ബാര്‍കോഴ പിന്നാമ്പുറക്കഥകള്‍, വാര്‍ത്താ അവതാരകര്‍ ചാനല്‍ ചര്‍ച്ചകളില്‍ പരിഹാസ്യമാവുന്നു

ചാനല്‍ വേട്ട നായ്ക്കള്‍ക്കൊപ്പം കുരച്ചു ചാടാന്‍ ചിലപ്പോഴൊക്കെ മലയാളി വാര്‍ത്ത അറച്ചു നില്‍ക്കാറുണ്ട്. സത്യമന്വേഷിക്കുകയെന്ന മാധ്യമ ധര്‍മ്മം പിറകോട്ടു വലിക്കുന്ന നിമിഷം. വാര്‍ത്തയിലെ വാര്‍ത്തയും , സത്യവും ചാനല്‍ അട്ടഹാസങ്ങള്‍ക്കപ്പുറം വേദനിച്ചു നില്‍ക്കുമ്പോള്‍ , സോഷ്യല്‍ മീഡിയയിലെ ചിന്തിക്കുന്ന തലമുറയ്ക്ക് നെല്ലും പതിരും തിരിക്കാതെ യാഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ചയ്ക്കായി ഇട്ടു കൊടുക്കുക. സോഷ്യല്‍ മീഡിയയിലെ ചാവേര്‍പോരാളികളുടെ തെറിവിളികളും അധിക്ഷേപങ്ങളും എഡിറ്റു ചെയ്യാതെ പ്രതികരണങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ അനുവദിക്കുക.
ബാര്‍ കോഴ കേസിലും ഞങ്ങളുടെ സമീപനം വ്യത്യസ്തമായിരുന്നു. വാര്‍ത്തകള്‍ പല വിധ അജണ്ടകളാല്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ യാഥാര്‍ത്ഥ്യം നമസ്‌ക്കരിച്ച്, വീണു കിടക്കുന്നവന് നേര്‍ക്കു കല്ലെറിയുന്ന ആള്‍ക്കൂട്ടങ്ങളിലെ ക്രിമിനലുകളെ ഞങ്ങള്‍ തേടാന്‍ ശ്രമിച്ചിട്ടുണ്ട്.
ഇവിടെ ഞങ്ങള്‍ കെ എം മാണിയെ ന്യായീകരിക്കുകയല്ല മറിച്ച് ചിലരുടെ ബ്ലാക് മെയില്‍ അജണ്ടകള്‍ക്കായി മാധ്യമ പ്രവര്‍ത്തകരെ വിഡ്ഢി വേഷം കെട്ടിക്കുന്നതു കാണുമ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് സോഷ്യല്‍ മീഡിയ ചര്‍ച്ചകളെത്തിക്കുക എന്ന മാധ്യമ ധര്‍മ്മമാണ് ഞങ്ങളുദ്ദേശിക്കുന്നത്, ഇന്നലത്തെ എഷ്യാനെറ്റ് പോയിന്റ് ബ്ലാങ്കില്‍ ബിജു രമേശിനെക്കൊണ്ട് അവതാരകന്‍ ചിലതൊക്കെ പറയിപ്പിച്ചു. പലതും വരികള്‍ക്കിടയില്‍ പറയാതെ പറയിപ്പിച്ചു. പിരിച്ചത് 24 കോടി. വിതരണം ചെയ്തത് നാലല്ല അതിലും കൂടുതല്‍ മന്ത്രിമാര്‍ക്ക്.
