ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക, പാചകക്കാരായി നില്‍ക്കുന്നത് കുളിക്കാത്തവരും കൈയ്യില്‍ വ്രണമുള്ളവരും

ഹോട്ടല്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്. നല്ല രുചികരമായ ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ഹോട്ടലുകള്‍ കയറുന്നവര്‍ ഇനി മുതല്‍ ശ്രദ്ധിക്കുക. ഭക്ഷണം രുചികരം തന്നെയായിരിക്കും പക്ഷെ, ഹോട്ടല്‍ അടുക്കളയില്‍ പോയി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം പിന്നീട് കഴിക്കേണ്ടി വരില്ല.കാരണം, അത്രയ്ക്ക് വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇതെല്ലാം പാചകം ചെയ്യുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഭക്ഷണം കഴിക്കാന്‍ പോകുന്നവര്‍ വല്ലപ്പോഴും കയറുന്ന ഹോട്ടലുകളുടെ അടുക്കളയില്‍ പരിശോധന നടത്തുന്നതു നല്ലതായിരിക്കും.
ഇല്ലെങ്കില്‍ വയറിന് പണി കിട്ടും. ഹോട്ടലുകളില്‍ കയറിയാല്‍ കിട്ടുന്നതെല്ലാം കഴിക്കുന്നവരാണല്ലോ മലയാളികള്‍. നഗരത്തിലെ ഹോട്ടലുകളില്‍ പണിയെടുക്കുന്നവരില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നതും താമസിക്കുന്നതും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. ഇന്നലെ തിരുനക്കര മൈതാനത്തെ ബ്ലേഡ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിയെ പിടികൂടാനായി പോലീസ് നടത്തിയ അന്വേഷണത്തിലാണു ഹോട്ടല്‍ തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളിലെ വൃത്തിഹീനമായ അന്തരീക്ഷം കണ്ടെത്തിയത്. തിരുനക്കര സംഭവത്തില്‍ പരുക്കേറ്റയാളും ആക്രമണം നടത്തിയയാളും ഹോട്ടല്‍ തൊഴിലാളികളായിരുന്നു.
ഇവരുള്‍പ്പെടെ നൂറിലേറെ ഹോട്ടല്‍ തൊഴിലാളികള്‍ ഹോട്ടലുകളില്‍ മാറി മാറി ജോലി ചെയ്തിരുന്നവരാണ്. മൂന്നു ദിവസം ഒരു ഹോട്ടലില്‍ ജോലി ചെയ്താല്‍ പിന്നെ ഒരു ദിവസം അവധിയെടുത്തു മദ്യപിച്ച് ഏതെങ്കിലും കടത്തിണ്ണയില്‍ കിടന്നുറങ്ങും. പിറ്റേന്ന് ഏതെങ്കിലും ഹോട്ടലില്‍ ജോലിക്കു കയറും. ചായ അടിക്കാനും രുചികരമായി ഭക്ഷണം പാകം ചെയ്യാനും അറിയാവുന്നവര്‍ കുറവായതിനാല്‍ ഇവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ജോലി ലഭിക്കുകയും ചെയ്യുമെന്നാണ് യാഥാര്‍ത്ഥ്യം. ബ്ലേഡ് ആക്രമണനാള്‍ നഗത്തിലെ നൂറ്റമ്പതോളം ഹോട്ടല്‍ തൊഴിലാളികളെ താമസ സ്ഥലത്തും ജോലി സ്ഥലത്തുമായി പോലീസ് ചോദ്യം ചെയ്തിരുന്നു.
സോറിയാസിസ് രോഗത്തെത്തുടര്‍ന്ന് കൈപ്പത്തി വരെ വ്രണമായിരിക്കുന്നയാള്‍ പൊറോട്ടയ്ക്കു കുഴയ്ക്കുന്നതും നാലു ദിവസത്തിലേറെയായി കുളിക്കാത്തയാള്‍ പാചകം ചെയ്യുന്നതുമൊക്കെ പോലീസ് കണ്ടെത്തി. ഭൂരിഭാഗവും വൃത്തിഹീനമായ സാഹചര്യത്തിലാണ് കഴിഞ്ഞിരുന്നത്. ടി.ബി. സോറിയാസിസ് തുടങ്ങി ഏതെങ്കിലും രോഗമില്ലാത്തവര്‍ വിരളമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. പാചകത്തിനിടയില്‍ പുക വലിക്കുന്നവരും മുറുക്കുന്നവരും ധാരാളം. നിരോധിത ലഹരി ഉപയോഗിക്കുന്നവരെയും കണ്ടെത്തി. പലരും യാതൊരു തിരിച്ചറിയല്‍ കാര്‍ഡുകളുമില്ലാതെയാണു ജോലി ചെയ്തതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഒരു വിഭാഗം സ്ഥിരമായി ഹോട്ടലുകളില്‍ മാറി മാറി ജോലി ചെയ്തിരുന്നു.
എന്നാല്‍, മറ്റു ചിലര്‍ ഒന്നോ രണ്ടോ മാസം ഹോട്ടലില്‍ ജോലി ചെയ്ത ശേഷം അവിടെനിന്നു മോഷണം നടത്തി മുങ്ങുന്നവരാണ്. രാവിലെ തിരുനക്കര ബസ് സ്റ്റാന്‍ഡിനു മുന്നിലെത്തുന്ന ഇവരെ ആരെങ്കിലുമൊക്കെ ജോലിക്കു വിളിച്ചുകൊണ്ടുപോകുകയാണ് പതിവ്. ഇത്തരം കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ വളരെ കുറവുമാണ്. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡ് നല്‍കാന്‍ ആരോഗ്യവകുപ്പ് തയാറാകണമെന്ന ആവശ്യവും ശക്തമാണ്. ഹോട്ടല്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട് പോലീസ് കണ്ടെത്തിയ കാര്യങ്ങള്‍ സംബന്ധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഏതായാലും ഇനിയെങ്കിലും ഹോട്ടല്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. ഇല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നയാള്‍ക്ക് ഉടനടി പണി കിട്ടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















