ലാപ്‌ടോപ് വാങ്ങി നല്‍കിയില്ല: ഏഴാം ക്‌ളാസുകാരന്‍ നാടു വിട്ടു

അച്ഛന്‍ ലാപ്‌ടോപ് വാങ്ങി നല്‍കിയില്ല. ഏഴാം ക്‌ളാസുകാരന്‍ മേശയില്‍ നിന്ന് ഒരു ലക്ഷം രൂപ എടുത്ത് നാടുവിട്ടു. രണ്ടാം നാള്‍ കെ.എസ്.ആര്‍.ടി.സി ബസിലെ വനിതാ കണ്ടക്ടറുടെ ശ്രദ്ധയില്‍ പെട്ടതുകൊണ്ട് അപകടത്തിലൊന്നും പെടാതെ മകനെ രക്ഷിതാക്കള്‍ക്ക് തിരിച്ചു കിട്ടി.
നാടകീയ സംഭവങ്ങളുടെ തുടക്കം കോഴിക്കോട് കൊണ്ടോട്ടിയില്‍. പി.ഡബ്ലിയു.ഡി എന്‍ജിനിയറായ പിതാവ് \' നീ ഇപ്പോള്‍ ലാപ്‌ടോപ് ഉപയോഗിക്കേണ്ട പ്രായമൊന്നും ആയിട്ടില്ല\' എന്നു പറഞ്ഞ് മകന്റെ ആവശ്യം നിരാകരിച്ചു. അച്ഛനില്ലാത്ത തക്കത്തിന് മേശ തുറന്ന് ഒരു ലക്ഷം രൂപ പയ്യന്‍ സ്‌കൂള്‍ ബാഗിലാക്കി. വൈകിട്ട് ഫുട്ബാള്‍ കളിക്കാന്‍ പോകുന്നുവെന്നു പറഞ്ഞ് വീടുവിട്ടിറങ്ങി. മേയ് 30നാണ് സംഭവം.
കൊണ്ടോട്ടിയില്‍ നിന്ന് ലാപ്‌ടോപ് വാങ്ങി ബാഗിലാക്കി. ബാക്കി എഴുപതിനായിരത്തോളം രൂപ ബാഗില്‍ തന്നെ വച്ചു. കൊച്ചിയില്‍ പോകാം എന്നു കരുതി കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസില്‍ കയറി. പക്ഷേ, ഉറങ്ങിപ്പോയി. വെളുപ്പിന് എത്തിയത് തിരുവനന്തപുരത്ത്.
31ന് രാവിലെ 8ന് തമ്പാനൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള എ.സി വോള്‍വോ ബസില്‍ കയറി. കൊച്ചിയിലേക്കു ടിക്കറ്റെടുത്തു. കൊല്ലം എത്തും മുമ്പേ, \' ആന്റീ കൊച്ചി എത്താറായോ\' എന്നു ചോദിച്ചു തുടങ്ങിയ കുട്ടിയെ കണ്ടക്ടര്‍ സ്മിത ശ്രദ്ധിച്ചു.
കൊല്ലം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ അടുത്ത് കൂടി വീട് എവിടെയെന്ന് സ്മിത ചോദിച്ചു. കൊച്ചിയെന്നായിരുന്നു മറുപടി. എവിടെ ഇറങ്ങണമെന്നു ചോദിച്ചപ്പോള്‍ ലുലു മാളിനടുത്തെന്ന് പറഞ്ഞു. അവിടെ അമ്മ വിളിക്കാന്‍ എത്തുമോ എന്നു ചോദിച്ചപ്പോള്‍ പരുങ്ങി. ഇതിനിടെ യാത്രക്കാരും ഇടപെട്ടു. കൂടുതല്‍ ചോദ്യങ്ങളായപ്പോള്‍ കുട്ടിയുടെ കണ്ണു നിറഞ്ഞു.
ബാഗ് പരിശോധിച്ചപ്പോള്‍ ലാപ് ടോപ് വാങ്ങിയ കടയുടെ ബില്‍ കിട്ടി. കടയില്‍ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ കുട്ടി ലാപ്‌ടോപ് വങ്ങാനെത്തിയിരുന്നോ എന്നു തിരക്കി പിതാവെത്തിയതും ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. കണ്ടക്ടര്‍ ആ നമ്പര്‍ വാങ്ങി ബന്ധപ്പെട്ടപ്പോള്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചു. കുട്ടിയെ കരുനാഗപ്പള്ളി പൊലീസില്‍ എല്‍പ്പിച്ചു. രാത്രി എട്ടോടെ സ്‌റ്റേഷനില്‍ എത്തിയ രക്ഷിതാക്കള്‍ കുട്ടിയുമായി മടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