രമേശ് ചെന്നിത്തലയ്ക്കും ശിവകുമാറിനും പുറമേ നിരവധി പേര്‍ പണം പറ്റി. അടൂര്‍ പ്രകാശുമായി അടുത്ത ബന്ധം. കോഴ വിവാദം വന്നതിനുശേഷവും 2 മൂന്നു തവണ കുടുംബസമേതം കണ്ടു. മാണിയെ കുടുക്കാന്‍ കോണ്‍ഗ്രസിലെ ചിലര്‍ക്കും താത്പര്യം. വിജിലന്‍സ് ഉദ്യോഗസ്ഥനെ കുറിച്ച് വളരെ നല്ല അഭിപ്രായം. അന്വേഷണ വിവരങ്ങളെ കുറിച്ച് പൂര്‍ണ്ണ അറിവ്. ഒരു തരത്തില്‍ ബിജു രമേശിനെ മഹത്വവത്ക്കരിക്കാതെ ബ്ലാക്‌മെയില്‍ തെളിയിച്ചു അവതാരകന്‍. സബാഷ്!
ചാനലുകളുടെ രാഷ്ട്രീയ അജണ്ട പരിഹാസ്യമാണ്. തലപ്പത്തിരിക്കുന്നവരുടെ രാഷ്ട്രീയ ചായ്‌വും ബന്ധങ്ങളും വാര്‍ത്തകളെ വ്യത്യസ്തമാക്കുന്നു. തെളിവുകളെന്ന പേരില്‍ ആരോപണങ്ങള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുന്നു. ക്രിമിനലുകളെ സ്റ്റുഡിയോ ഫ്‌ലോറിലിരുത്തി മഹത്വവത്ക്കരിക്കുന്നു. അവരുടെ ആസനം താങ്ങി, വാര്‍ത്തകള്‍ക്കായി തുണി വിരിക്കുന്നു. അവര്‍ വിളമ്പുന്ന വൃത്തികേടുകള്‍ വൈകുന്നേരങ്ങളില്‍ വിളമ്പി വീടുകള്‍ വെടക്കാക്കുന്നു.
ഒരു നുണ ആയിരം തവണായവര്‍ത്തിച്ച് സത്യമെന്ന് പറയാന്‍ ശ്രമിക്കുന്നു. പരിഹാസ്യമാവുന്നു ഇന്നു ചാനല്‍ വാര്‍ത്താ അവതാരകര്‍. എന്തേ കെ എം മാണിക്കപ്പുറം കോണ്‍ഗ്രസുകാരിലേക്ക് ആഭ്യന്തര വകുപ്പു തലവനിലേക്ക് ചോദ്യങ്ങളെറിയാന്‍ മടിക്കുന്നു. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് മെസ്സുകള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ മടിക്കുന്നു. രമേശ് ചെന്നിത്തലയ്ക്കും ശിവകുമാറിനും ബാബുവിനു നേര്‍ക്ക് എളമരം കരിമിന്റെ പേരിലുള്ള അഡ്ജസ്റ്റ്‌മെന്റുകള്‍ ചോദ്യങ്ങളാവുന്നില്ല.
ഇവിടെ മാധ്യമ പ്രവര്‍ത്തകനായ ഷാജന്‍ സ്‌കറിയയുടെ ലേഖനം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ലേഖനം ചുവടെ ചേര്‍ക്കുന്നു....
കെഎം മാണി കോഴ വാങ്ങിയിട്ടുണ്ടോ?
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടേണ്ടതുണ്ട്. അത് മനഃപൂര്‍വ്വം അവഗണിക്കപ്പെടുന്നതിലെ രാഷ്ട്രീയം ആണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ആരോപണം ആണോ മാണിയുടേത്? ബാര്‍ കോഴ വിവാദത്തില്‍ തന്നെ മാണിയേക്കാള്‍ കൂടുതല്‍ പണം കൈപ്പറ്റി എന്ന ബിജു രമേശ് ആരോപിച്ച കെ ബാബു അടക്കമുള്ളവര്‍ക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ല?
