ് നേതാവിനോ തുണ കൊടുത്തില്ല. ജോര്‍ജിനെതിരെ നടപടി വേണം എന്ന് എല്ലാവരും ഒരുമിച്ച് ആവശ്യപ്പെട്ടപ്പോള്‍ മാണി ജോര്‍ജിന്റെ സംരക്ഷകനായി മാറി.
മുഖ്യമന്ത്രി പദം എന്ന അതിമോഹം മാണിയെ പിടികൂടുന്നു:
ഈ സമയത്ത് ജോര്‍ജിന്റെ കുരുട്ടു ബുദ്ധി വീണ്ടും ഉണര്‍ന്നു. നല്ലത് മാത്രം കേട്ട് ശീലിച്ച എല്ലാവരും മാണി സാര്‍ എന്ന് വിളിക്കുന്നതില്‍ മയങ്ങി ജീവിച്ച മാണിയുടെ മനസ്സിലേക്ക് മുഖ്യമന്ത്രി എന്ന മോഹം ജോര്‍ജ് മനഃപൂര്‍വ്വം കുത്തിവച്ചു. ഒളിഞ്ഞും തെളിഞ്ഞും ജോര്‍ജ് ഇതൊരു വിഷമാക്കി മാറ്റി. ജോര്‍ജ് എന്ത് പറഞ്ഞാലും വാര്‍ത്തയാക്കാന്‍ കാത്തിരിക്കുന്ന ചില സിന്‍ഡിക്കേറ്റ് മാദ്ധ്യമ പ്രവര്‍ത്തകര്‍ ജോര്‍ജിന്റെ തിരക്കഥയ്ക്കനുസരിച്ച് മാണിയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി. കേള്‍ക്കാന്‍ ഒരു സുഖം ഉണ്ട് എന്ന് മാണിയെക്കൊണ്ട് പരസ്യമായി പറയിക്കുന്ന തരത്തിലേക്ക് അത് വളര്‍ന്നു.
ഇടത് മുന്നണിയുമായി ഒരേ സമയം ചര്‍ച്ചയ്ക്ക് കളം ഒരുക്കുകയും വലത് മുന്നണി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത ജോര്‍ജ് കളം അറിഞ്ഞു കളിച്ചു. കോണ്‍ഗ്രസോ ലീഗോ ഒരിക്കലും അതിന് വഴങ്ങില്ല എന്ന ബോധ്യം എങ്ങനെയോ മാണിക്ക് നഷ്ടമായി. ഇടത് മുന്നണിയുമായി ചര്‍ച്ച കൊഴുപ്പിച്ച് യുഡിഎഫ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി.
ജോര്‍ജ് പ്രതീക്ഷിച്ചത് പോലെ തന്നെ ഈ നീക്കം കൗഡില്യനായ ഉമ്മന്‍ ചാണ്ടിയെ ചൊടിപ്പിച്ചു. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ചെന്നിത്തല നടത്തുന്ന നീക്കങ്ങളില്‍ പൊറുതിമുട്ടിയിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇത് സഹിക്കാനുള്ള സംയമനം ഇല്ലായിരുന്നു. ഇവിടെയാണ് ജോര്‍ജ് തന്റെ നാടകത്തിന്റെ ആദ്യ കടമ്പ കടന്നത്. ജോസഫിനെയും എ ഗ്രൂപ്പ് നേതാക്കളെയും അകറ്റി നിര്‍ത്തിയ ജോര്‍ജ് മുഖ്യമന്ത്രി മോഹിയായ രമേശ് ചെന്നിത്തലയുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ബാര്‍ കോഴയുടെ തിരക്കഥ രചിക്കുന്നത് ജോര്‍ജും ചെന്നിത്തലയും ചേര്‍ന്നായിരുന്നു.
അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം അടൂര്‍ പ്രകാശിനും. ബാര്‍ കോഴയില്‍ ബന്ധിപ്പിക്കാന്‍ പറ്റാത്ത കുഞ്ഞാലിക്കുട്ടിയെ തളയ്ക്കാന്‍ ആദ്യമേ ടി ഒ സൂരജിന്റെ കുരുക്ക് ചെന്നിത്തല പുറത്തെടുത്തു. സൂരജിനെതിരെയുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ കുഞ്ഞാലിക്കുട്ടിയിലും ലീഗിലും ചെന്നെത്തിക്കുമെന്ന സന്ദേശം നല്‍കി ലീഗിനെ നിശബ്ദമാക്കാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞു. മുഖ്യമന്ത്രി പദത്തിന് മാണി ഭീഷണിയാണ് എന്ന സന്ദേശം നല്‍കി ഉമ്മന്‍ ചാണ്ടിയുടെ കൂടി അനുമതിയോടെയാണ് ആദ്യം അടൂര്‍ പ്രകാശ് ബിജു രമേശിനെ കൊണ്ട് വെടി പൊട്ടിക്കുന്നത്.
മനോരമയുടെ ഡെസ്‌കില്‍ വാര്‍ത്ത പ്രത്യക്ഷപ്പെടുന്നു:
മനോരമയ്ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹം പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? മനോരമയും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ഒരു റോള്‍ ഏറ്റെടുത്തു. ചാനലില്‍ മുന്‍കൂട്ടി പറഞ്ഞ് നടന്ന ചര്‍ച്ചയുടെ ഭാഗമായി യാദൃശ്ചികം എന്ന നിലയില്‍ ചര്‍ച്ച പുരോഗമിച്ചപ്പോള്‍ പിറ്റേ ദിവസത്തെ മനോരമ അതേറ്റെടുക്കില്ല എന്ന പ്രതീക്ഷയായിരുന്നു മാണിയുടെ വൃത്തങ്ങളില്‍. അന്ന് അതല്ല പ്രധാന വാര്‍ത്ത എന്നായിരുന്നു അവസാന പേജ് പോവുന്നത് വരെ ഡെസ്‌കില്‍ നിന്ന് അറിയിച്ചിരുന്നത്.
അവസാന നിമിഷമാണ് മുകളില്‍ നിന്നും ബാര്‍ കോഴ സ്‌റ്റോറി എത്തുന്നതും പിറ്റേ ദിവസത്തെ മനോരമയുടെ പ്രധാന വാര്‍ത്ത ആകുന്നതും. മനോരമ പ്രധാന വാര്‍ത്ത ആക്കിയതോടെ പിറ്റേന്ന് ചാനലുകള്‍ എല്ലാം ആഘോഷം ആരംഭിക്കുകയായിരുന്നു. മധ്യസ്ഥതയ്ക്ക് വേണ്ടി മാണിയുടെ ദൂതന്‍ മനോരമയുമായി ബന്ധപ്പെട്ടപ്പോള്‍ നല്‍കിയ മറുപടി വിചിത്രമായിരുന്നു.
ഇടത് മുന്നണിയിലേക്ക് പോകില്ല എന്ന് ഉറപ്പ് നല്‍കണം എന്നായിരുന്നു മനോരമയുടെ ആവശ്യം.
ജോര്‍ജിന്റെ നീക്കത്തിന്റെ രണ്ടാം ഘട്ടവും അവിടെ വിജയിക്കുകയായിരുന്നു. പിന്നീട് കാണുന്നത് ചെന്നിത്തലയ്‌ക്കൊപ്പം പരസ്യമായി കരുക്കള്‍ നീക്കുന്ന ജോര്‍ജിനെയാണ്. മാണിയും കുഞ്ഞാലിക്കുട്ടിയും മിണ്ടാതായാല്‍ ബാബുവിനെ കൂടി ബാര്‍ കോഴയിലേക്ക് കൊണ്ട് വന്നു നേതൃ മാറ്റം സാധിക്കുമെന്ന് ചെന്നിത്തല വിശ്വസിച്ചു. അല്ലെങ്കില്‍ ജോര്‍ജ് വിശ്വസിപ്പിച്ചു. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മികച്ച പേരെടുത്തത് ചെന്നിത്തലയ്ക്ക് തുണയായി.
ഈ ലക്ഷ്യത്തോടെ ചെന്നിത്തല കരുക്കള്‍ നീക്കിയപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ പിന്നോട്ട് മാറിയ ഉമ്മന്‍ ചാണ്ടിയെയും തളര്‍ന്ന് പോയ മാണിയെയുമാണ് പിന്നീട് കേരളം കണ്ടത്. ആ കാഴ്ചയാണ് ഇപ്പോഴും തുടരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