ബിജു രമേശ് ആരോപണം ഉന്നയിച്ച ഒരാള്‍ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തലയായിരിക്കവെ എന്തുകൊണ്ട് ആരും അത് കാര്യമാക്കുന്നില്ല? അഴിമതി കേസില്‍ ശിക്ഷിക്കാന്‍ വേണ്ട ഒരു തെളിവും ഇതുവരെ ലഭിക്കാതിരുന്നിട്ടും നിരന്തരമായി ഈ കേസ് ലൈവായി നിര്‍ത്തുകയും അന്വേഷണവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ ചോര്‍ത്തുകയും ചെയ്യുന്നതിന്റെ പിന്നിലെ രാഷ്ട്രീയം എന്താണ്? ഇങ്ങനെ അനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ഈ ചോദ്യങ്ങള്‍ ഒന്നും മാദ്ധ്യമങ്ങളോ സോഷ്യല്‍ മീഡിയായോ പ്രതിപക്ഷമോ പോലും ചര്‍ച്ചക്കെടുക്കുന്നില്ല എന്നതുകൊണ്ട് മാത്രമാണ് മാണിയെ ന്യായീകരിക്കുന്നു എന്ന് ചില വായനക്കാര്‍ക്ക് തോന്നുന്ന തരത്തില്‍ ഒരു നിലപാട് ഞങ്ങള്‍ക്ക് എടുക്കേണ്ടി വന്നത്. സോഷ്യല്‍ മീഡിയായുടെ ട്രെന്റിന് അനുകൂലമല്ലാത്ത ഒരു നിലപാട് ഒരു ഓണ്‍ലൈന്‍ മീഡിയ എടുത്താല്‍ കടുത്ത പ്രതിസന്ധി നേരിടും എന്നറിഞ്ഞ് കൊണ്ട് തന്നെയാണ് വ്യക്തമായ ഈ നിലപാട് കൈക്കൊണ്ടത്. ഉറച്ച ബോധ്യം ഉള്ള കാര്യങ്ങള്‍ വിളിച്ച് പറയുമ്പോള്‍ ചില എതിര്‍പ്പുകള്‍ ഉണ്ടാവുക സ്വാഭാവികമായതിനാല്‍ അതിനെ ഗൗനിക്കാതിരിക്കാന്‍ ആണ് ഞങ്ങള്‍ തീരുമാനിച്ചത്.
അത് മാണിയെ ന്യായീകരിക്കുന്നതിന്റെ ഭാഗമാണ് എന്ന് കരുതിയാല്‍ എന്ത് ചെയ്യാന്‍ പറ്റും? മാണി പണം വാങ്ങി എന്ന് സമ്മതിക്കുമ്പോള്‍ തന്നെ കുഴിയില്‍ വീണ ഒരാളെ രക്ഷപ്പെടുത്താതിരിക്കാന്‍ തികച്ചും ലജ്ജാവഹമായ രാഷ്ട്രീയ മുതലെടുപ്പിന് ഒട്ടേറെ പേര്‍ പരിശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ വയ്യാതായി പോയതിന്റെ ശിക്ഷയായി ഈ ആരോപണങ്ങള്‍ ഏറ്റ് വാങ്ങിക്കൊള്ളാം.
ആരാണ് കോഴ വാങ്ങാത്തവരായി? സോളാര്‍ അഴിമതിക്കെന്ത് പറ്റി?
അഴിമതിക്കെതിരെയുള്ള ജനവികാരമായി ബോര്‍ കോഴ ഇടപാട് മാറുമ്പോള്‍ ആദ്യം ചോദിക്കേണ്ടത് ആരാണ് കോഴ വാങ്ങാത്തവര്‍ എന്നതാണ്? ഇടത് വലത് മുന്നണി ഭരിക്കുന്ന സമയങ്ങളില്‍ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു കേട്ടിട്ടുണ്ട്. അതൊക്കെ ആ സമയത്ത് വലിയ ബഹളങ്ങളില്‍ അവസാനിക്കാറുണ്ടെങ്കിലും മറ്റൊരു വാര്‍ത്ത വരുന്നതോടെ ആദ്യത്തെ ആരോപണം അസ്തമിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഉയര്‍ന്ന് വന്ന അഴിമതി ആരോപണങ്ങള്‍ ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ?.
ഈ മന്ത്രി സഭയില്‍ തന്നെ മന്ത്രി ആയിരുന്ന ഗണേശ് കുമാര്‍ ബാര്‍ കോഴക്ക് ശേഷം ഇബ്രാഹിം കുഞ്ഞിനെതിരെ ഉയര്‍ത്തിയ ആരോപണം ബാര്‍ കോഴയേക്കാള്‍ എത്രയോ വലുതായിരുന്നു. മന്ത്രി മുനീര്‍, അനൂപ് ജേക്കബ്, കെപി മോഹനന്‍, അടൂര്‍ പ്രകാശ് തുടങ്ങിയ എത്രയോ മന്ത്രിമാര്‍ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ആരോപണ വിധേയരായി. മന്ത്രി ആര്യാടന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഒരു സ്ത്രീയെ മന്ത്രിയുടെ ഓഫീസില്‍ വച്ച് കൊന്നതിന് പൊലീസ് പിടിയിലായി.
ഒരു വര്‍ഷത്തില്‍ അധികം നിറഞ്ഞ് നിന്ന സോളാര്‍ അഴിമതിക്കെന്ത് പറ്റി? സോളാര്‍ കേസിലെ മുഖ്യ പ്രതി ജയിലിന് പുറത്തിറങ്ങിയ ശേഷം കോടികള്‍ കൊടുത്ത് കേസ് രാജിയാക്കുമ്പോള്‍ ഈ പണം ഒക്കെ എവിടെ നിന്ന് സരിത എന്ന ബിസിനസ്സ് തകര്‍ന്ന സ്ത്രീക്ക് ലഭിക്കുന്നു എന്ന് പോലും ആരും അന്വേഷിക്കുന്നില്ല. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ സോളാറുമായി ബന്ധപ്പെട്ട് എത്രയോ ആരോപണങ്ങള്‍ ആണ് ഉയര്‍ന്നത്. കളമശ്ശേരി ഭൂമിയിടപാടില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ ഇടപാടുകള്‍ എത്ര ഹീനവും പുറത്തു പറയാന്‍ കൊള്ളാത്തതുമായിരുന്നു. ചുരുക്കി പറഞ്ഞാല്‍ പ്രവര്‍ത്തിക്കാന്‍ അറിയാത്ത മന്ത്രി എന്ന് പേരെടുത്ത ജയലക്ഷ്മി ഒഴികെ എല്ലാവര്‍ക്കും എതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു.
ബാര്‍ കോഴ മാത്രം എന്തുകൊണ്ട് വേറിട്ട് നില്‍ക്കുന്നു?
ഈ അഴിമതിക്കൊന്നുമില്ലാത്ത പ്രാധാന്യം മാണിയുടെ ബാര്‍ കോഴയ്ക്കുണ്ടായത് എങ്ങനെ? മാണിക്കെതിരെ ഉണ്ടായത് ഒരു കോടിയുടെ ആരോപണം ആണെങ്കില്‍ അതേ കേസില്‍ അതേ ബിജു രമേശ് കെ ബാബുവിനെതിരെ ഉയര്‍ത്തിയത് 10 കോടിയുടെ ആരോപണമാണ്. ബാര്‍ കോഴ മുഴുവന്‍ നല്‍കിയത് ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം ആണ് എന്ന് ബിജു രമേശ് പറയുമ്പോള്‍ അത് വിശ്വസനീയമാകുന്നത് ബാബുവായിരുന്നു വകുപ്പ് മന്ത്രി എന്നതുകൊണ്ടാണ്. ബാര്‍ കോഴയില്‍ പങ്കുപറ്റിയവരുടെ, ബിജു രമേശ് പുറത്ത വിട്ട ലിസ്റ്റില്‍ എത്രയോ മന്ത്രിമാരും പ്രമുഖരുമുണ്ട്.
ഈ ബാറുടമകള്‍ പിരിച്ച 20 കോടിയും എവിടെ പോയി എന്ന് വ്യക്തമായി അവര്‍ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് അതൊന്നും ക്വിക്ക് വേരിഫിക്കേഷന്‍ പോലും ആവശ്യമില്ലാത്ത വെറും ആരോപണങ്ങള്‍ ആകുന്നതും മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ മാത്രം എല്ലാ ദിവസവും പത്രവാര്‍ത്തകള്‍ക്ക് കാരണമാകുന്ന ഡെവലപ്പിങ് സ്‌റ്റോറിയാകുന്നതും? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോള്‍ കള്ളന്‍ ആണെങ്കിലും നമുക്ക് മാണിയോട് സഹതാപം തോന്നിയേ തീരൂ.
അഴിമതിയുടെ കൂട്ടിക്കൊടുപ്പ് രാഷ്ട്രീയം?
ഇടത് വലത് സര്‍ക്കാരുകള്‍ മാറി മാറി ഭരിക്കുന്ന നാടാണ് കേരളം. ഏത് പാര്‍ട്ടി ഭരിച്ചാലും പ്രതിപക്ഷം അതിരൂക്ഷമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തും. പിടിച്ച് നില്‍ക്കാനായി ചിലപ്പോള്‍ അന്വേഷണങ്ങള്‍ നടന്നെന്ന് വരും. ഭരണം മാറുമ്പോള്‍ അന്ന് തുടങ്ങിയ അന്വേഷങ്ങള്‍ തുടരണോ അതുമല്ലെങ്കില്‍ അന്നുയര്‍ത്തിയ ആരോപണങ്ങള്‍ അന്വേഷിക്കാനോ പുതിയതായി വന്ന സര്‍ക്കാര്‍ ശ്രമിക്കാറില്ല. സൂര്യനെല്ലി സംഭവം, ഐസ്‌ക്രീം പെണ്‍വാണിഭം തുടങ്ങിയ അനേകം ഉദാഹരണങ്ങള്‍ നമുക്കുണ്ട്. ഇത് ഒരുതരം കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റെ പരിണിത ഫലമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി സമരം നടത്തുകയും അണിയറയില്‍ എല്ലാവരും ഒരുമിച്ചിരുന്നു ഒത്തു തീര്‍പ്പ് നടത്തി പൊതു മുതല്‍ കക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണിത്.
സത്യത്തില്‍ നമ്മുടെ പ്രത്യേകമായ രാഷ്ട്രീയ സാഹചര്യത്തില്‍ അഴിമതി നടത്താതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം. കാരണം വിദേശ രാജ്യങ്ങളിലേത് പോലെ രാഷ്ട്രീയക്കാര്‍ക്ക് വേറെ തൊഴില്‍ ഇല്ല. അവര്‍ക്ക് ജീവിക്കണമെങ്കില്‍ അതിനുള്ള പണം അവര്‍ തന്നെ കണ്ടെത്തണം. ബാര്‍ ഉടമകള്‍, ബസ് ഉടമകള്‍, തുടങ്ങിയ വന്‍കിട കച്ചവടക്കാരില്‍ നിന്നും ആണ് ഇവര്‍ പ്രധാനമായും പണം കൈപ്പറ്റുന്നത്. സ്പിരിറ്റ് ലോബി, മണല്‍ മാഫിയ തുടങ്ങിയ അനധികൃത കച്ചവടക്കാരില്‍ നിന്നും പണം കൈപ്പറ്റുന്നവരും ഉണ്ട്. ഇങ്ങനെ പണം കൈപ്പറ്റുമ്പോള്‍ തീര്‍ച്ചയായും അനധികൃതമായ ആനുകൂല്യങ്ങള്‍ പലര്‍ക്കും ചെയ്തു കൊടുക്കേണ്ടി വരുന്നു. നിയമപരമായ ഒരു കാര്യം നടക്കണമെങ്കില്‍ പോലും കമ്മീഷന്‍ കൊടുക്കേണ്ട സ്ഥിതി ഇങ്ങനെ സംജാതമായിരിക്കുന്നു.
നാട്ടിലെ പഞ്ചായത്ത് മെമ്പര്‍മാരും വിവിധ പാര്‍ട്ടികളുടെ വാര്‍ഡ് പ്രസിഡന്റുമാരും മുതല്‍ ഇങ്ങനെ അഴിമതി പണം കൈപ്പറ്റുന്നവരാണ്. ഒന്നും രണ്ടും ലക്ഷം കൊടുക്കുന്ന പഞ്ചായത്തിലെ കോണ്‍ട്രാക്റ്റ് വര്‍ക്കിന് മൂവായിരവും അയ്യായിരവും കൈക്കൂലി വാങ്ങിയാണ് ഈ അഴിമതി ആരംഭിക്കുന്നത്. സ്വാഭാവികമായും ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്നവര്‍ക്ക് വലിയ തോതില്‍ പണം കൈപ്പറ്റേണ്ടി വരും. കോണ്‍ഗ്രസ്സ് പോലെയോ ബിജെപി പോലെയോ ഉള്ള വലിയ പാര്‍ട്ടികള്‍ക്ക്കോര്‍പ്പറേറ്റ് കമ്പനികള്‍ അളവില്ലാതെ പണം കൊടുക്കും. അദാനിയേയും അംബാനിയേയും പോലെയുള്ള ശതകോടീശ്വരര്‍ ഒരിക്കലും ബിജു രമേശിനെ പോലെ പിച്ചക്കണക്ക് പറയുകയില്ല. കൊടുക്കുന്ന പണം എങ്ങനെ വസൂലാക്കണം എന്ന് അവര്‍ക്ക് നല്ല നിശ്ചയവും ഉണ്ട്. സിപിഎമ്മിനെപ്പോലുള്ള പാര്‍ട്ടികളാവട്ടെ സാന്റിയാഗോ മാര്‍ട്ടിനെയും ചാക്ക് രാധാകൃഷ്ണനെയും ഫാരിസ് അബൂബക്കറെയും പോലെയുള്ളവരുടെ കരുണയില്‍ ജീവിച്ച് പോകുന്നു. പോരാത്തതിന് ബക്കറ്റ് പിരിവും നടത്താം. പാര്‍ട്ടി ലെവലിലും മറ്റും കണ്ടില്ലെന്ന് നടിച്ചു കൊണ്ടല്ല ഇത് പറയുന്നത്.
അറിഞ്ഞു കൊണ്ട് തന്നെയാണ് പണം കൊടുക്കുന്നതും വാങ്ങുന്നതും. അതുകൊണ്ട് തന്നെ ബാര്‍ ഉടമകളുടെ കയ്യില്‍ നിന്നും കെഎം മാണി പണം വാങ്ങി എന്നത് ആരെയും ഞെട്ടിക്കേണ്ട ഒരു സംഭവം അല്ല. കോട്ടയത്തോ പാലായിലോ കാഞ്ഞിരപ്പള്ളിയിലോ ഒരൊറ്റ ആള്‍ പോലും മാണി പണം വാങ്ങി എന്നതില്‍ അത്ഭുതം കൂറി കണ്ടിട്ടുമില്ല. അര നൂറ്റാണ്ട് കട്ടിട്ടും എന്തുകൊണ്ട് നില്‍ക്കാന്‍ പഠിച്ചില്ല എന്ന ഒറ്റ ചോദ്യം മാത്രമാണ് അവരൊക്കെ ചോദിക്കുന്നത്.
മുസ്‌ലീം ലീഗിനെ പോലെ പ്രവാസി ബിസിനസ്സുകാരുടെ ഇടയില്‍ അടിത്തറയുള്ള ഒരു പാര്‍ട്ടിക്കും സമ്പത്ത് ഒരു പ്രശ്‌നമല്ല. പണം വേണ്ടപ്പോള്‍ ഏതെങ്കിലും ഒരു ഗള്‍ഫ് രാജ്യത്തേക്ക് ചെന്നാല്‍ അവര്‍ക്ക് ആവശ്യത്തിനുള്ളത് കിട്ടും. എന്നാല്‍ കേരള കോണ്‍ഗ്രസ്സ് പോലുള്ള പാര്‍ട്ടികളുടെ സ്ഥിതിയതല്ല. വ്യക്തി കേന്ദ്രീകൃതമായ ഇത്തരം പാര്‍ട്ടികളിലെ അംഗങ്ങള്‍ കിട്ടുന്നിടത്ത് നിന്നൊക്കെ അടിച്ചു മാറ്റാന്‍ അല്ലാതെ പാര്‍ട്ടിക്കോ പ്രസ്ഥാനത്തിനോ ഒരു നയാപൈസ കൊടുക്കാന്‍ മനസ്സുള്ളവരല്ല. അപ്പോള്‍ അവര്‍ക്ക് ശരണം ബാറുടമകളും പാറമട ലോബിയും ഒക്കെ തന്നെയാണ്. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം. അറിഞ്ഞു കൊണ്ട് തന്നെയാണ് പണം കൊടുക്കുന്നതും വാങ്ങുന്നതും. അതുകൊണ്ട് തന്നെ ബാര്‍ ഉടമകളുടെ കയ്യില്‍ നിന്നും കെഎം മാണി പണം വാങ്ങി എന്നത് ആരെയും ഞെട്ടിക്കേണ്ട ഒരു സംഭവം അല്ല. കോട്ടയത്തോ പാലായിലോ കാഞ്ഞിരപ്പള്ളിയിലോ ഒരൊറ്റ ആള്‍ പോലും മാണി പണം വാങ്ങി എന്നതില്‍ അത്ഭുതം കൂറി കണ്ടിട്ടുമില്ല. അര നൂറ്റാണ്ട് കട്ടിട്ടും എന്തുകൊണ്ട് നില്‍ക്കാന്‍ പഠിച്ചില്ല എന്ന ഒറ്റ ചോദ്യം മാത്രമാണ് അവരൊക്കെ ചോദിക്കുന്നത്.
അല്ലെങ്കില്‍ പറയൂ. അഴിമതി കേസില്‍ ബാലകൃഷ്ണപിള്ളയല്ലാതെ ആരാണ് ഇന്നേവരെ ജയിലില്‍ ആയിട്ടുള്ളത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരന്‍ പിള്ള ആയതുകൊണ്ടാണോ പിള്ള മാത്രം പേരിനെങ്കിലും അഴിയെണ്ണിയത്. വി എസ് എന്ന നേതാവ് വ്യക്തിപരമായി നടത്തിയ പോരാട്ടം കൊണ്ട് മാത്രമാണ് അതിന് സാധിച്ചത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വി എസ് മുഖ്യമന്ത്രി ആയിരുന്ന സര്‍ക്കാര്‍ അല്ല പിള്ളക്കെതിരെ പോരാടിയത് എന്നതാണ്. ഇതാണ് സത്യം എന്നിരിക്കെ മാണിക്കെതിരെയുള്ള സൂക്ഷ്മമായ അന്വേഷണവും മറ്റുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ക്വിക്ക് വേരിഫിക്കേഷന്‍ പോലും നടത്താതെ തള്ളിക്കളഞ്ഞതും ഒക്കെ ഒരു അജണ്ടയുടെ ഭാഗമാണ് എന്ന് സംശയിക്കുന്നതില്‍ എന്താണ് തെറ്റ്? ഈ അജണ്ട രൂപപ്പെട്ടത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















